ADVERTISEMENT

തിരുവനന്തപുരം ∙ ജനപ്രതിനിധികളുടെ മിച്ചഭൂമിയെ ചൊല്ലി രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെ, പരിധിയിലും അധികം ഭൂമി കൈവശമാക്കിയവരെ കണ്ടെത്താൻ ഭൂവുടമയുടെ തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്ന നടപടികൾ റവന്യു വകുപ്പ് ശക്തമാക്കുന്നു. ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും അതെല്ലാം ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന ഏകീകൃത സംവിധാനമാണിത്. ഇതിനായി എല്ലാ വില്ലേജ് ഓഫിസിലും ബയോ മെട്രിക് വിവരശേഖരണത്തിന് ആധാർ ഓതന്റിക്കേഷൻ ഉപകരണങ്ങൾ എത്തി. ആധാറുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിക്കാത്തവർക്കു വേണ്ടിയാണിത്. മൊബൈൽ നമ്പർ ബന്ധിപ്പിച്ചവർക്ക് റവന്യു വകുപ്പിന്റെ പോർട്ടലിലെ (Revenue e services) ലോഗിനിലൂടെ തണ്ടപ്പേർ തിരഞ്ഞെടുത്ത ശേഷം ഈ നടപടികൾ നേരിട്ടും നടത്താം. 

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ (ഏകീകൃത തണ്ടപ്പേർ) സംവിധാനം റവന്യു വകുപ്പ് ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. മിച്ചഭൂമി കണ്ടെത്തുക, ഒരാളുടെ പേരിൽ വ്യാജമായി ആധാരങ്ങളുടെ പോക്കുവരവ് തടയുക, ഭൂമി വിവരങ്ങൾ ഡിജി ലോക്കറിൽ സൂക്ഷിച്ച് വിദേശത്തുള്ളവർക്കുൾപ്പെടെ പരിശോധിക്കാനുള്ള സംവിധാനം, നികുതി അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ വേഗത്തിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

 ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും ഭൂമിയാണ് പരമാവധി കൈവശം വയ്ക്കാവുന്നത്.

 

 

തണ്ടപ്പേർ 3 കോടി, ആധാർ ബന്ധിപ്പിച്ചത്  15,200 പേർ

 

ഒരു വ്യക്തി ഭൂമിയുടെ ഉടമയാകുമ്പോൾ വില്ലേജിൽ നിന്നു ലഭിക്കുന്ന നമ്പറാണ് തണ്ടപ്പേർ. പല വില്ലേജുകളിലായി ഭൂമി ഉള്ളവർക്ക് ഒന്നിലധികം തണ്ടപ്പേരുകൾ ഉണ്ടാകും. സംസ്ഥാനത്ത് 3 കോടിയിൽ പരം തണ്ടപ്പേരുകളുണ്ട്. തണ്ടപ്പേരും ആധാറും ബന്ധിപ്പിച്ചത് 15,200 ഭൂവുടമകൾ മാത്രമാണ്. ഇതിനായി  46,366 പേരാണ് അപേക്ഷ നൽകിയത്. 29,237 എണ്ണത്തിൽ നടപടി പൂർത്തിയാക്കാനുണ്ട്. 1929 എണ്ണം നിരസിച്ചു.

 

 

Eglish Summary: Thandaper- Aadhaar linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com