ജാതി സെൻസസ് നടത്തണമെന്നു മുനീർ; കേസുള്ളതിനാൽ പറ്റില്ലെന്നു മന്ത്രി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്നും അതിനു സംസ്ഥാനങ്ങൾക്ക് ഭരണഘടന അധികാരം നൽകിയിട്ടുണ്ടെന്നും ഡോ.എംകെ.മുനീർ. എന്നാൽ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന് സെൻസസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നു മന്ത്രി കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.
10 വർഷം കൂടുമ്പോൾ സംവരണപ്പട്ടിക പുതുക്കണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കുകയാണെന്നു മുനീർ ചൂണ്ടിക്കാട്ടി. ജാതി സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രമാണു തീരുമാനിക്കേണ്ടതെന്ന നിലപാടാണു കേരളം കോടതിയിൽ സ്വീകരിച്ചത്. സംസ്ഥാനത്തിനു സെൻസസ് നടത്താനുള്ള എടുക്കാനുള്ള അവകാശം ഭരണഘടനാ ഭേദഗതിയിലൂടെ തിരിച്ചു കിട്ടിയിട്ടുണ്ട്. സെൻസസിന് സർക്കാർ അനുകൂലമാണോ എതിരാണോ എന്നു വ്യക്തമാക്കണം. ബിഹാറിൽ നടത്തിയെങ്കിൽ നമുക്കെന്താണു പറ്റാത്തതെന്നും ശ്രദ്ധക്ഷണിക്കലിൽ മുനീർ ചോദിച്ചു.
ഭരണഘടനയുടെ 246–ാം അനുച്ഛേദം അനുസരിച്ച് ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണെങ്കിലും ഭേദഗതി പ്രകാരം സെൻസസിനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ടെന്നു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. മാനവ ഐക്യവേദി മൈനോറിറ്റി ഇന്ത്യൻസ്, പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് എന്നീ സംഘടനകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സെൻസസുമായി ബന്ധപ്പെട്ടു കേസ് നൽകിയിട്ടുണ്ട്. ഇൗ കേസിലെ വിധി വരെ കാത്തിരിക്കാനാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. വിധി ലഭിച്ചാൽ കേരളവും ജാതി സെൻസസ് നടത്തും. 2011ലെ സെൻസസ് വിവരങ്ങൾ പലവട്ടം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കൈമാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.