അപകടം നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെ
Mail This Article
എടത്വ∙ കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേർപാട്. നീരേറ്റുപുറത്തു പമ്പയാറിന്റെ കരയിലെ പഴയ വീട് ഒന്നര വർഷം മുൻപാണു പുതുക്കി നിർമിച്ചത്. ആഗ്രഹിച്ചു പണിത വീട്ടിൽ രണ്ടു മാസത്തോളം മാത്രമേ മാത്യുവിനും കുടുംബത്തിനും താമസിക്കാനായുള്ളൂ.
ഗൃഹപ്രവേശന കർമം നടത്തിയ ശേഷം രണ്ടു തവണ നാട്ടിലെത്തിയെങ്കിലും അവധി കുറവായിരുന്നതിനാൽ വേഗം മടങ്ങേണ്ടി വന്നു. വെള്ളം കയറാതിരിക്കാൻ തറനിരപ്പ് ഉൾപ്പെടെ ഉയർത്തിയാണ് എല്ലാ സൗകര്യങ്ങളുമുള്ള വീട് നിർമിച്ചത്. അമ്മ റേച്ചൽ തോമസിനു പ്രമേഹവും പ്രായത്തിന്റെ അവശതകളുമുണ്ട്. അമ്മ വീട്ടിൽ തനിച്ചായതിനാൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു.
ഞെട്ടൽ മാറാതെ പുത്തൻപറമ്പിൽ വീട്
പുലർച്ചെ ബന്ധുക്കൾ വീട്ടിലെത്തി പറഞ്ഞപ്പോഴാണ് മകളുടെയും കുടുംബത്തിന്റെയും മരണവാർത്ത തലവടി അർത്തിശേരി പുത്തൻപറമ്പിൽ പി.െക.ഏബ്രഹാമും ഭാര്യ ഡില്ലി ഏബ്രഹാമും അറിയുന്നത്.
‘‘നാട്ടിലെത്തിയാൽ അവർ എല്ലാവരെയും ചെന്നു കാണും.’’– ഏബ്രഹാം പറഞ്ഞു. ഇത്തവണ നാട്ടിലെത്തിയപ്പോഴും എല്ലാ ബന്ധുക്കളെയും കണ്ടിരുന്നു. ഞങ്ങൾക്കൊപ്പം അവർ ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദയാത്രയും നടത്തി.’’ യാത്രയിൽ എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നെന്നും ഏബ്രഹാം പറഞ്ഞു.