500 മെഗാവാട്ട് വൈദ്യുതി കിട്ടാനുള്ള കരാറിലേക്ക് കെഎസ്ഇബി
Mail This Article
തിരുവനന്തപുരം ∙ അടുത്ത 15 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിന്റെ ടെൻഡർ നടപടികളിലേക്കു കടക്കാൻ കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. കേന്ദ്രം അനുവദിച്ച കൽക്കരി (കോൾ) ലിങ്കേജ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് കേരളത്തിലെത്തിക്കുന്നതിനുള്ള കരാറിന്റെ മാതൃകാ ബിഡിങ് രേഖകളിൽ കെഎസ്ഇബി ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയാണ് റഗുലേറ്ററി കമ്മിഷൻ തുടർ നടപടികൾക്ക് അനുമതി നൽകിയത്.
10 വർഷം മുൻപ് ബിഡിങ് രേഖകളിൽ മാറ്റം വരുത്തി കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്കു വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടത് റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. ഈ അബദ്ധമുണ്ടാകാതിരിക്കാനാണ് ഇത്തവണ ടെൻഡർ നടപടികളിലേക്കു കടക്കും മുൻപു തന്നെ കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്. ബിഡിങ് രേഖകളിൽ മാറ്റം വരുത്തിയാൽ അതിന് റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം തേടണമെന്നാണ് കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥ. 10 പ്രധാന മാറ്റങ്ങളാണ് രേഖകളിൽ കെഎസ്ഇബി വരുത്തിയത്. ഈ രംഗത്തു പരിചയമുള്ള പവർ ഫിനാൻസ് കോർപറേഷനാണ് മാറ്റം വരുത്തിയത് .
∙ വേനൽക്കാലത്ത് കുറഞ്ഞ നിരക്കിൽ
വൈദ്യുതി ഉറപ്പാക്കണമെന്ന് കമ്മിഷൻ
ഫെബ്രുവരിയിൽ ടെൻഡർ നടപടികളിലേക്കു കടന്നാൽ ഏപ്രിലിൽ കരാർ പ്രകാരം വൈദ്യുതി ലഭിച്ചു തുടങ്ങും വിധമാണ് കെഎസ്ഇബി ഷെഡ്യൂൾ നൽകിയത്. ഇതിൽ സംശയം പ്രകടിപ്പിച്ച കമ്മിഷൻ ഈ സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി. വേനൽക്കാലത്ത് രാത്രി വൈദ്യുതി ഉപയോഗം കൂടുന്ന സമയത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നു ബാങ്കിങ് കരാർ മുഖേന വൈദ്യുതി വാങ്ങുകയും മഴക്കാലത്ത് തിരികെ നൽകുകയും ചെയ്യാനുള്ള ടെൻഡർ ഇന്നലെ കെഎസ്ഇബി തുറന്നു. ഗുണകരമായ ടെൻഡറുകളില്ലെങ്കിൽ പകരം കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്നവിധം ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടാനാണു നിർദേശം.