ADVERTISEMENT

ജീവവായുവെന്ന പേരു തന്നെ മറന്നുതുടങ്ങിയ വായുവും തെളിനീരകന്ന നദികളും വിള്ളൽ വീണ ഓസോൺ പാളിയും... മനുഷ്യദുരയുടെ നീരാളിപ്പിടുത്തത്തിൽ  പ്രകൃതിപോലും പകച്ചുനിൽക്കേയാണ് ഒരു മഹാമാരി ലോകത്തെ ഗ്രസിക്കുന്നത്. സാമ്പത്തികമായും വ്യാവസായികമായും മനുഷ്യന് അതു നഷ്ടം മാത്രം നൽകിയപ്പോൾ പുനർജന്മം അനുഭവിച്ചതു പ്രകൃതി കൂടിയാണ്. വലിച്ചെറിയപ്പെടുന്നവയും കെട്ടിപ്പൊക്കുന്നവയും പെട്ടെന്നു കുറഞ്ഞപ്പോൾ തന്നെ നാട്ടിലെ പുഴകളും തെളിനീരണിഞ്ഞു തുടങ്ങി. ഉടല്‍ മുറിഞ്ഞ നദികളുടെ പുനരവതാരം, ഉറവകളെ തട്ടിയെഴുന്നേൽപ്പിച്ച് തെളിനീർ നിറയുന്ന പുഴകൾ...  കോവിഡും ലോക്‌ഡൗണും മനുഷ്യരെ തടവിലാക്കിയപ്പോൾ അക്ഷരാർഥത്തിൽ  ഈ നദികളാണ് പുനർജന്മം നേടിത്തുടങ്ങിയത്.

പമ്പേ...അംബേ...പാലാഴിപോലും നിനക്കു പിമ്പേ...

‘പാപം മറിച്ചിട്ടാൽ പമ്പ, പാപം മരിച്ചിടാൻ പമ്പ, പാപനാശിനി പമ്പ, പൂർണ്ണപുണ്യദായിനി പമ്പ...’ 1988 ൽ ‘അയ്യപ്പഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റ് പരമ്പരയിലെ എട്ടാം വോള്യത്തിനായി ആർ.കെ.ദാമോദരൻ കുറിച്ച വരികൾ. ടി.എസ്.രാധാകൃഷ്ണന്റെ ഭക്തിനിർഭരമായ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസ് തന്നെ പാടിയപ്പോൾ ഭക്തലക്ഷങ്ങൾ മനസ്സേറ്റിയ ഗാനം. ‘പമ്പേ...അംബേ... പാലാഴി പോലും നിനക്കു പിമ്പേ’ എന്നു കൂടി തുടരുന്ന ഈ ഗാനം കേട്ടാലറിയാം ദശാബ്ദങ്ങൾക്കു മാത്രം മുൻപ് പമ്പാനദിയുടെ തെളിനീർ സമൃദ്ധി.

സമുദ്രനിരപ്പിൽ നിന്നു 1650 അടി ഉയരെ ഇടുക്കി ജില്ലയിലെ പീരുമേടിലെ പുളിച്ചിമലയിൽ ഉത്ഭവിക്കുന്ന പമ്പ കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി കൂടിയാണ്. ലോകപ്രസിദ്ധമായ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ സാന്നിധ്യത്തിൽ പുണ്യനദിയെന്ന് കൂടി അറിയപ്പെടുന്ന പമ്പ പത്തനംതിട്ട ജില്ലയുടെയും കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിന്റെയും പ്രധാന ജലസ്രോതസ്സാണ്. 

pamba-river-1

എന്നാൽ കേരളത്തിലെ ഈ പുണ്യനദിയെക്കുറിച്ച് പിന്നിട്ട കുറച്ചു വർഷങ്ങളായി കേൾക്കുന്നത് അത്ര ശുഭകരമായ വാർത്തകളല്ല. ഗംഗയും യമുനയും പോലെ മാലിന്യത്തിന്റെ അതിപ്രസരം തന്നെയാണ് പമ്പയും നേരിട്ട പ്രശ്നം. പമ്പയിലും അതിന്റെ കൈവഴികളിലും മാലിന്യത്തിൽ നിന്നും വിസർജ്യത്തിൽ നിന്നും വെള്ളത്തിൽ കലരുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് ജലത്തെ മലിനമാക്കുന്നത്. എന്നാൽ ലോക്ഡൗൺ പമ്പയ്ക്കു ഒരൽപം രക്ഷപകർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

സംസ്ഥാന മലിനീകരണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2019 ഡിസംബറിൽ 100 മില്ലിലീറ്റർ ജലത്തിൽ  6350 സിഎഫ്സി ആയിരുന്നു പമ്പ ഡൗൺസ്ട്രീമിൽ കോളിഫോം ബാക്ടീരിയയുടെ അളവ്. പമ്പ ത്രിവേണി, പമ്പയുടെ കൈവഴികളായ കക്കിയാർ, കൊച്ചുപമ്പ, ഞങ്ങിയാർ എന്നിവിടങ്ങളിൽ 8900, 2500,1650,8400 എന്നിങ്ങനെയായിരുന്നു. 2020 ജനുവരിയിലാകട്ടെ ഇതിന്റെ തോത് ക്രമാതീതമായി ഉയർന്നു. 17900, 5200, 8400, 5800, 44000 എന്നിങ്ങനെയായി പമ്പ ഡൗൺസ്ട്രീം, ത്രിവേണി, കക്കിയാർ, കൊച്ചുപമ്പ, ഞങ്ങിയാർ എന്നിവിടങ്ങളിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ്. 2019 ജനുവരിയിലാകട്ടെ പമ്പയിൽ ഈ ബാക്ടീരിയയുടെ അളവ് 24,000  ആയിരുന്നു, 2018 ൽ 38,500ഉം. നദീജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ പരമാവധി പരിധി 5000 ആണെന്നതു കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം.

sabarimala-pilgrims-pamba
ഫയൽ ചിത്രം

എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ച ഈ വർഷം മാർച്ച് മുതൽ ഇതിന്റെ അളവിൽ കാര്യമായ കുറവുണ്ടായി. മാർച്ചിൽ 100 മില്ലിലീറ്ററിൽ 900 സിഎഫ്സി ആയിരുന്നു പമ്പ ഡൗൺസ്ട്രീമിലെ ബാക്റ്റീരിയയുടെ അളവ്. ഏപ്രിലിൽ ഇത് വീണ്ടും താഴ്ന്ന് 470 ൽ എത്തി. മേയിൽ ഇത് 320 എന്ന നിലയിലായി. പമ്പ ത്രിവേണി, കൈവഴികളായ കക്കിയാർ, കൊച്ചുപമ്പ, ഞങ്ങിയാർ എന്നിവിടങ്ങളിൽ മേയിൽ ഇത് യഥാക്രമം 140, 80,60, 230 എന്നിങ്ങനെയായാണ് കുറഞ്ഞത്. ലോക്ഡൗണിൽ പമ്പയിലെ ജലത്തിന്റെ ഗുണനിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സാണ്ടർ ജോർജ് അഭിപ്രായപ്പെടുന്നത്. 

ലോക്ഡൗണിനു മുമ്പ് 1000 ത്തിനു മുകളിലായിരുന്നു മിക്ക ഇടങ്ങളിലും കോളിഫോം കൗണ്ട്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചശേഷമുള്ള മാസങ്ങളിൽ ഇത് അഞ്ഞൂറിൽ താഴേക്കു വന്നു. കോളിഫോമിന്റെ അളവു കുറഞ്ഞെങ്കിലും പൂർണമായി പമ്പ മലിനീകരണ മുക്തമായി എന്ന് ഇതിനു അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. 

INDIA-RELIGION-WOMEN

പമ്പയുടെ വഴിയിൽ കനോലി കനാലും

പമ്പ പോലെതന്നെ കേരളത്തിൽ മലിനീകരണത്തിനു പേരു കേട്ടതാണ് കോഴിക്കോട് നഗരത്തിലെ പ്രധാന ജലപാതയായ കനോലി കനാൽ. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം നടത്തിയ പരിശോധനയിൽ കനോലി കനാലിലും കോളിഫോം ബാക്റ്റീരിയയുടെയും മലിനീകരണത്തിനു കാരണമായ മറ്റു ഘടങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടായെന്നും ജലത്തിന്റെ നിലവാരം ഉയർന്നതായും കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്ര(സിഡബ്ല്യുആർഡിഎം)ത്തിലെ ശാസ്ത്രജ്ഞൻ ഡോ.പി.എസ്. ഹരികുമാർ അഭിപ്രായപ്പെടുന്നു.

തെളിഞ്ഞൊഴുകുന്ന കനോലി കനാലിന്റെ ദൃശ്യം കളിപ്പൊയ്കയ്ക്കു സമീപത്ത് നിന്ന്.
തെളിഞ്ഞൊഴുകുന്ന കനോലി കനാലിന്റെ ദൃശ്യം കളിപ്പൊയ്കയ്ക്കു സമീപത്ത് നിന്ന്

കോഴിക്കോട് കല്ലായിപ്പാലം മുതൽ അകലാപ്പുഴയും കനോലി കനാലും ചേരുന്ന സ്ഥലം വരെയുള്ള 10 കേന്ദ്രങ്ങളിൽ നിന്നു മേയ് അവസാന വാരം ശേഖരിച്ച് വെള്ളത്തിന്റെ സാംപിളും ഫെബ്രുവരിയിൽ ശഖരിച്ച സാംപിളും തമ്മിൽ സിഡബ്ല്യുആർഡിഎം നടത്തിയ താരതമ്യ പഠനത്തിലാണ് വെള്ളത്തിന്റെ ഗുണമേന്മ വർധിച്ചതായി കണ്ടെത്തിയത്. ഫെബ്രുവരിയിൽ കോളിഫോം ബാക്റ്റീരിയയുടെ അളവ് ആയിരത്തിനു മുകളിലായിരുന്നെങ്കിൽ മേയിൽ  ഒരു കേന്ദ്രത്തിലൊഴികെ ബാക്കി എല്ലായിടത്തും 500 സിഎഫ്സിയിൽ താഴെയാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെയും കനോലി കനാലിലെയും മാറ്റം കേരളത്തിലെ മറ്റു നദികളിലും പ്രതിഫലിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

അതുപോലെ ഫെബ്രുവരിയിൽ 7.4 ആയിരുന്നു വെള്ളത്തിന്റെ പിഎച്ച് മൂല്യം. മേയിൽ അത് 8.6 ആയി ഉയർന്നു. ലയിച്ചു ചേർന്ന ഓക്സിജന്റെ അളവ് 1.67 മുതൽ 4.22 മില്ലിഗ്രാം/ലീറ്റർ വരെ ആയിരുന്നത് 5.33 ആയി വർധിച്ചു. വെള്ളത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പിനു വേണ്ടിയുള്ള ഓക്സിജന്റെ അളവാണിത്. 

വെള്ളത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ വിഘടനത്തിനു വേണ്ട ഓക്സിജന്റെ (ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്) അളവ് ഫെബ്രുവരിയിൽ 41 മില്ലിഗ്രാം/ലീറ്റർ ആയിരുന്നു. മേയിൽ ഇത് 8.2 ആയി കുറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം അനുസരിച്ച് 30 മില്ലിഗ്രാം/ലീറ്റർ ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ് അനുവദനീയമായ പരിധി.

തെളിനീരായി ഗംഗയും യമുനയും

‘‘ലോക്ഡൗൺ പിന്നിടുമ്പോൾ പാപങ്ങൾ കഴുകിക്കളയാനെത്തുന്ന നമ്മളെ ഏറ്റെടുക്കാൻ അത് സ്വയം ശുദ്ധീകരിച്ചിരിക്കുന്നു.’’ ഹരിദ്വാരിലെ ഹർ കി പുരിയിൽ ഗംഗാ നദി ഒഴുകുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദ കുറിച്ച വാക്കുകൾ. സ്ഫടികം പോലൊഴുകുന്ന ജലത്തിലൂടെ നദിയുടെ അടിത്തട്ടിലെ കല്ലുകള്‍ വരെ വ്യക്തമായി കാണാൻ സാധിക്കുന്ന ഋഷികേശിലെ ലക്ഷ്മൺ ഝൂലയിൽ നിന്നുള്ള പുണ്യനദിയുടെ ദൃശ്യവും അദ്ദേഹം ടിറ്ററിൽ പങ്കുവച്ചു. രാജ്യത്തെ ഏറ്റവും വലിയ നദിയായ ഗംഗ മലിനീകരണത്തിലും മുന്നിൽ തന്നെയായിരുന്നു. കോടികൾ ചെലവഴിച്ച് വർഷങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്തിട്ടും കാര്യമായ മാറ്റം ദൃശ്യമാകാത്ത ഗംഗയെ തെളിനീരണിയിക്കാൻ വെറും മൂന്നു മാസവും ലോക്ഡൗണും മാത്രമാണ് വേണ്ടിവന്നത്. ‌‌

Yamuna river regains sparkle as virus lockdown banishes waste
യമുന നദി

ഗംഗയുടെ പ്രധാന പോഷക നദിയും രാജ്യതലസ്ഥാനത്തിന്റെ ജീവനാഡിയുമായ യമുനയും 25 വർഷത്തിനു ശേഷം ഇതാദ്യമായി തെളിനീരായി ഒഴുകിത്തുടങ്ങി. വ്യവസായശാലകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതോടെ യമുന സ്വയം ശുദ്ധീകരിക്കപ്പെട്ടു. നദിയുടെ തെളിമ വർധിച്ചു, വ്യവസായ മാലിന്യങ്ങൾ നിറഞ്ഞ് പതഞ്ഞു പൊങ്ങുന്ന നദിയുടെ കാഴ്ച ഇപ്പോഴില്ല.

‘അൺലോക്ക്’ ആകുമ്പോൾ നദികൾ

മനുഷ്യരെല്ലാം വീട്ടകങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ, വ്യവസായശാലകളും മറ്റും പ്രവർത്തനരഹിതമായപ്പോൾ, മാലിന്യങ്ങൾ ഒഴുകിയെത്തുന്നതിൽ കാര്യമായ കുറവുണ്ടായപ്പോൾ നദികളെല്ലാം സ്വയം ശുദ്ധമാക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മലിനമായ ആറാമത്തെ നദിയായ ഗംഗയെ ശുദ്ധീകരിക്കാൻ 2016 വരെ ചെലവാക്കിയത് ഏകദേശം  2,958 രൂപയാണ്, യമുനയ്ക്കായി ഇക്കാലയളവിൽ ചെലവഴിച്ചത് 5000 കോടി രൂപയും. കേരളത്തിലെ പമ്പ ആക്‌ഷൻ പ്ലാനിനായി 2002 ൽ അനുവദിച്ചതാകട്ടെ 320 കോടി രൂപ. പല ഘട്ടങ്ങളിലായി ഈ നദികൾ ശുദ്ധീകരിക്കാൻ കോടികൾ ഒഴുക്കിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഇപ്പോഴാകട്ടെ ഒരു ചെലവുമില്ലാതെ നദികൾ സ്വയം ശുദ്ധമാകുകയും ചെയ്തു. വ്യവസായശാലകളിലെ മാലിന്യം കൂടി നിറഞ്ഞ് കരിനിറമണിഞ്ഞ നദികളെല്ലാം വെട്ടിത്തിളങ്ങിത്തുടങ്ങുന്ന കാഴ്ചകൾ.

 Ganga near Lakshman Jhula in Rishikesh
ഋഷികേശിലെ ലക്ഷ്മൺ ഝൂലയിൽ നിന്നുള്ള ഗംഗ നദിയുടെ ദൃശ്യം

എന്നാൽ രാജ്യം ‘ലോക്ക്’ അകന്ന് ‘അൺലോക്ക്’ ആകുന്നതോടെ ഈ അവസ്ഥ മാറിമറിഞ്ഞേക്കും. ഒരു മഹാമാരികൊണ്ടെങ്കിലും തിരിച്ചുകിട്ടിയ പ്രകൃതിസമ്പത്തിനെ ഇതേരീതിയിൽ ഇനിയെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ രാജ്യത്തെ പൗരന്മാർക്കു സാധിക്കുമോ എന്നതാണു കാത്തിരുന്നു കാണേണ്ടത്.  ജലാശയങ്ങൾ എത്ര നന്നായി ഒഴുകുമെന്നതിനു തെളിവാണ് ലോക്ഡൗൺ കാലം.

വ്യവസായ ശാലകൾ പുനഃരാരംഭിക്കുമ്പോൾ, മാലിന്യങ്ങൾ നിക്ഷേപിക്കാൻ ജനം പുറത്തിറങ്ങുമ്പോൾ, ഇതായിരിക്കുമോ അവസ്ഥ. ശക്തമായ സർക്കാർ നടപടികളിലും പ്രക‌ൃതിക്കും നന്മയൊരുക്കണമെന്ന കൂട്ടായ പൗരബോധത്തിലും മാത്രമേ നിലവിലെ അവസ്ഥ തുടരാനാകൂ...അല്ലെങ്കിൽ സ്വയംശുദ്ധീകരിക്കാൻ മറ്റൊരു പ്രളയമായോ, മഹാമാരിയായോ പ്രകൃതി വീണ്ടുമെത്തും.

English Summary: Pamba river after lockdown period

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com