ഹിമാംശു കലിയ: പാവങ്ങളുടെ സ്വന്തം ആംബുലൻസ് മാൻ

Mail This Article
മരണക്കിടക്കയിൽ കിടന്ന അച്ഛനെ രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി പലരുടെയും വാതിലിൽ മുട്ടിവിളിച്ച് ഒടുവിൽ നിരാശനായി തിരിച്ചുനടന്നപ്പോൾ ഹിമാംശു കലിയ എന്ന പയ്യന് വെറും 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് ലോകത്തോടു മുഴുവൻ തോന്നിയ ദേഷ്യത്തിനപ്പുറം കലിയ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. ഇനി ആർക്കും ഈ ഗതി വരരുത്. 25 വർഷങ്ങൾക്കിപ്പുറം കലിയ ഇപ്പോൾ ആ വാക്ക് പാലിക്കുന്നു. ആരുമില്ലാത്തവർക്കും പാവങ്ങൾക്കും വേണ്ട സമയത്ത് ഉടൻ വൈദ്യ സഹായം എത്തിച്ചുകൊടുക്കുക എന്നത് ജീവിതലക്ഷ്യമാക്കി മാറ്റിയ കലിയയെ ഡൽഹി നഗരം സ്നേഹത്തോടെ പേര് വിളിച്ചു; ആംബുലൻസ് മാൻ.
രോഗികൾക്ക് അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസ് ലഭ്യമാക്കി ആശുപത്രിയിലെത്തിക്കുക മാത്രമല്ല കലിയ ചെയ്യുന്നത്. അവരുടെ തുടർ പരിചരണത്തിനും ആശുപത്രിസന്ദർശനങ്ങൾക്കുമുള്ള സഹായം കൂടി ചെയ്തുവരുന്നുണ്ട്. അത്യാസന്ന നിലയിൽ ഉള്ളവർക്ക് രക്തം എത്തിച്ചുകൊടുക്കുന്നതുൾപ്പെടെ നീളുന്നു കലിയയുടെ സേവനങ്ങൾ. മൂന്നു വയസ്സുള്ള ഒരു കൊച്ചുകുഞ്ഞ് രക്തം കിട്ടാത്തതുമൂലം മരണമടഞ്ഞ വാർത്ത അറിഞ്ഞപ്പോൾ കലിയ ഓർത്തത് അതേ പ്രായത്തിലുള്ള സ്വന്തം മകളെക്കുറിച്ചാണ്. ഡൽഹി പോലെ ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മഹാനഗരത്തിൽ എന്തുകൊണ്ട് ചിലപ്പോഴെങ്കിലും രോഗികൾ രക്തം കിട്ടാതെ മരിക്കുന്നു എന്ന ആലോചനയിൽനിന്നാണ് രക്തദാതാക്കളുടെ ഡയറക്ടി തയാറാക്കാനുള്ള തീരുമാനത്തിലേക്ക് കലിയ എത്തിയത്. രക്തം ദാനം ചെയ്യാൻ സന്നദ്ധരായ 15 ലക്ഷംപേരുടെ വിവരങ്ങൾ ഇപ്പോൾ കലിയ തയാറാക്കിയ ഡയറക്ടറിയിൽ ഉണ്ട്.

25 വർഷങ്ങൾക്കു മുൻപ് അച്ഛന് ഡൽഹി നഗരത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛന്റെ അവസ്ഥ ഗുരുതരമായപ്പോൾ ആശുപത്രിക്കാർ കയ്യൊഴിഞ്ഞു; കൂടുതൽ സൗകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപൊയ്ക്കൊള്ളാൻ അവർ പറഞ്ഞു. ആംബുലൻസിനുവേണ്ടി ശ്രമിച്ചെങ്കിലും അത് തരപ്പെടുത്താൻ സാധിച്ചില്ല. കണ്ണിൽ ഇരുട്ടു കയറിത്തുടങ്ങിയ ആ നിമിഷത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് സഹായവുമായി മുന്നോട്ടുവന്നത്. അച്ഛനെ എയിംസിലേക്ക് കൊണ്ടുപോയത് അയാളുടെ ഓട്ടോയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ച് ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ അയാൾ ഇരുട്ടിലേക്കു മറഞ്ഞു. പക്ഷേ അപ്പോഴേക്കും അൽപം വൈകിയിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയതുമൂലം അച്ഛൻ കോമ അവസ്ഥയിൽ എത്തിയിരുന്നു. അച്ഛൻ രണ്ടര വർഷം ആ കിടപ്പ് കിടന്നു.
ജീവിതത്തിന്റെ ചെറുവിരലനക്കങ്ങളിലേക്ക് അദ്ദേഹം തിരികെയെത്താൻ പിന്നെയും എത്രയോവർഷം കാത്തിരിക്കേണ്ടിവന്നു. ആ സങ്കടകാലമാണ് മറ്റുള്ളവർക്ക് സൗജന്യ ആംബുലൻസ് സേവനം ഉറപ്പാക്കുക എന്ന സ്വപ്നത്തിലേക്ക് കലിയയെ കൈപിടിച്ചുകൊണ്ടുപോയത്.
വിവാഹം കഴിച്ചപ്പോൾ സ്ത്രീധനമായി ഒന്നും തരരുതെന്ന് അപേക്ഷിച്ച കലിയയുടെ ജീവിതസ്വപ്നം മനസ്സിലാക്കിയ ഭാര്യവീട്ടുകാർ അദ്ദേഹത്തിന് ഒരു ആംബുലൻസ് സമ്മാനമായി നൽകി. ഭാര്യ ട്വിങ്കിളും കലിയയുടെ സേവനമനസ്സിനു കൂട്ടുനിന്നു. ഇപ്പോൾ ഡൽഹി നഗരത്തിൽ 20ൽ ഏറെ ആംബുലൻസുകളാണ് കലിയ സൗജന്യ സേവനം ഉറപ്പാക്കി ലഭ്യമാക്കിയിരിക്കുന്നത്. കലിയയുടെ നല്ലമനസ്സ് കേട്ടിഞ്ഞ ഒട്ടേറെപേർ അദ്ദേഹത്തിനു സഹായവുമായി വരികയും ചെയ്തു. സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ഈ കോവിഡ് ദുരിതകാലത്തും കലിയയുടെ ആംബുലൻസുകൾ നഗരത്തിലൂടെ പാഞ്ഞുകൊണ്ടേയിരിക്കുന്നു, ചോര വാർന്നൊലിക്കുന്നവർക്കും വേദനിക്കുന്നവർക്കും സാന്ത്വനത്തിന്റെ കൈലേസുമായി.
English Summary: Himanshu Kalia: Ambulance man Delhi