ADVERTISEMENT

മലപ്പുറം ∙ സിപിഎം സംസ്ഥാന സമിതിയംഗം കെ.അനിൽ കുമാറിന്റെ വിവാദ പ്രസ്താവന, തിരുത്തൽകൊണ്ടു മാത്രം തീരുന്ന വിഷയമല്ലെന്നും സമീപനത്തിന്റെ കൂടി കാര്യമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തിൽ അവർക്ക് തെറ്റുവന്നു എന്നതുതന്നെ അതിശയകരമാണ്. തിരുത്തേണ്ട സാഹചര്യം ഉണ്ടാക്കാൻ പാടില്ലാത്തതായിരുന്നു. ഇത്തരമൊരു സമീപനം സിപിഎമ്മിന് എങ്ങനെയുണ്ടായി എന്നത് വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"സിപിഎം കൂടി ഭാഗമായ ഇന്ത്യ മുന്നണിയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണിത്. വിശ്വാസം, ഭക്ഷണം, സംസ്കാരം, വസ്ത്രധാരണം എന്നിവയെല്ലാം ഓരോരുത്തരുടേയും താൽപര്യമാണ്. ഈ വിഷയത്തിൽ ഉറച്ച നിലപാടു സ്വീകരിച്ചതോടെയാണ് കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചത്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വസ്ത്രധാരണരീതി മാറ്റാനായത് വിപ്ലവമാണെന്ന് പറഞ്ഞത് അതിശയകരം തന്നെയാണ്. ഇപ്പോഴും പാർട്ടി അത്തരം സമീപനം പുലർത്തുന്നതിനെ അംഗീകരിക്കാനാവില്ല. പാർട്ടി സെക്രട്ടറി പ്രസ്താവന തള്ളിക്കളയുമ്പോഴേക്കും തീരുന്ന പ്രശ്നമല്ല ഇത്. 

ബിജെപി ഏറ്റവും കൂടുതൽ ആയുധമായി ഉപയോഗിക്കുന്ന ഒരു വിഷയം എന്തിന് അവർ ഉപയോഗിച്ചു എന്നതാണ് പ്രശ്നം. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. അതേ സമീപനം സിപിഎം സ്വീകരിച്ചാൽ ഗൗരവതരമായ വിഷയമാണ്. അബദ്ധം പറ്റിയതാണെങ്കിൽ തിരുത്താം, എന്നാൽ ഇത് സമീപനത്തിന്റെ പ്രശ്നമാണ്. ന്യൂനപക്ഷത്തിനൊപ്പമാണെങ്കിൽ ഇത്തരമൊരു പ്രതികരണം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നു. സന്ദർഭം കിട്ടിയാൽ കൂടെനിൽക്കില്ലെന്ന തോന്നലാണ് അത് സൃഷ്ടിക്കുന്നത്. വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലുന്ന സമീപനത്തെ അംഗീകരിക്കാനാവില്ല. മതേതര കക്ഷികൾ ഒരുമിച്ച് നീങ്ങുന്ന കാലത്താണ് ഇങ്ങനെയൊരു പ്രസ്താവന വരുന്നത്."  -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summary: This Problem won't solve immediately after CPM refusing the statement; It's a matter of approach: PK Kunhalikutty in Veil Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com