രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കിൽ കടുത്ത നടപടി; പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടാൻ ആർജെഡി
Mail This Article
കോട്ടയം∙ എൽഡിഎഫിൽ ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്ന് കിട്ടിയില്ലെങ്കിൽ പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ തീരുമാനിക്കാൻ ആർജെഡി നീക്കം. ലോക്സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് പാർട്ടി.
മന്ത്രിസഭയിൽ പ്രാതിനിധ്യമെന്ന ആവശ്യം ഇനി നടക്കുമെന്ന പ്രതീക്ഷയും ആർജെഡിയ്ക്കില്ല. ലോക്സഭയ്ക്കും മന്ത്രിസഭയ്ക്കും പുറമെ രാജ്യസഭയിലും പ്രാതിനിധ്യമില്ലാതെ ആയാൽ പാർട്ടി പ്രവർത്തകരെ പിടിച്ചുനിർത്തുക പ്രയാസമാണ്. വടകരയിലും കോഴിക്കോടും ഉൾപ്പെടെ എൽഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച ആർജെഡി പ്രവർത്തകരെ നിരാശരാക്കാനാകില്ലെന്നാണ് ആർജെഡി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തങ്ങളെ ഉഭയകക്ഷി ചർച്ചകളിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് ആർജെഡിയിലെ മുതിർന്ന നേതാക്കൾ. ലോക്സഭയിൽ സിപിഎം നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ട ആർജെഡിയ്ക്ക് പകരം ഉപാധിയായിരുന്നു ഒഴിവു വരുന്ന രാജ്യസഭ സീറ്റ്.
ആകെ മൂന്ന് രാജ്യസഭ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവ് വരുന്നത്. ഇതിൽ ജയിക്കാനാകുന്നത് രണ്ട് സീറ്റുകളിലാണ്. സീറ്റ് വിഭജനം സങ്കീര്‍ണമായതോടെ പാര്‍ട്ടികളുമായി പ്രത്യേകം ചർച്ച നടത്തി ധാരണയിലെത്താനാണ് സിപിഎം നീക്കം. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ചര്‍ച്ചയും അന്തിമ തീരുമാനവുമുണ്ടാവുകയുള്ളൂ. സീറ്റ് ആവശ്യത്തില്‍ സിപിഐയും കേരള കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചതിന് പിന്നാലെ ആര്‍ജെഡിയും ഒടുവിലായി എൻസിപിയും അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു.