മോദിയുടെ വിദ്വേഷ പ്രസംഗം ഏറ്റില്ല; സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് തള്ളിപ്പറഞ്ഞ ബൻസ്വാരയിൽ ബിഎപി വിജയം
Mail This Article
ജയ്പുർ∙ ‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റുകാർക്ക് വീതിച്ചുനൽകും’ – ഏപ്രിൽ 21ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ രത്നചുരുക്കം ഇത്രയുമായിരുന്നു. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞതോടെ പോളിങ് ശതമാനത്തിലുണ്ടായ ഇടിവിൽ ബിജെപിയുടെ ആത്മവിശ്വാസത്തിനേറ്റ പോറലിലാണ് വർഗീയത മുറ്റുന്ന പ്രസംഗത്തിന് മോദി മുതിർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിയുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് വ്യക്തം.
മോദി വിവാദ പരാമർശം നടത്തിയ ബൻസ്വാര തിരഞ്ഞെടുപ്പിൽ നിർണായക സ്ഥാനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ്. മോദിയുടെ പ്രസംഗത്തിനു പിറകേ ബൻസ്വാര വാർത്തയിൽ നിറഞ്ഞത് തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യരുത് എന്നഭ്യർഥിച്ച് കോൺഗ്രസ് തന്നെ രംഗത്തുവന്നതോടെയാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ഇവിടെ ഭാരതീയ ആദിവാസി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ നീക്കം. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച മണ്ഡലത്തിൽ അല്പം വൈകിയുണ്ടായ സഖ്യധാരണയിലാണ് കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് ബിഎപിക്ക് ഉറപ്പുനല്‍കിയെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കോൺഗ്രസ് സ്ഥാനാര്‍ഥി അരവിന്ദ് ദാമോര്‍ പത്രിക പിന്‍വലിക്കാന്‍ എത്തിയില്ല. ഇതോടെ, കോണ്‍ഗ്രസ് വെട്ടിലായി. പാർട്ടി തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന ഒഴുക്കൻ മറുപടിയായിരുന്നു അരവിന്ദിന്റേത്. എന്തായാലും പിന്നാലെ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
വോട്ടുകൾ ഭിന്നിക്കുമെന്നും കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്നും അതോടെ കണക്കുകൂട്ടിയ പ്രതീക്ഷകളെ തെറ്റിച്ചാണ് പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ബിഎപിയുടെ സ്ഥാനാർഥി സിറ്റിങ് എംഎല്‍എ രാജ്‌കുമാര്‍ റോവത് രണ്ടരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി വിജയിച്ചു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് രാജസ്ഥാനിൽ ബിഎപി ശക്തിയറിച്ചത്. മൂന്ന് എംഎൽഎമാരുള്ള പാർട്ടി ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ പാർലമെന്റിലും സാന്നിധ്യം അറിയിക്കും. ഒരുലക്ഷത്തിലേറെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി നേടിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഇതിലും വലിയ ഭൂരിപക്ഷം ബിഎപിക്ക് ലഭിക്കുമായിരുന്നു.
പട്ടികജാതി–പട്ടികവർഗക്കാരായ വോട്ടർമാർക്ക് മേൽക്കൈയ്യുള്ള മണ്ഡലമാണ് ബൻസ്വാര. രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നന്ന ഇവിടെ വർഗീയ ധ്രുവീകരണം നടത്തി വോട്ടുറപ്പിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. ആ തന്ത്രം പാളിപ്പോയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ പത്തു വർഷമായി ബൻസ്വാര ബിജെപിയുടെ മണ്ഡലമാണ്. മികച്ച ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാർഥികൾ ഇവിടെ വിജയം നേടിയിട്ടുള്ളതും. 2019ൽ കോൺഗ്രസ് സ്ഥാനാർഥിയായ താരാചന്ദ് ബഗോരയെ പരാജയപ്പെടുത്തി ബിജെപിയുടെ കനക്മൽ കടാരയാണ് വിജയിച്ചത്. മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2014ൽ ബിജെപിയുടെ മൻശങ്കർ നിനമയായിരുന്നു വിജയി. പരാജയപ്പെടുത്തിയത് കോൺഗ്രസിന്റെ രേഷം മാളവ്യയെ.