ADVERTISEMENT

കോഴിക്കോട് ∙ ഇടതുമുന്നണിയിലേക്കു വലിഞ്ഞുകയറി വന്നവരല്ലെന്നും മുന്നണിയിൽ വേണ്ട പരിഗണന കിട്ടുന്നില്ലെന്നും ആര്‍ജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാര്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ചപോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ മുന്നണിയിൽ എത്തിയത്. 2019 ൽ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയാറാകണമായിരുന്നു. സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണം. എൽഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികൾ നേരത്തേ നിശ്ചയിച്ചതുകൊണ്ടു പോകാൻ കഴിയാതിരുന്നതാണ്. 

‘‘ജെഡിഎസിനു നൽകുന്ന പരിഗണന പോലും മുന്നണിയിൽ ഞങ്ങൾക്കു നൽകുന്നില്ല. ജെഡിഎസ് സാങ്കേതികമായി ദേശീയതലത്തിൽ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരിൽ മന്ത്രിയാണ്. ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ചു നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജൻഡയിലില്ല. ഇനിയങ്ങോട്ടു ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. 

‘‘യുഡിഎഫിൽ പരിഗണന കിട്ടിയെന്നു പറയുന്നില്ല. എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്കു നിന്നാൽ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. യുഡിഎഫിലേക്കു പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എൽഡിഎഫിൽതദ്തന്നെ ഉറച്ചുനിൽക്കും. ജെഡിഎസുമായുള്ള ലയനത്തിനു മുൻകൈ എടുത്തിരുന്നു. നടക്കാതിരുന്നത് ഭാഗ്യമായി. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുന്നണിയെ കുറ്റപ്പെടുത്താനില്ല. കൽപറ്റ സീറ്റ് നഷ്ടപ്പെടുത്തി എന്നു പറയുന്നവർ ചരിത്രം പഠിക്കണം. ഒരു മന്ത്രി എന്തായാലും മാറണമല്ലോ, അതിനാൽ മന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല’’ – ശ്രേയാംസ് കുമാർ പറഞ്ഞു.

English Summary:

RJD Leader MV Shreyams Kumar Criticizes Lack of Consideration in Left Front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com