മാവോയിസ്റ്റ് ഭീഷണിയുള്ള മക്കിമലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; ഐഇഡിയെന്ന് പ്രാഥമിക നിഗമനം
Mail This Article
മാനന്തവാടി∙ തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഉച്ചതിരിഞ്ഞ് വനംവകുപ്പ് ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണെന്ന നിഗമനത്തിലാണ് പൊലീസ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം ഇവ നിർവീര്യമാക്കി. സ്ഫോടക വസ്തുവിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം.
മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലമാണിത്. തണ്ടർബോൾട്ട് ഈ സ്ഥലത്തുൾപ്പെടെ സ്ഥിരമായി പട്രോളിങ് നടത്താറുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുൻപ് മക്കിമലയിൽ എത്തിയിരുന്നു. അതിനുശേഷം കർശന നിരീക്ഷണവും പരിശോധനയും നടത്തി വരികയായിരുന്നു.