‘2029ലും എൻഡിഎയും മോദിയും വരും; ഇന്ത്യാ സഖ്യത്തേക്കാൾ സീറ്റ് ബിജെപിക്ക്’
Mail This Article
ചണ്ഡിഗഡ്∙ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ ശക്തിയെ ചോദ്യം ചെയ്ത പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഖ്യം കാലാവധി പൂർത്തിയാക്കുക മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വരുമെന്നും അമിത് ഷാ പറഞ്ഞു. ചണ്ഡിഗഡില്‍ മണിമജ്‌ര ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അതുകേട്ട് പേടിക്കേണ്ട. 2029ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും. മോദി വീണ്ടും വരും. ചെറിയ ജയം കിട്ടിയതോടെ തിരഞ്ഞെടുപ്പിൽ ജയിച്ചു എന്നാണ് പ്രതിപക്ഷത്തിന് തോന്നുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ അവർ തേടിയതിനേക്കാൾ സീറ്റ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയിട്ടുണ്ട്.
പ്രതിപക്ഷസഖ്യം നേടിയ മുഴുവൻ സീറ്റുകളേക്കാൾ കൂടുതല്‍ ഇടങ്ങളിൽ ജയിക്കാൻ ബിജെപിക്ക് തനിച്ച് സാധിച്ചിട്ടുണ്ട്. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുക മാത്രമല്ല, അടുത്ത അഞ്ചു വർഷവും എൻഡിഎ സർക്കാരിന്റേതായിരിക്കും. പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യാ സഖ്യം തയാറാകുക, പ്രതിപക്ഷത്തിരുന്ന് കാര്യക്ഷമമായി പ്രവർത്തിക്കുക.’’– അമിത് ഷാ പറഞ്ഞു.