വിഷത്തിൽ നഞ്ച് കലക്കുന്നവർ!; ഓൺലൈനിൽ നഷ്ടമായ പണം വീണ്ടെടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്
Mail This Article
തിരുവനന്തപുരം ∙ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ അകപ്പെട്ടവർക്കു നഷ്ടപ്പെട്ട തുക പൂർണമായും തിരിച്ചുനൽകാമെന്ന പേരിലും തട്ടിപ്പ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നു പൊലീസ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്സാപ് കോൾ അഥവാ ശബ്ദസന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും മടക്കിക്കിട്ടാൻ സഹായിക്കാമെന്നാകും വാഗ്ദാനം. കാര്യങ്ങൾ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം റജിസ്ട്രേഷനായി പണം ആവശ്യപ്പെടും. ഈ തുകയ്ക്ക് ജിഎസ്ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ റജിസ്ട്രേഷൻ തുകയും അതിനൊപ്പം മടക്കി നൽകുമെന്നും വാഗ്ദാനം ചെയ്യും.
ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇക്കൂട്ടരും തട്ടിപ്പ് നടത്തുന്നത്. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നൽകുന്നതിനായി ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ചുമതലപ്പെടുത്തിയിട്ടില്ല. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ ഉടനെ 1930 എന്ന നമ്പറിൽ അറിയിക്കണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കി.