കൊൽക്കത്ത കൊലപാതകം: ആർ.ജി.കർ ആശുപത്രി മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎ
Mail This Article
ന്യൂഡൽഹി∙ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിന്റെ അംഗത്വം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) റദ്ദ് ചെയ്തു. ഐഎംഎ കൊൽക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്. സഹാനുഭൂതിയോടെ വിഷയം കൈകാര്യം ചെയ്യാൻ ഡോക്ടർക്കു കഴിഞ്ഞില്ലെന്നു ഐഎംഎ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. തന്റെ പ്രവൃത്തികളാൽ ഡോ.സന്ദീപ് ഘോഷ് തൊഴിലിന് അപകീർത്തി വരുത്തിയെന്നും അതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ അച്ചടക്ക സമിതി തീരുമാനിച്ചെന്നും കുറിപ്പിലുണ്ട്. ബംഗാളിലെ ഡോക്ടർമാരുടെ ആരോപണങ്ങളും ഐഎംഎ പരാമർശിച്ചിട്ടുണ്ട്.
വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം മുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണു ഡോക്ടർ സന്ദീപ് ഘോഷിന്റേത്. വിഷയത്തിൽ ഉത്തരവാദിത്തമേറ്റു രാജിവെച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ കൽക്കട്ട നാഷനൽ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ പ്രിൻസിപ്പലായി സന്ദീപ് ഘോഷിനെ സർക്കാർ നിയമിച്ചിരുന്നു. ഇതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകുന്നതില്‍ വീഴ്ചയുണ്ടായി തുടങ്ങി ഘോഷിനെതിരെ നിരവധി ആരോപണങ്ങളാണു ഉയർന്നത്. ആർ.ജി.കർ ആശുപത്രിയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങളും ഉയർന്നിട്ടുണ്ട്. മൃതദേഹങ്ങളും ബയോമെഡിക്കൽ മാലിന്യങ്ങളും കടത്തുന്നതായി സന്ദീപ് ഘോഷിനെതിരെ ആർജി കർ ആശുപത്രിയിലെ മുൻ ജീവനക്കാരൻ ആരോപിച്ചിരുന്നു. തിങ്കളാഴ്ച സന്ദീപ് ഘോഷിന്റെ നുണ പരിശോധന നടന്നിരുന്നു. കൊൽക്കത്തയിലെ ഘോഷിന്റെ വീട്ടിൽ 11 മണിക്കൂറോളം സിബിഐ പരിശോധന നടത്തുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. 90 മണിക്കൂറോളം സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.