ADVERTISEMENT

ആലപ്പുഴ∙ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മാത്യൂസിന്റെ കുടുംബം. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് മാത്യൂസിന്റെ മാതാപിതാക്കൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സുഭദ്രയെ അറിയാം. കല്യാണത്തിന് ശർമിളയ്‌ക്കൊപ്പം സുഭദ്രയും ഉണ്ടായിരുന്നു. ആന്റി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. 

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും മാതാപിതാക്കൾ പറയുന്നു. ഈ പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളംവച്ചു. മാത്യൂസും ശർമിളയും സ്ഥിരം മദ്യപരാണ്. ആലപ്പുഴയിൽ ഒരു കോൺവന്റിന്റെ അനാഥാലയത്തിലാണ് ശർമിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യൂസ് വന്ന് പറ‌ഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പോയി കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശർമിളയെ ഞങ്ങൾക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് പോയത്. എന്നാൽ വിവാഹശേഷമാണ് ശർമിള മദ്യപിക്കാറുണ്ടെന്ന് മനസിലായതെന്നും മാതാപിതാക്കൾ പറയുന്നു.

മദ്യപിച്ചാൽ ശർമിള വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കും. മാത്യൂസിന്റെ അച്ഛനെയടക്കം അസഭ്യം പറ‌ഞ്ഞെന്നും അമ്മ പറയുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഇതോടെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഒരിക്കൽ മാത്യൂസിന്റെ കൈയിലെ മൂന്നു ഞരമ്പുകൾ വെട്ടേറ്റ് മുറി‌ഞ്ഞു. അത് ശർമിള ചെയ്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നും മാത്യൂസിന്റെ അമ്മ പറയുന്നു.

ശർമിളയും മാത്യൂസും വീടിനു പിറകുവശത്ത് മാലിന്യം നിക്ഷേപിക്കാനെന്ന പേരിൽ നിർമാണ തൊഴിലാളിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചിരുന്നു. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടിൽ കണ്ടു എന്ന് നിർമാണ തൊഴിലാളി മൊഴി നൽകിയിട്ടുണ്ട്. കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാൻ വന്നപ്പോൾ കുഴി മൂടിയതായി കണ്ടു എന്നും നിർമാണ തൊഴിലാളി മൊഴി നൽകി. ഇതോടെ ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. 

കൊലപാതകം ആസൂത്രിതമായാണ് നടപ്പിലാക്കിയതെന്നും പൊലീസ് കരുതുന്നു. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തുവെന്ന മൊഴി ഇതു സാധൂകരിക്കുന്നതാണ്. പ്രതികളെന്നു സംശയിക്കുന്ന മാത്യൂസിനും ശർമിളക്കും വേണ്ടി കടവന്ത്രയിൽ നിന്നും ആലപ്പുഴയിൽ നിന്നും അന്വേഷണസംഘം ഉഡുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഉഡുപ്പി സ്വദേശിയായ ശർമിളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. സുഭദ്രയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളജിൽ നടക്കും. ഇതോടെ കൊലപാതകം സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ പൊലീസിനു വ്യക്തത ലഭിക്കും.

English Summary:

Financial Dealings and Personal Ties Revealed in Kalavoor Elderly Woman Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com