ADVERTISEMENT

കോട്ടയം∙കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആർ.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നാ‌യിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ആർജെഡി നേതാവ് ഡോ.വർഗീസ് ജോർജ് വിഷയം യോഗത്തിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എൻസിപി നേതാവ് പി.സി.ചാക്കോയും പിന്നീട് വിഷയം ഉന്നയിച്ചു. 

വലിയൊരു പ്രശ്നമാണിതെന്നും എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് യോജിച്ച കാര്യമല്ല നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം, വിഷയം ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ അന്വേഷണ പരിധിയിൽ എഡിജിപി–ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ചാ വിഷയവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷയുണ്ടാകുമെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്റെ ആരോപണത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീവച്ച കേസിൽ പൊലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന പുതിയ ആരോപണവുമായി പി.വി.അൻവർ എംഎൽഎ രംഗത്തെത്തി. എം.ആർ.അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ.ശശിയുടെയും നേതൃത്വത്തിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് മുക്കിയെന്നായിരുന്നു ആരോപണം.

വയനാട് ഉരുൾപൊട്ടലിന്റെ കണ്ണീരോർമയായ ശ്രുതിയെ തനിച്ചാക്കി ജെൻസൻ മടങ്ങിയതാണ് ഇന്നു കേരളത്തെ ദുഃഖത്തിലാഴ്‌ത്തിയ വാർത്ത. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തിലാണു മരിച്ചത്. കേരളം ചർച്ച ചെയ്ത മറ്റൊരു വിഷയമായിരുന്നു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവം. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് ചൊവാഴ്ച രാവിലെ മരിച്ചത്. കലവൂരിലെ സുഭദ്രയുടെ കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളും പൊലീസ് ഇന്ന് പുറത്തുവിട്ടു. വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണെന്നും കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ടെന്നും കൊലപാതക ശേഷം കൈ ഒടിച്ചുവെന്നുമാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

English Summary:

Today's Recap: Major News Developments on September 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com