പ്രണയനൈരാശ്യം; നിയമവിദ്യാർഥി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി, മുൻ കാമുകി അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ പ്രണയനൈരാശ്യത്തെത്തുടർന്ന് നിയമവിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുൻ കാമുകി അറസ്റ്റിൽ. നോയിഡയിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിറ്റി സർവകലാശാലയിൽ നിയമ വിദ്യാർഥിയായ തപസ്സ് (23) ആണ് മരിച്ചത്. കാമുകി ബന്ധത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്.
തപസ്സും സഹപാഠി കൂടിയായ കാമുകിയും ലിവ് ഇൻ ബന്ധത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും പെൺകുട്ടി തപസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബന്ധം തുടരണമെന്നാവശ്യപ്പെട്ട് തപസ്സും സുഹൃത്തുക്കളും പലതവണ പെൺകുട്ടിയെ സമീപിച്ചെങ്കിലും പെൺകുട്ടി തയാറായില്ല.
ഗാസിയാബാദിൽ താമസിച്ചിരുന്ന തപസ്സ് ശനിയാഴ്ച നോയിഡയിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലെത്തുകയും സുഹൃത്തുക്കൾ പെൺകുട്ടിയെ അവിടേക്ക് വിളിച്ചുവരുത്തി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിലും പെൺകുട്ടി വഴങ്ങാതായതോടെ തപസ്സ് ഏഴാം നിലയിൽനിന്ന് ചാടുകയായിരുന്നു. തപസ്സിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് മുൻ കാമുകിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പെൺകുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)