ADVERTISEMENT

സ്വാതന്ത്ര്യ വേളയിൽ സൈനികമേധാവിയാവാൻ വേണ്ട സീനിയോറിറ്റിയുള്ള ഇന്ത്യക്കാർ (പാക്കിസ്ഥാൻകാരും) ആരുമുണ്ടായിരുന്നില്ല.

ഒന്നാം ലോകയുദ്ധത്തിനുശേഷം കമ്മിഷൻഡ് ഓഫിസർ കേഡറിലേക്ക് ഇന്ത്യക്കാരെ നിയമിച്ചു തുടങ്ങിയിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിൽ ഒരു പൂർണപോരാട്ടയൂണിറ്റിനെ കമാൻഡ് ചെയ്യാൻ അവസരം ലഭിച്ചത് ബ്രിഗേഡിയർ കെ.എസ്. തിമ്മയ്യയ്ക്കുമാത്രമായിരുന്നു.. അതിനാൽ 1947നു ശേഷവും സ്വതന്ത്ര ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികമേധാവികളായി ബ്രിട്ടിഷ് ഓഫിസർമാർ തുടർന്നു. ഇന്ത്യൻ ആർമിയുടെ തലപ്പത്ത് റോബർട്ട് ലോഖാർട്ടും അദ്ദേഹത്തെതുടർന്ന് റോയ് ബുച്ചറും. ഒടുവിൽ 1949 ജനുവരി 15നാണ് വേണ്ടത്ര സീനിയോറിറ്റിയോടുകൂടി ആദ്യത്തെ ഇന്ത്യക്കാരനായ മേധാവിയായി ജനറൽ കെ.എം. കരിയപ്പ എത്തുന്നത്. പാക്കിസ്ഥാനിലാവട്ടെ ഫ്രാങ്ക് മെസേർവിക്കും ഡഗ്ലസ് ഗ്രേസിക്കും ശേഷം 1951–ലാണ് ജനറൽ അയൂബ് ഖാൻ ആദ്യത്തെ പാക്കിസ്ഥാനി സൈനികമേധാവിയാവുന്നത്.

നാവികസേനയിലും വ്യോമസേനയിലും പിന്നെയും വർഷങ്ങൾ കഴിഞ്ഞാണു നാട്ടുകാരായ മേധാവികൾ എത്തുന്നത്. 1954 ഏപ്രിൽ ഒന്നിനു സുബ്രതോ മുഖർജി ചാർജെടുക്കുന്നതുവരെ സ്വതന്ത ഇന്ത്യയുടെ വ്യോമസേനാമേധാവിയായി മൂന്ന് ബ്രിട്ടിഷുകാർ സേവനമനുഷ്ഠിച്ചു. അതുപോലെ 1958 ഏപ്രിൽ 22ന് വൈസ് അഡ്മിറൽ റാംദാസ് കട്ടാരി എത്തുന്നതുവരെ നാല് ബ്രിട്ടിഷുകാർ സ്വതന്ത്ര ഇന്ത്യയുടെ നാവികസേനാമേധാവികളായിട്ടുണ്ട്.

തലപ്പത്ത് മാത്രമല്ല, കാതലായ ഒട്ടേറെ സൈനികസ്ഥാനങ്ങളിലും ബ്രിട്ടിഷ് ഓഫിസർമാർ തുടർന്നു. സിവിൽ ഭരണാധികാരികളെ അപേക്ഷിച്ച് ഇന്ത്യക്കാരായ സഹപ്രവർത്തകരുമായി കൂടുതൽ ഊഷ്മളമായ ബന്ധമായിരുന്നു സൈനികോദ്യോഗസ്ഥർക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യവേളയിൽ 2590 ബ്രിട്ടിഷ് ഓഫിസർമാർ ഇന്ത്യൻ സൈന്യത്തിൽ തുടരാൻ താൽപര്യം കാട്ടിയത്രെ. എന്നാൽ കുറച്ചുപേരെ മാത്രമേ ഇന്ത്യൻ നേതൃത്വം അനുവദിച്ചുള്ളു. അതിനാൽ കൂടുതൽപേരും പാക്കിസ്ഥാൻ സൈന്യത്തിലാണ് എത്തിപ്പെട്ടത്.

വിഭജനസമയത്ത് ഇരു രാജ്യത്തിനും എല്ലാ സേനാവിഭാഗങ്ങൾക്കുമായി ഒരു സുപ്രീം കമാൻഡറെ നിയമിച്ചത് വിഭജനകാര്യങ്ങൾ സുഗമമാക്കി. അതുവരെ കരസേനയുടെ കമാൻഡർ–ഇൻ–ചീഫായി സേവനം അനുഷ്ടിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ നോർത്ത് ആഫ്രിക്കയിൽ ഇന്ത്യൻ സൈന്യത്തെ നയിച്ച  ക്ലോഡ് ഓക്കിൻലെക്ക് ആയിരുന്നു അത്. 1947 ഡിസംബർ ഒന്നു വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. അപ്പോഴേക്കും ഇരു സൈന്യവും തമ്മിൽ കശ്മീരിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും പരസ്പരം പൊരുതിയ രണ്ടുസൈന്യങ്ങളുടെ സുപ്രീം കമാൻഡറായിരിക്കാനുള്ള അപൂർവമായ നിർഭാഗ്യമാണ് അങ്ങനെ ഓക്കിൻലെക്കിന് ലഭിച്ചത്.

സൈനികയൂണിറ്റുകളെയും സാമഗ്രികളെയും ഏതാണ്ട് 2:1 എന്ന അനുപാതത്തിലാണു വിഭജിച്ചത്. പൂർണമായി സാമുദായികാടിസ്ഥാനത്തിലല്ലെങ്കിലും സൈനികർക്ക് ഇഷ്്ടമുള്ള രാജ്യം തിരഞ്ഞെടുക്കാനും അനുമതി നൽകി. മിക്കവരും ജന്മദേശവും കുടുംബത്തിന്റെ താൽപര്യവും അനുസരിച്ച് തീരുമാനം അറിയിച്ചു. സിവിലിയൻ ജനതയിലുണ്ടായ മതവിദ്വേഷം ഭാഗ്യവശാൽ സൈന്യത്തിലുണ്ടായില്ല. മിക്കയിടങ്ങളിലും അവർ പരസ്പരം സഹായിക്കുകയായിരുന്നു. ഉദാഹരണത്തിന് പാക്കിസ്ഥാനിലെ പെഷാവറിൽ പെട്ടുപോയ ഒരു സിഖ് സ്ക്വാഡ്രനിലെ സൈനികരെ പ‍ഞ്ചാബി മുസ്‌ലിം സ്ക്വാഡ്രനിലെ സൈനികരാണ് അതിർത്തിവരെ അനുയാത്ര ചെയ്തു സുരക്ഷ ഉറപ്പാക്കിയത്. പരസ്പരം മദ്യസൽക്കാരവും വിരുന്നുസർക്കാരവും നടത്തിയും വീണ്ടും കാണാമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുകരഞ്ഞുമാണ് പലരും  യാത്ര പറഞ്ഞത്. രണ്ട് മാസത്തിനുശേഷം കശ്മീരിലെ യുദ്ധക്കളത്തിലാവും  കാണുകയെന്ന് അന്നാർക്കും അറിയില്ലായിരുന്നു.

നേപ്പാൾ സ്വദേശികൾക്ക് ഭൂരിപക്ഷമുള്ള ഗൂർഖാ റജിമെന്റുകളുടെ കാര്യമാണ് രസകരം. പത്ത് ഗൂർഖാ റജിമെന്റുകളുണ്ടായിരുന്നതിൽ ആറെണ്ണം ഇന്ത്യ തിരഞ്ഞെടുത്തു. നാലു റജിമെന്റുകൾ അറിയിച്ചത് ഇതാണ്– ഞങ്ങൾ ഇതുവരെ ബ്രിട്ടിഷ് ചക്രവർത്തിയെയാണു സേവിച്ചത്, അതു തുടരാൻ അനുവദിക്കണം. അങ്ങനെ നാലു റെജിമെന്റുകൾ ബ്രിട്ടിഷ് സൈന്യത്തിൽ ചേർന്നു. കൊല്ലം തോറും 300 നേപ്പാൾ ഗൂർഖകളെ ബ്രിട്ടിഷ് സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന പാരമ്പര്യം ഇന്നും തുടരുന്നു.

വെള്ളക്കാരുടെ സൈനികയൂണിറ്റുകളുമുണ്ടായിരുന്നു അവിഭക്ത ഇന്ത്യയിൽ. വിഭജനത്തോടെ ഓരോ യൂണിറ്റുകളും ബ്രിട്ടനിലേക്കു മടങ്ങി. 1948 ഫെബ്രുവരി 28–ന് മുംബെയിൽ നിന്നു കപ്പൽ കയറിയ സോമെർസെറ്റ് ലൈറ്റ് ഇൻഫൻട്രിയിലെ സൈനികരായിരുന്നു ഏറ്റവും ഒടുവിൽ ഇന്ത്യ വിട്ടത്.

ഓഗസ്റ്റ് 14ന് വൈകിട്ട് രാജ്യത്തെമ്പാടുമുള്ള സൈനികരുടെ ഓഫിസേഴ്സ് മെസുകളിൽ ബ്രിട്ടിഷ് ചക്രവർത്തിക്ക് അവസാനമായി ടോസ്റ്റ് ഉയർത്തിക്കൊണ്ടുള്ള ഡിന്നർ നടത്തി. പിറ്റേന്നു മുതൽ ഉയർന്ന ടോസ്റ്റുകൾ ഗവർണർ ജനറലിനും 1950 ജനുവരി 26 മുതൽ പ്രസിഡന്റിനും.

English Summary: Independence and Indian army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com