ADVERTISEMENT

കർക്കടകത്തിലെ ഉത്തൃട്ടാതി നക്ഷത്രമായ ഓഗസ്റ്റ് 15ന് ആയിരുന്നു എംടിക്ക് എൺപത്തിയൊൻപതാം പിറന്നാൾ. നവതിയുടെ പടിവാതിലിൽ നിന്നുകൊണ്ട് എംടി സംസാരിക്കുന്നു, മകളെ എഴുത്തിനിരുത്തുകയും മകളുടെ വിവാഹനിശ്ചയത്തിനു മംഗളപത്രം വായിക്കുകയും ചെയ്ത മൺമറഞ്ഞുപോയ ഉറ്റസുഹൃത്തിനെക്കുറിച്ച്; എഴുതിക്കൊണ്ടിരിക്കുന്ന പുതിയ നോവൽ, പുസ്തകങ്ങൾ.. ഒക്കെ കടന്നുവരുന്ന സംഭാഷണം.

വിഖ്യാതനായ എഴുത്തുകാരൻ. എല്ലാവരും അദ്ദേഹത്തെക്കൊണ്ട് മക്കളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നു. അദ്ദേഹം മറ്റുള്ളവരുടെ കുട്ടികളെ എഴുത്തിനിരുത്തിയപ്പോൾ മുൻപിൽ പവൻ വച്ചവർ വരെയുണ്ട്. പക്ഷേ, അദ്ദേഹം മകളെ എഴുത്തിനിരുത്തിയത് തികച്ചും യാദൃച്ഛികമായി പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്ത സുഹൃത്തിനെക്കൊണ്ട്. വിവാഹനിശ്ചയത്തിന് മകളുടെ മംഗളപത്രം വായിച്ചതും എഴുത്തിനിരുത്തിയ ആൾ. വിവാഹത്തീയതി അന്ന് സദസ്യരെ അറിയിച്ച അദ്ദേഹം പക്ഷേ, വിവാഹത്തിൽ പങ്കെടുക്കാനാവാതെ രോഗക്കിടക്കയിലാവുന്നു. താൻ എഴുത്തിനിരുത്തിയ പെൺകുട്ടിയെ വിളിച്ച് അതിനും വളരെ മുൻപേ തന്നെ അദ്ദേഹം പറയുമായിരുന്നു, എന്നെങ്കിലും എന്റെ ചരമക്കുറിപ്പ് നീ എഴുതണമെന്ന്. ഒരുനാൾ അതും സംഭവിച്ചു.

ഈ രംഗങ്ങൾ എം.ടി.വാസുദേവൻനായർ എഴുതിയ ഏതെങ്കിലും കഥയിൽ നിന്നുള്ളതല്ല. എംടിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ, അധികമാരും അറിയാതെ പോയ ഒരേടാണ്. എന്നാൽ കഥയുടെ തുടക്കം ഇങ്ങനെയായിരുന്നില്ല എന്ന് എം.ടി ഓർക്കുന്നു. 1973 –74 കാലം. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്കു ട്രെയിനിൽ യാത്ര ചെയ്യുകയാണ് എംടി. കോച്ചിൽ ആകെ മൂന്നോ നാലോ പേർ മാത്രം. എതിർവശത്തെ സീറ്റിലിരുന്നയാൾക്കൊപ്പം ഭാര്യയും ഉണ്ട്. അദ്ദേഹം ഏതോ പുസ്തകം വായിക്കുന്നു. സ്വാഭാവികമായും അദ്ദേഹം എംടിയെ തിരിച്ചറിഞ്ഞു, എതിർവശത്തിരിക്കുന്നത് മലയാളത്തിൽ എതിരാളികളില്ലാത്ത എഴുത്തുകാരനാണെന്ന്. ആ ആ യാത്രയിൽ അവർ പരിചയപ്പെട്ടു. ആ ട്രെയിൻ യാത്ര അവിടെ അവസാനിച്ചെങ്കിലും ജീവിതത്തിലെ വലിയൊരു യാത്രയുടെ തുടക്കമായിരുന്നു അത്. അവർ പരസ്പരം ഫോൺ നമ്പർ കൈമാറി.

എംടി പറയുന്നു: ‘അന്ന് എറണാകുളത്ത് പിയേഴ്സ് ലെസ്‌ലി കമ്പനിയിൽ ഉദ്യോഗസ്ഥനായ ആലപ്പുഴ മങ്കൊമ്പ് സ്വദേശി ബാലഹരിഹരഅയ്യർ എന്ന ബാലുവും ഭാര്യ അർത്തുങ്കൽ സ്വദേശി ഫിലോമിനയുമായിരുന്നു അത്. അടുത്ത തവണ ഞാൻ എറണാകുളത്തു ചെന്നപ്പോൾ ബാലുവിനെ ഫോൺ ചെയ്തു. ബാലു വന്ന് എന്നെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ബാലുവിന് മംഗലാപുരത്തേക്കു ജോലി മാറ്റമായി. എനിക്കു മംഗലാപുരത്തു പോകേണ്ടി വരുമ്പോഴൊക്കെ ബാലുവിനെ കാണും. അന്നൊക്കെ ബോംബേയ്ക്ക് മംഗലാപുരത്തുനിന്നായിരുന്നു ഫ്ലൈറ്റ്. അപ്പോഴൊക്കെ ഞങ്ങൾ കണ്ടുമുട്ടും. ഒന്നിച്ച് താമസിക്കും. കർണാടകയിലും മറ്റും ഒട്ടേറെ സ്ഥലങ്ങളിൽ ഞാൻ ബാലുവിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്.’

MT Vasudevan Nair

ജീവിതത്തിൽ അധികമാർക്കും പ്രവേശനം അനുവദിക്കാത്ത, വളരെ കണിശതയോടെ മാത്രം ആളുകൾക്ക് മനസ്സിൽ സ്ഥാനം കൊടുക്കുന്ന, ആൾക്കൂട്ടത്തിൽ തനിയെ നടക്കാനിഷ്ടപ്പെടുന്ന എംടി എങ്ങനെ ട്രെയിനിൽ നിന്നു പരിചയപ്പെട്ട ഒരാളെ ഉറ്റ സുഹൃത്താക്കി?, അവർക്കിടയിലെ സൗഹൃദത്തിന്റെ പാളങ്ങൾ അവിടെ തുടങ്ങുന്നു? എന്തുകൊണ്ടാണ് എംടി മകളെ ബാലുവിനെക്കൊണ്ട് എഴുത്തിനിരുത്തിയത്?

എംടി പറഞ്ഞു: ‘ബാലു വലിയൊരു വായനക്കാരനായിരുന്നു. ധാരാളം ഇംഗ്ലിഷ് പുസ്തകങ്ങൾ വായിക്കുമായിരുന്നു. പുസ്തകങ്ങളെക്കുറിച്ച് ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. ബാലു ഏതെങ്കിലും പുതിയ പുസ്തകം വായിച്ചാൽ എന്നോടു പറയും. അതെനിക്ക് വായിക്കാൻ തരും. ബാലുവിന്റെ പേരെഴുതിയ ആ പുസ്തകങ്ങൾ ഇപ്പോഴും എന്റെ ലൈബ്രറിയിൽ ഉണ്ട്. ഞാനും പല പുസ്തകങ്ങളും ബാലുവിനു നൽകുമായിരുന്നു. ബാലുവിനെ എപ്പോൾ കണ്ടാലും കയ്യിലൊരു പുസ്തകമുണ്ടായിരിക്കും. അവസാനകാലത്ത് രോഗക്കിടക്കയിലും ബാലു വായിച്ചിരുന്നു. വായനയോട് അത്രയ്ക്ക് ഇഷ്ടമുള്ള ഒരാൾ. അതാണ് ബാലുവിനെ എന്നിലേക്ക് ആകർഷിച്ചത്.’

മിലൻ കുന്ദേര എന്ന ലോകോത്തര ചെക്ക് എഴുത്തുകാരനെ എംടിക്കു പരിചയപ്പെടുത്തിയതു ബാലുവാണ്. എന്നു വച്ചാൽ കുന്ദേരയുടെ പുസ്തകങ്ങളെ. മാർക്കേസിനെ മലയാളികൾക്കു പരിചയപ്പെടുത്തിയ എംടി, കുന്ദേര എന്നൊരു വലിയ എഴുത്തുകാരനുണ്ടെന്ന് ആദ്യമായി കേൾക്കുന്നത് ബാലുവിൽ നിന്നാണ്. എംടി പറയുന്നു: ‘ഒരു ദിവസം ബാലു പറഞ്ഞു, ഇങ്ങനെയൊരു എഴുത്തുകാരനുണ്ട്, വായിച്ചിട്ടുണ്ടോ? ഞാൻ പറഞ്ഞു ഇല്ല. എന്നാൽ വായിക്കണം എന്നു പറഞ്ഞു കുന്ദേരയുടെ രണ്ടു പുസ്തകങ്ങൾ എനിക്കു തന്നു. പിൽക്കാലത്ത് ഞാനും കുന്ദേരയുടെ ചില പുസ്തകങ്ങൾ ബാലുവിനു കൊടുത്തിട്ടുണ്ട്.’
പിന്നെ എംടി ബാലുവിനൊപ്പം ശൃംഗേരിയിലേക്കു കാറിൽ പോയ കാര്യം ഓർത്തു. ‘കാറിന്റെ പിൻസീറ്റിൽ ഞങ്ങൾ രണ്ടാളും മാത്രം. അപ്പോഴും അദ്ദേഹം വായിക്കുകയാവും. മിതഭാഷിയുമാണ്.’’

എംടി ഓർക്കുന്നു: ‘ മൂകാംബികയിലാണ് മകൾ അശ്വതിയെ എഴുത്തിനിരുത്തിയത്. ബാലുവിന് അക്കാലത്തു മംഗലാപുരത്തായിരുന്നു ജോലി. ഞങ്ങൾ അവിടെ ചെന്നു. ബാലുവും മൂകാംബികയിൽ വന്നു. അശ്വതിയുടെ വിവാഹനിശ്ചയം മദിരാശിയിലായിരുന്നു. റിറ്റ്സ് ഹോട്ടലിൽ ആയിരുന്നു ചടങ്ങ്. വിവാഹത്തീയതി സദസ്യർക്ക് മുന്നിൽ പ്രഖ്യാപിച്ചതു ബാലുവാണ്.’

‘എന്താണെന്നറിയില്ല, പണ്ടേ ബാലു അങ്കിൾ എന്നോട് പറയുമായിരുന്നു, എന്റെ ചരമവാർത്ത നീ എഴുതണമെന്ന്. ഞങ്ങൾ ബാലുവങ്കിളിനും ഫിലോ ആന്റിക്കുമൊപ്പം പലേടത്തും പോയിട്ടുണ്ട്.’ അശ്വതിയുടെ വാക്കുകൾ.

പ്രിയസുഹൃത്തിന്റെ ഓർമകളിലൂടെ എംടിയുടെ മനസ്സ് പിന്നെയും സഞ്ചരിച്ചു: ‘ബാലു നേരത്തെ പൊലീസിലായിരുന്നു. ആ ജോലി എന്തോ മനസ്സിന് പിടിക്കുന്നില്ലെന്നു പറഞ്ഞാണു രാജിവച്ചത്. ബാലു ചേർത്തല അർത്തുങ്കലിൽ വീട് വച്ചു താമസമാക്കി. വീടു പണി നടക്കുന്നതിനിടെ ഞാൻ പലതവണ അവിടെ പോയിട്ടുണ്ട്. പതിവായി രാവിലെ ബാലുവിന് വ്യായാമത്തിനായി സൈക്കിളിങ്ങും നടത്തവുമൊക്കെ ഉണ്ടായിരുന്നു. ഒരു ദിവസം സൈക്കിളിങ്ങിനിടെ ബാലു പെട്ടെന്ന് സുഖമില്ലാതായി വീണു എന്നറിഞ്ഞു. തുടർപരിശോധനയിൽ കാൻസറാണെന്നു കണ്ടെത്തി. മരിക്കുന്നതിന് ഒന്നുരണ്ടാഴ്ച മുൻപും ഞാൻ വീട്ടിൽ പോയി കണ്ടു. അന്നൊക്കെ ഞാൻ എറണാകുളത്തിനു പോയാൽ എന്തെങ്കിലും കാരണമൊപ്പിച്ച് യാത്ര ചേർത്തലയിലേക്കു കൂടിയാക്കും, ബാലുവിനെ കാണാൻ. അർത്തുങ്കലിലെ ബാലുവിന്റെ വീടിന്റെ ഭിത്തി നിറയെ പുസ്തക അലമാരകളായിരുന്നു. ബാലുവിന്റെ പുസ്തകങ്ങൾ ഒരു കോളജിന് കൊടുത്തു. കഴിഞ്ഞ വർഷം ബാലുവിന്റെ ഭാര്യ ഫിലോമിനയും മരിച്ചു. സുഖമില്ലാതെ കിടക്കുമ്പോൾ ഞാൻ ഫിലോയെ ചെന്നു കണ്ടിരുന്നു. അവരുടെ മക്കൾ വിദേശത്താണ്.’

‘നല്ല ഉയരം. ഉറച്ച ശരീരം. കണ്ടാൽ വളരെ ആകർഷകമായ വ്യക്തിത്വം. അവസാനം കണ്ടപ്പോൾ പക്ഷേ, ബാലു ആകെ ശോഷിച്ച് ഉണങ്ങിപ്പോയിരുന്നു.’ പതിനേഴ് വർഷം മുൻപ് വിട പറഞ്ഞ പ്രിയസുഹൃത്തിന്റെ രൂപം നോവോടെ എംടിയുടെ മനസ്സിൽ തെളിഞ്ഞു.

എംടി പ്രിയ സുഹൃത്തിനയോർത്ത് കടലാസിൽ ഇങ്ങനെ കുറിച്ചു: ബാലു – ബാല ഹരിഹരൻ. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ഇന്ന് ജീവിച്ചിരിപ്പില്ല. ബാലു കുറെ നല്ല പുസ്തകങ്ങൾ എനിക്കു തന്നിട്ടുണ്ട്. ഞങ്ങൾ പല സ്ഥലങ്ങളിലും ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. എന്റെ ഓർമകളിൽ ബാലുവിന്റെ രൂപം ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു.
സ്വന്തം
എംടി വാസുദേവൻനായർ.

letter
എംടി എഴുതിയ കുറിപ്പ്

വലിയ വായനയുടെ ലോകം

എംടി പണ്ടേ എഴുത്തുകാരല്ലാത്ത വലിയ വായനക്കാരെക്കുറിച്ച് പറയാറുണ്ട്. അക്കാര്യം ഓർമിപ്പിച്ചപ്പോൾ എംടി പറഞ്ഞു, മദിരാശിയിൽ പ്രേംനസീറിന്റെ ലൈബ്രറി അദ്ഭുതപ്പെടുത്തിയ കാര്യം. നസീർ വലിയൊരു വായനക്കാരനായിരുന്നു. പുസ്തകങ്ങൾക്കൊപ്പം ധാരാളം വിദേശ ആനുകാലികങ്ങളും അവിടെ വന്നിരുന്നത് ഓർത്തു. പിന്നെ അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ ജോലി ചെയ്യുന്ന മകൾ സിതാരയുടെ വലിയ ലൈബ്രറിയെക്കുറിച്ചും പറഞ്ഞു. ‘ആറേഴു വർഷം മുൻപ് ഞാൻ ചെല്ലുമ്പോൾ അമേരിക്കയിൽ ന്യൂജഴ്സിയിലാണ് സിതാര. ഇപ്പോൾ അവൾ വിർജീനിയയിലേക്കു മാറ്റി. ഞാൻ അന്വേഷിച്ചു നടന്ന പല പുസ്തകങ്ങളും അവളുടെ ലൈബ്രറിയിൽ കണ്ടു. കേട്ടിട്ടു മാത്രം ഉള്ള, വായിക്കാൻ കൊതിച്ചിട്ടുള്ള ഇംഗ്ലിഷ് പുസ്തകങ്ങൾ.’ ആ സന്ദർശനത്തിനിടെ ഷിക്കാഗോയിലെ ഉൾപ്പെടെ പല സ്ഥലങ്ങളിലെയും വലിയ സർവകലാശാലകളിൽ താൻ ക്ഷണിതാവായിരുന്നു എന്നതും എംടി ഓർത്തു.

പിന്നീട് എംടിയുടെ സംഭാഷണം ലൈബ്രറികളെക്കുറിച്ചായി. അമേരിക്കയിലെ ലൈബ്രറികളിൽ വരെ എംടിക്ക് അംഗത്വം ഉണ്ട്. എംടിയുടെ വാക്കുകൾ: ‘സിതാരയുടെ വീട്ടിൽ പോയപ്പോൾ അവിടെ പോയിരുന്നു. ഓരോ വർഷവും ലോകത്ത് പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ചെറുകഥകൾ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി അവിടത്തെ പ്രസാധകർ പുസ്തകമാക്കാറുണ്ട്.’ അത് അവർ എല്ലാ വർഷവും എംടിക്ക് അയച്ചുകൊടുക്കുന്നു. കഴിഞ്ഞ വർഷവും വന്നു. എംടി ലൈബ്രറിയിൽ നിന്ന് ആ പുസ്തകങ്ങളിൽ ചിലതെടുത്തു .

പുസ്തകത്തിന്റെ വില

ഒരിക്കൽ അമേരിക്കയിലെ ആ ലൈബ്രറിയിൽ നിന്നു വരുത്തിയ ഒരു പുസ്തകം എംടിയുടെ കയ്യിൽനിന്ന് നഷ്ടപ്പെട്ടു. പുസ്തകം നഷ്ടമായ കാര്യം എംടി അവരെ അറിയിച്ചു. ‘പക്ഷേ വീണ്ടും വീണ്ടും അവർ പുസ്തകം ചോദിച്ച് എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ഞാനവർക്ക് എന്തു നഷ്ടപരിഹാരം വേണമെങ്കിലും അടയ്ക്കാമെന്നു പറഞ്ഞു കത്തെഴുതി. എന്നിട്ടും പല തവണ പുസ്തകം ചോദിച്ചു ലൈബ്രറിയിൽനിന്ന് എനിക്കു കത്തു വന്നുകൊണ്ടിരുന്നു. അവർക്ക് ആ പുസ്തകമായിരുന്നു ആവശ്യം’ എംടി പറഞ്ഞു. ‘ഒരു ലൈബ്രറിയിൽ നമ്മൾ ചോദിക്കുന്ന പുസ്തകം ഇല്ലെങ്കിൽ അവർ നമ്മളെ ലൈബ്രറിയിലെ കാറിന്റെ താക്കോൽ ഏൽപിക്കും. ആ ലൈബ്രറി ശൃംഖലയിലുള്ള പതിനഞ്ചോ ഇരുപതോ ലൈബ്രറികൾ പല സ്ഥലങ്ങളിൽ ഉണ്ടാവും. നമ്മൾ ചോദിച്ച പുസ്തകം അവരുടെ ഗ്രൂപ്പിലെ ഏത് ലൈബ്രറിയിലാണോ ഉള്ളത് അവിടേക്ക് ആ കാർ ഓടിച്ചുപോയി പുസ്തകം എടുത്തിട്ടു വാഹനം തിരികെ കൊണ്ടുക്കൊടുത്താൽ മതി.’

പകർപ്പവകാശം

ഇടയ്ക്ക് എംടിയുടെ സംഭാഷണം പുസ്തകങ്ങളുടെ പകർപ്പവകാശം സംബന്ധമായ കാര്യങ്ങളിലേക്കു തിരിഞ്ഞു. ‘പകർപ്പവകാശ നിയമത്തെക്കുറിച്ച് ഞാൻ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. വളരെ മുൻപാണത്. മാർക്കേസിന്റെ ഉൾപ്പെടെ പല വിദേശ എഴുത്തുകാരുടെയും പുസ്തകങ്ങളുടെ മലയാളം പരിഭാഷകൾ പുറത്തിറക്കുന്നത് എഴുത്തുകാരുടെയോ ഇംഗ്ലിഷ് പ്രസാധകരുടെയോ അനുമതിയോടെയല്ല. ഇങ്ങനെ പകർപ്പവകാശം നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള രാജ്യാന്തര സംഘടനകൾ ഉണ്ട്. മുൻകൂറായി അനുമതി നൽകിയാൽ തുച്ഛമായ തുകയ്ക്ക് അവർ പരിഭാഷയ്ക്ക് അനുവാദം കൊടുക്കും. അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിക്കുന്നത് എങ്കിൽ വൻതുക പിന്നീട് അടയ്ക്കേണ്ടി വരും. മാർക്കേസിന്റെ പുസ്തകം ഇങ്ങനെ അനുമതിയില്ലാതെ പുറത്തിറക്കിയതിന് ഒരു പ്രധാന മലയാളം പ്രസാധകൻ കുറച്ചുനാൾ മുൻപ് 25 ലക്ഷം രൂപ അടച്ചു. പിന്നീട് ഒരു കോടി കൂടിയെങ്കിലും അടയ്ക്കേണ്ടി വരുമെന്നാണ് അറിഞ്ഞത്.’ എംടി പറഞ്ഞു.

‘മദിരാശിയിൽ മൈലാപ്പൂരിലാണെന്നു തോന്നുന്നു, പഴയ പുസ്തകങ്ങൾ വിൽക്കുന്ന തെരുവിൽ നാം പുസ്തകങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ ചില സായിപ്പന്മാരൊക്കെ പുസ്തകങ്ങൾ വാങ്ങാൻ വരുന്നവരെപ്പോലെ വെറുതെ കറങ്ങിത്തിരിയുന്നത് കാണാം. സത്യത്തിൽ അയാൾ പുസ്തകം വാങ്ങാൻ വന്നതല്ല എന്നെനിക്ക് മനസ്സിലായി. വ്യാജഎഡിഷനുകൾ കണ്ടുപിടിക്കാൻ പ്രസാധകർ നിയോഗിച്ചതാണ് അവരെ.’ എംടി പറഞ്ഞു

എംടിയുടെ പുതിയ നോവൽ

നവതിയിലേക്കു കടക്കുമ്പോഴും എംടിയുടെ മുഖം കണ്ടാൽ ആർക്കും മനസ്സിൽ തോന്നുന്ന കാര്യം ഒരു മഹാഗ്രന്ഥം മനസ്സിലുണ്ടെന്നാണ്. ഇനി എന്താവാം മനസ്സിലുള്ള മഹാഗ്രന്ഥം? അതിനെക്കുറിച്ച് എംടി: ‘എന്റെ നാട് പശ്ചാത്തലമായ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്. മുൻപു വേറെ ചിലതൊക്കെ പറഞ്ഞുകൊടുത്ത് എഴുതിച്ചിരുന്നു. ഇപ്പോൾ തനിയെ എഴുതാമെന്നായി.‘കൂടല്ലൂരിൽ എന്റെ വീട്ടിൽനിന്ന് നാലഞ്ച് വീട് മാത്രം അകലെ താമസിച്ചിരുന്ന വെട്ടത്ത് അച്യുതൻ നായർ എന്ന കൃഷിക്കാരനാണ് നോവലിലെ പ്രധാനകഥാപാത്രം. രാവിലെ തൊട്ട് വൈകിട്ട് വരെ അച്യുതൻനായർ കന്നുപൂട്ടും. മറ്റുള്ളവരൊക്കെ ഉച്ച വരെ മാത്രമേ കന്നുപൂട്ടിയിരുന്നുള്ളൂ. അച്യുതൻനായർ മാത്രം വൈകിട്ടുവരെ പൂട്ടും. പിന്നെ വേണം കന്നുകളെ കുളിപ്പിച്ച് വൃത്തിയാക്കേണ്ടത്.

അച്യുതൻ നായർ കല്യാണം കഴിച്ചിട്ടില്ലായിരുന്നു. 1914 ൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പല ദിക്കിൽനിന്നും ആളുകൾ വീടൊഴിഞ്ഞു പോയി. അങ്ങനെ മറ്റെവിടെയോ നിന്നു വന്ന് കൂടല്ലൂരിൽ താമസമാക്കിയവരാണ് അച്യുതൻനായരും രണ്ട് മരുമക്കളും. അവിടെ അടുത്തുണ്ടായിരുന്ന ഒരു നമ്പൂതിരി മനക്കാരിൽനിന്നു ചെറിയ സ്ഥലം വാങ്ങി അച്യുതൻ നായർ തനിയെ ഒരു വീടുണ്ടാക്കി. വേറെ ആരും അയാളെ സഹായിക്കാനില്ലായിരുന്നു. മനക്കാരുടെ കയ്യിൽനിന്നു ചെറിയ തുകയ്ക്കു ഭൂമി കൃഷിക്ക് വാങ്ങി. നെൽക്കൃഷി, വാഴക്കൃഷി, കമുകിൻതോട്ടം, കന്നുപൂട്ട് ഇതെല്ലാം അച്യുതൻ നായർ ഒരാൾ ഒറ്റയ്ക്ക് ചെയ്തു. മരുമക്കൾ വലുതായപ്പോൾ വിവാഹം കഴിപ്പിച്ചു ഭാഗം കഴിച്ച് കൊടുത്തു. അയാൾ നാട്ടിൽ ഒറ്റയ്ക്കായി. അച്യുതൻ നായർ വീണ്ടും ഒരു വീടുണ്ടാക്കി, അയാൾക്ക് കഴിയാൻ. കിണർ കുത്തിയതും വീട് വച്ചതും എല്ലാം അയാൾ തനിയെ. അതൊക്കെ നോവലിൽ കടന്നുവരുന്നുണ്ട്. നോവലിന്റെ ഏതാനും അധ്യായങ്ങളേ ആയിട്ടുള്ളൂ.’

നോവലിന് പേരിട്ടോ എന്നു ചോദിച്ചപ്പോൾ എംടിയുടെ മറുപടി ഇങ്ങനെ. ‘ഇല്ല, അതൊക്കെ അവസാനം. എഴുതിവരുമ്പോളേ അതിനെക്കുറിച്ചൊക്കെ തീരുമാനമാവൂ.’
നവതിയിലേക്കു കടക്കുന്നു. എസ്.കെ, തിക്കോടിയൻ, ബഷീർ, എൻ.പി.മുഹമ്മദ്.. സംസാരിക്കാൻ ആ തലമുറ ഇല്ലാത്തതിന്റെ അസൗകര്യം ഉണ്ടോ എന്നു ചോദിച്ചതും എംടി, ‘പഴയ കാലത്തേക്ക് നോക്കിയിരിക്കാറില്ല ഞാൻ.’ അതുകൊണ്ടാണ് എംടി ഈ തലമുറയുടെയും പ്രിയ എഴുത്തുകാരനാവുന്നത് എന്നു തോന്നി.

Content Highlight: Conversations with MT Vasudevan Nair
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com