ബംഗ്ലദേശിൽ മുൻ സ്പീക്കറും മന്ത്രിയും അറസ്റ്റിൽ
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിൽ മന്ത്രിയായിരുന്ന ടിപു മുൻഷി, മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരി എന്നിവർ അറസ്റ്റിലായി. വിദ്യാർഥി പ്രക്ഷോഭം നടക്കുന്ന സമയത്ത് സ്വർണപണിക്കാരനായ ഉദ്ദിൻ മിലൻ (38) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇരുവരെയും പ്രതികളാക്കിയത്. ജൂലൈ 19നാണ് മിലൻ വെടിയേറ്റ് മരിച്ചത്. ബംഗ്ലദേശിലെ ആദ്യ വനിതാ സ്പീക്കർ ആണ് ഷിറിൻ ചൗധരി (46).
ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹസീന രാജ്യംവിട്ടതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളും അവാമി ലീഗിന്റെ പ്രമുഖ നേതാക്കളും ഒളിവിൽ പോയിരുന്നു. ടിപു മുൻഷിയും (74) ഒളിവിലായിരുന്നു. ഹസീനയ്ക്കെതിരെയും 75 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ, ഹസീനയുടെ 16 വർഷത്തെ ഭരണത്തിനിടയിൽ കാണാതായവരെപ്പറ്റി അന്വേഷിക്കാൻ പുതിയ സർക്കാർ കമ്മിഷനെ നിയമിച്ചു. ഇതിനായുള്ള യുഎൻ ഉടമ്പടിയിൽ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് ഒപ്പുവച്ചു.
കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിലേറെയാണെന്ന് പുതിയ സർക്കാർ അറിയിച്ചു. 1971ൽ രാജ്യം സ്വതന്ത്രമായതിനു ശേഷമുള്ള ഏറ്റവും രക്തപങ്കിലമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും വ്യക്തമാക്കി.