സ്നേഹം ഒരു നല്ല ശീലം
Mail This Article
ഏറ്റുമാനൂരുള്ള ഒരു കവിതാസമിതി അവാർഡ് നൽകാനായി പുസ്തകങ്ങൾ ക്ഷണിക്കുന്നു എന്ന് എന്നെ അറിയിച്ചത് ജെമിനിയാണ്. ആരാണ് ജെമിനിയെന്നല്ലേ? എന്റെ ‘തെരഞ്ഞെടുത്ത കഥകൾ’ എന്ന സമാഹാരം വാങ്ങി വായിച്ചിട്ട് ഒരിക്കൽ മാത്രം ഫോണിൽ വിളിച്ചു പരിചയപ്പെട്ട ഒരു വായനക്കാരി. കഥകൾ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായി എന്നിലെ എഴുതുകാരി രോമാഞ്ചമണിഞ്ഞു .
‘‘ദേവിച്ചേച്ചിയുടെ ഈ പുസ്തകം അവാർഡിന് കൊടുക്കട്ടേ?’’ ജെമിനി ചോദിച്ചു. ‘‘പുസ്തകത്തിന്റെ മൂന്നു കോപ്പികൾ വേണം. ഇവിടെ എന്റെ കയ്യിലുള്ളത് കൊടുക്കാം. രണ്ടെണ്ണം കൂടെ വേണം’’ എന്ന് കൂടി ജെമിനി പറഞ്ഞു.
‘‘വേണ്ട. അത് ജെമിനി വച്ചോളൂ.’’ എന്ന് പറഞ്ഞിട്ടു ഞാൻ എന്റെ പ്രസാധകരോട് (ഹരിതം ബുക്ക്സ് ,കോഴിക്കോട്) പറഞ്ഞ് മൂന്നു കോപ്പി അവർക്ക് അയപ്പിച്ചു.
കുറെ നാളുകൾക്കു ശേഷം ഒരു ദിവസം ജെമിനി വിളിച്ചു.
‘‘അഭിനന്ദനങ്ങൾ ചേച്ചീ’’ എന്നു പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു.
‘‘ഒരു മാർക്കിന് ചേച്ചിയുടെ ബുക്ക് രണ്ടാം സ്ഥാനത്തായി. മറ്റൊരാൾക്കാണ് അവാർഡ്. എനിക്ക് നിരാശയായിപ്പോയി ചേച്ചീ.’’
‘എന്തിന് ജെമിനീ.’ എന്ന് ഞാൻ ചോദിച്ചു . പിന്നെ ഒരു ചോദ്യം കൂടി ഞാൻ ചോദിച്ചു.
‘‘ജഡ്ജിങ് കമ്മറ്റിയിൽ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ആരെങ്കിലും ഉണ്ടായിരുന്നോ?’’
‘‘ഒരാൾ ഉണ്ടായിരുന്നു. ഒരു ....’’ ജെമിനി അയാളുടെ പേര് പറഞ്ഞു. പക്ഷെ ഞാനത് ഇവിടെ പറയുന്നില്ല.
‘‘എന്താ ചോദിച്ചത്?’’ ജെമിനി വീണ്ടും.
‘‘എന്നാൽ എനിക്ക് അവാർഡ് കിട്ടാത്തതിൽ അതിശയിക്കാനില്ല. അയാൾ തീരെ കുറച്ചു മാർക്കാവും എന്റെ ബുക്കിന് ഇട്ടത്. ഓ അവർ അങ്ങനെയങ്ങ് അവാർഡ് വാങ്ങേണ്ട എന്ന് കരുതിക്കാണും. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലാത്തതു കൊണ്ടൊന്നുമല്ല. യൂണിവേഴ്സിറ്റിയിൽ എന്നെ ഇഷ്ടമല്ലാത്ത ഒരുപാടു പേര് ഉണ്ടായിരുന്നു. കാരണം എനിക്കറിയില്ല. അവരിൽ ഒരാളാണിത്. കഥകൾ നന്നായില്ല. ഇത്രയും മാർക്കേ അർഹിക്കുന്നുള്ളു എന്റെ കണ്ണിൽ എന്ന് പറഞ്ഞാൽ പോരെ ?’’
പത്തു പതിന്നാലു പുസ്തകങ്ങളും ഒന്നു രണ്ടു തർജ്ജമകളും എന്റെ പേരിലുണ്ട്. വലിയ പ്രസാധകർ തന്നെയാണ് അവയൊക്കെ പ്രസിദ്ധീകരിച്ചത്. അവാർഡുകൾക്കൊന്നും ഞാൻ പുസ്തകങ്ങൾ അയച്ചിട്ടില്ല. ഇനി പ്രസാധകർ അയയ്ക്കുന്നുണ്ടോ എന്നും എനിക്കറിയില്ല.
‘‘ചെലോൽക്ക് അവാർഡ് കിട്ടും
ചെലോൽക്ക് കിട്ടുകയില്ല
എനിക്ക് കിട്ടിയില്ല
അതിലെനിക്ക് കുഴപ്പമില്ല.’’
എന്ന് ഞാനങ്ങ് സമാധാനിക്കുന്നു.
നാലഞ്ചു കൊല്ലം മുൻപ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്, കോട്ടയത്തുള്ള ‘അക്ഷര സ്ത്രീ’ എന്ന കൂട്ടായ്മ ‘സാഹിത്യ സപര്യ’ അവാർഡ് തന്ന് എന്നെ ആദരിച്ചിരുന്നു.
എന്റെ കഥകൾ നല്ലതാണ് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. അങ്ങനെ പറയാനുള്ള അവകാശം തീർച്ചയായും എനിക്കുണ്ട്. എന്റെ കഥകൾ പോസ്റ്റ് മോഡേൺ അല്ല. എന്നാൽ പൈങ്കിളിയുമല്ല. രണ്ടിൽ നിന്നും വ്യത്യസ്തമായി എന്റേതായ ഒരു ശൈലി. ഒരുപാടുവായനക്കാർ എനിക്കുണ്ട്. കഥ ഇഷ്ടമായി ,ലളിതം ,സുന്ദരം എന്നവർ പറയുമ്പോൾ അതാണ് എനിക്കുള്ള ഏറ്റവും വലിയ അംഗീകാരം.
ഒരു ദിവസം ജെമിനി എന്നെക്കാണാൻ വന്നു. ആദ്യമായി തമ്മിൽ കാണുന്നു എന്ന തോന്നൽ ഞങ്ങൾ രണ്ടാൾക്കും ഉണ്ടായില്ല. ജെമിനിയും മരുമകളും കൂടി ചക്ക, പഴം പച്ചക്കറികൾ എന്നിങ്ങനെ ഒരുപാട് സാധനങ്ങൾ ചുമന്നു കൊണ്ടുവന്ന് എന്റെ വീട്ടിനുള്ളിൽ വച്ചു. ഇതെല്ലാം അവരുടെ വീട്ടിലുണ്ടായതാണ്. വിഷമയമില്ലാത്ത വിഭവങ്ങൾ. ഞാൻ അമ്പരന്നു. ഈ സാധനങ്ങളെല്ലാം നമുക്ക് വാങ്ങാൻ കിട്ടും . പക്ഷെ സ്നേഹത്തോടെ ഒരാൾ കൊണ്ടുത്തരുമ്പോൾ അതിന്റെ വില ഏറെയാണ്.
ഏറ്റുമാനൂരിൽ ‘നല്ല ശീലം -നാച്ചുറൽ ഫുഡ്‌സ്’ എന്നൊരു കട നടത്തുകയാണ് ജെമിനി. ജനങ്ങൾക്ക് വിഷമില്ലാത്ത പോഷക സമ്പുഷ്ടമായ ആഹാരം എത്തിക്കുക എന്നതാണ് നല്ലശീലം പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. മറ്റെവിടെയും കിട്ടാത്ത വിഭവങ്ങളാണ് ജെമിനി ഇവിടെ വിൽക്കുന്നത്. മില്ലറ്റ്‌സ് എന്ന് പറയുന്ന ചെറുമണി ധാന്യങ്ങൾ, കരിമ്പിൻ ജൂസ് ,ശർക്കര ഇങ്ങനെ ഒരുപാട് പ്രത്യേക ഭക്ഷണങ്ങൾ ഉണ്ട്. നല്ല ആഹാരത്തിലൂടെ മനുഷ്യർക്ക് സുഖവും സ്വസ്ഥതയും ആരോഗ്യവും പ്രദാനം ചെയ്യണമെന്ന ദൃഢവ്രതമെടുത്ത ജെമിനി, ഉന്നതമായ ഒരു ഔദ്യോഗിക പദവി ഉപേക്ഷിച്ചിട്ടാണ് ഈ സംരംഭത്തിലേയ്ക്ക് വന്നത്. ഈ പദ്ധതിയുടെ ജനയിതാവും പരിസ്ഥിതി പ്രവർത്തകനുമായ ദയാൽ സാറിന്റെ ശിഷ്യയാണ് ജെമിനി.
പിന്നീട് പലതവണ വിഷരഹിത കൃഷി വിഭവങ്ങൾ മകന്റെ കയ്യിൽ കൊടുത്ത് ജെമിനി എനിക്കെത്തിച്ചു തന്നിട്ടുണ്ട്. ജെമിനി ഇപ്പോൾ എനിക്ക് വെറുമൊരു സുഹൃത്തല്ല, അനുജത്തി തന്നെയാണ്. സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് സമ്പന്നയായ ജെമിനി !
ദേവീ അവാർഡ് കിട്ടിയില്ലെങ്കിലെന്താ ഒരു അനുജത്തിയെ കിട്ടിയില്ലേ, എന്നല്ലേ ചോദിക്കാനൊരുങ്ങുന്നത്?
Content Summary: Kadhayillaimakal, Column by Devi JS