ADVERTISEMENT

ലോകത്തെ ധനികാഗ്രേസരൻ ആരെന്ന ചോദ്യത്തിനുത്തരം ഇലോൺ മസ്ക്. എൽവിഎം ആഡംബര ബ്രാൻഡ് ഉടമ ബണഡ് ആർനോൾട്ട് അഗ്രിമ സ്ഥാനത്തെത്തിയെന്നു പറയുന്നുണ്ടെങ്കിലും അതു താൽക്കാലികമാവാം. ലോക ബിസിനസ് പ്രമുഖരിൽ ഏറ്റവും ശക്തനും മസ്ക് തന്നെ. എക്സ് (പഴയ ട്വിറ്റർ), ടെസ്‌ല, സ്പേസ് എക്സ്...എല്ലാം അപാര കമ്പനികളാണ്. നാസയ്ക്ക് അസ്ട്രനോട്ടുകളെ ബഹിരാകാശത്തെത്തിക്കണമെങ്കിൽ മസ്ക്കിന്റെ റോക്കറ്റ് വേണം. ആസ്തി 18 ലക്ഷം കോടി രൂപയിലേറെ. അതാണ് മസ്ക് പവർ!

പക്ഷേ മസ്ക് അടുത്തിടെയായി അശാന്തനാണ്. ഒരു മകൻ ലിംഗമാറ്റം നടത്തി പെണ്ണായി മാറിയിരിക്കുന്നു. ലിംഗമാറ്റത്തിന് സമ്മതം നൽകിയില്ലെങ്കിൽ കുട്ടി ആത്മഹത്യ ചെയ്യുമെന്നു തെറ്റിദ്ധരിപ്പിച്ചാണ് അതിന്റെ രേഖകളിൽ ഒപ്പിടീപ്പിച്ചതെന്നാണു മസ്ക് വിലപിക്കുന്നത്. കൗമാരക്കാരായ കുട്ടികൾ ലിംഗമാറ്റം നടത്തുന്നത് വീട്ടിൽ മാതാപിതാക്കളെ അറിയിക്കേണ്ട എന്ന വിചിത്ര നിയമം കലിഫോർണിയ പാസാക്കിയ ഉടൻ മസ്ക് പ്രഖ്യാപിച്ചു– ഇനി ഈ നാട് വേണ്ട. സ്പേസ് എക്സ് ആസ്ഥാനം ടെക്സസിലേക്കു മാറ്റുകയാണ്.

വോക്ക് മെന്റാലിറ്റി എന്ന വൈറസ് പടർന്നതാണു കാരണമെന്നും അതിനെ താൻ തകർക്കുമെന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തോന്നാ ഈ വോക്ക്? യുഎസിലും യൂറോപ്പിലും യാഥാസ്ഥിതികർ ഉപയോഗിക്കുന്ന വാക്കാണിത്. സമൂഹത്തിലെ അസമത്വങ്ങളെക്കുറിച്ചുള്ള അമിതമായ അവബോധവും അനുഭാവവും എന്നാണ് ഏതാണ്ട് അർഥം. വർണ, വർഗ, ലിംഗ, സാമ്പത്തിക, ജാതി, മത വിവേചനങ്ങളാണുദ്ദേശിക്കുന്നത്. 

പെണ്ണായി മാറിയ മകൻ പണമുള്ളവരെയാകെ ശത്രുക്കളായി കാണുന്ന സ്ഥിതിയിലെത്തിയെന്നാണു മസ്ക് പറയുന്നത്. എന്റെ മകൻ മരിച്ചു എന്ന് മസ്കും ഇങ്ങനെയൊരു അച്ഛൻ ഇനി ഇല്ല എന്നു ‘മകളും’ പറഞ്ഞു. സേവിയർ അലക്സാണ്ടർ മസ്ക് എന്ന പേര് മാറ്റി വിവിയൻ ജെന്ന വിൽസൻ എന്നു പേരും മാറ്റി. 

മസ്ക്ക് എന്തിന് ട്വിറ്റർ വാങ്ങി? വോക്കിസത്തെ തകർക്കാൻ മീഡിയ കമ്പനി വേണമെന്നാണ് വിശദീകരണം. സിനിമകളിലും ബിസിനസിലുമെല്ലാം വോക്കിസം (വോക്ക്നെസ്) കടന്നു വന്നിരിക്കുന്നു.

ഭൂമിയെ രക്ഷിക്കുക, ചരിത്രം മാറ്റിമറിക്കുക എന്നതാണ് മസ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. അല്ലാതെ വെറും കച്ചവടമല്ല. കാർബൺ കുറയ്ക്കാൻ ഇലക്ട്രിക് കാർ ടെസ്‌ല. മനുഷ്യൻ ഭൂമിയിലെ മാത്രം ജീവി എന്നതു മാറ്റി മറ്റു ഗ്രഹങ്ങളിലേക്കു പോകാൻ സ്പേസ് എക്സ്.!

ഒ‌ടുവിലാൻ∙ മസ്കിന് എത്ര മക്കളുണ്ട്? 12!! അതിൽ ആദ്യ കുട്ടി മരിച്ചതിനു ശേഷം ആദ്യ ഭാര്യയിൽ 5. ഗ്രൈംസ്, ഷിവോൺ സിലിസ് എന്നീ കാമുകിമാരിൽ 3 വീതം 6.  എല്ലാം ആൺമക്കൾ. 2002ൽ തുടങ്ങി 2024 വരെയുള്ള കണക്കാണിത്. ഇങ്ങനെ പോയാൽ മനുഷ്യനു ഭൂമി തികയാതെ വരും–സംശല്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com