കണ്ണീരുരുൾപെ‍ാട്ടുമ്പോഴെ‍ാരു പാവം മേരി

HIGHLIGHTS
  • ജനൽപ്പാളിയിലൂടെ പുറത്തേക്കു നോക്കിയ മേരിക്കുട്ടിയുടെ കണ്ണുകളിൽ ആകാശം ചാരംപുതച്ചുകിടന്നു. രണ്ടുരാത്രി മുൻപുവരെ അവിടെയൊരു മലയും അവിടെ അവൾക്കൊരു വീടും പ്രിയപ്പെട്ടവരുമുണ്ടായിരുന്നുവെന്നോർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു
Article-pink-rose
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
SHARE

പാതിതുറന്നു കിടന്ന ജനൽപ്പാളി കാറ്റിൽ ഇടയ്ക്കിടെ ചേർന്നടഞ്ഞും കരഞ്ഞുംകൊണ്ടുമിരുന്നു. കാറ്റിൽ ജനാല മലർക്കെ തുറന്നപ്പോൾ വെട്ടത്തിന്റെ വെളുത്ത തുണ്ടുകളെ മുറിയിലെ ഇരുട്ടിലേക്കു ചിന്നിവീഴ്ത്തി പകൽ പുറത്തു പല്ലിളിച്ചുനിന്നു. അവൾക്ക് ആ പകൽ കാണണമെന്നില്ലായിരുന്നു. കണ്ണുകൾ ഇറുക്കെയടച്ച് അവൾ കരയാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. തലേരാത്രിയുടെ ഇരുട്ട് കണ്ണിൽനിന്നു മാഞ്ഞിരുന്നില്ല. തലേന്നു പെയ്ത പേമഴ അവളുടെ കണ്ണിൽനിന്നു തോർന്നിരുന്നുമില്ല. 

– മോൾക്ക് ഇത് എത്രാമത്തെ മാസമാണ്?

അടുത്തിരുന്നു കൊന്തയെത്തിക്കുകയായിരുന്ന ഒരു അമ്മച്ചി അവളുടെ വയറും തടവിക്കൊണ്ടു ചോദിച്ചു. രണ്ടുദിവസമായി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ അവളുടെ തൊട്ടടുത്ത കിടക്കയിൽ ആ അമ്മച്ചിയുമുണ്ട്. കണ്ടുപരിചയമുള്ള മുഖം. വയറ്റുകണ്ണിയോടുള്ള കരുതലും വാത്സല്യവും നിറഞ്ഞുനിന്നു അമ്മച്ചിയുടെ കണ്ണുകളിൽ. അവൾ പക്ഷേ അക്കാര്യം അപ്പാടെ മറന്നുപോയിരുന്നു. അടിവയറ്റിലെ ഒൻപതുമാസക്കുഞ്ഞിന്റെ പിടച്ചിലും ഞെരുക്കവും കുഞ്ഞിക്കാലിളക്കവുമൊന്നും അറിയാതെ ഒരു മരവിപ്പ് അവളെ പുതഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായിരിക്കുന്നു.

– നമുക്ക് പെൺകൊച്ചായിരിക്കും മേരീ.. നിന്നെപ്പോലെ ഒരു സുന്ദരി. നമുക്കവൾക്കു മറിയയെന്നു പേരിടാം... 

എത്രയോവട്ടം അച്ചായൻ അവളുടെ മടിയിൽ തലചായ്ച്ചുകിടന്ന് പറഞ്ഞിരിക്കുന്നു. അച്ചായന് പെൺകുഞ്ഞുവേണമെന്നായിരുന്നു മോഹം. 

പണ്ട് അടിവാരത്തെ സ്കൂളിൽ ഒരുമിച്ചു പഠിക്കുന്ന കാലത്ത്, ഉച്ചക്കഞ്ഞിനേരത്ത് പതിവായി നാരങ്ങാ അച്ചാറ് കൊണ്ടുത്തന്നാണ് അച്ചായൻ ആദ്യമായി പ്രണയം പറഞ്ഞത്. മേരിക്കുട്ടി അന്ന് നാലാംക്ലാസിൽ. അച്ചായന് പഠിപ്പിന്റെ അവസാനക്കൊല്ലമായിരുന്നു അത്; ഏഴാംക്ലാസ്. എട്ടിലേക്ക് ജയിച്ചെങ്കിലും അടിവാരത്തെ സ്കൂളിൽ എട്ടാംക്ലാസ് ഇല്ലാത്തതിനാലും ജീപ്പു കയറിപ്പോകേണ്ട ദൂരത്തെ ടൗണിലെ സ്കൂളിൽ മേരിക്കുട്ടി ഇല്ലാത്തതിനാലും അച്ചായൻ അവിടംകൊണ്ടു പഠിപ്പ് അവസാനിപ്പിക്കുകയായിരുന്നു. പഠിപ്പുനിർത്തിയെങ്കിലും മേരിക്കുട്ടിയെ കാണാൻ അച്ചായൻ പിന്നെയും ഉച്ചക്കഞ്ഞിനേരങ്ങളിൽ വന്നുകൊണ്ടേയിരുന്നു. അച്ചാറിട്ട കറിനാരങ്ങയുടെ ഒരല്ലിയും കയ്യിൽ കാണും. കഞ്ഞിപ്പുരയോടു ചേർന്ന മാവിൻചോട്ടിൽ ഒരുമിച്ചിരുന്നായിരുന്നു അവരുടെ ഉച്ചക്കഞ്ഞിനേരങ്ങൾ. വെള്ളം വറ്റി കലത്തിനടിയിൽ കരിഞ്ഞുപിടിച്ച ചെറുപയറു തോരനും നാരങ്ങാ അച്ചാറും ചേർത്തിളക്കി അവൾ ഉച്ചക്കഞ്ഞി അച്ചായന്റെ വായിലിറ്റിച്ചുകൊടുത്തു. അന്നേ അച്ചായനെന്നേ വിളിച്ചിട്ടുള്ളൂ. അതായിരുന്നു ഇഷ്ടം; വിളിക്കാനും വിളി കേൾക്കാനും. ഏഴാംക്ലാസോടെ മേരിക്കുട്ടിയും പഠിപ്പുനിർത്തി. അതോടെ ഉച്ചക്കഞ്ഞിക്കൂടിക്കാഴ്ചകളില്ലാതായി. 

–എന്തെങ്കിലും രണ്ടുവറ്റ് കഴിക്ക് മോളേ.. വയറ്റിലൊരു പ്രാണനുള്ളതല്ലേ.. അതിനെയിങ്ങനെ പട്ടിണിക്കിടല്ലേ...

അടുത്തിരുന്ന അമ്മച്ചി ഒരു കിണ്ണത്തിൽ കഞ്ഞിയുമായി മേരിക്കുട്ടിയെ കുലുക്കിയുണർത്തി. അമ്മച്ചി നീട്ടിയ സ്റ്റീലിന്റെ ചോറ്റുപാത്രത്തിൽ കൊഴുത്ത കഞ്ഞിവെള്ളത്തിൽ ചോറിൻവറ്റുകൾ നീന്തുന്നതുകണ്ട് മേരിക്കുട്ടി ഒന്നും മിണ്ടാതിരുന്നു. പാത്രത്തിന്റെ വക്കത്തു പറ്റിച്ചേർന്നുകിടന്ന നാരങ്ങാ അച്ചാറ് അവൾ നിർവികാരതയോടെ നോക്കി. കഴിഞ്ഞ രണ്ടു ദിവസമായി ഉറക്കത്തിലും ഉണർവിലും നോവിന്റെ ഉപ്പു ചുവച്ച് അവൾക്ക് അപ്പോഴേക്കും ഓക്കാനം വരുന്നുണ്ടായിരുന്നു. അവൾ വായും പൊത്തിക്കൊണ്ട് ജനാലയ്ക്കലേക്ക് ഓടി. 

ജനാലയോടു ചേർന്നു നിറവയറും താങ്ങിപ്പിടിച്ച് ഓക്കാനിക്കുന്ന മേരിക്കുട്ടിയെ നോക്കി അമ്മച്ചി അടക്കം പറയുന്നതു കേട്ടു; ഇത് പെൺകൊച്ചു തന്നെ...

അടിവാരത്തെ പള്ളിയിൽ കന്യകമറിയത്തിന്റെ രൂപക്കൂടിനു മുന്നിൽ അച്ചായൻ മിന്നുകെട്ടിയ അന്നുമുതൽ ഒരു ചെറുക്കൻകൊച്ചിനെക്കൂടി സ്വപ്നംകണ്ടു തുടങ്ങിയതാണ് മേരിക്കുട്ടി. ഉണ്ണീശോയെപ്പോലൊരു കുഞ്ഞ്. പെൺകൊച്ചാണെങ്കിൽ ഇനി അതിനെ കെട്ടിക്കാനും ഒരിടത്തെത്തിക്കാനുമൊക്കെ കുറച്ചൊന്നുമല്ലല്ലോ ആധി. അച്ചായന് അല്ലെങ്കിൽതന്നെ മലയിലെ പണി കഴിഞ്ഞ് ഒരു നേരംപോലും വെറുതെയിരിക്കാൻ തരപ്പെടാറില്ല. ഇനി ഒരു പെൺകൊച്ചിനെ പെറ്റ് അതിനുള്ള പൊന്നുംപണ്ടവും തരപ്പെടുത്താൻവേണ്ടി ആ പാവം തന്നെ പണിപ്പെടണ്ടേ...അതുകൊണ്ടാണ് മേരിക്കുട്ടി എപ്പോഴും അച്ചായനോട് നമുക്കൊരു ചെറുക്കൻകൊച്ചു മതിയെന്ന് പറഞ്ഞിരുന്നത്. 

– എന്റെ മേരിക്കുട്ടി, ഇവിടെ പെറണ പെണ്ണിനും കൊച്ചിനും പെഴയ്ക്കാനുള്ളത് ഈ മല തന്നെ തരും.. അതിനുള്ളത് നിന്റെ ആൺപെറന്നോൻ കൊണ്ടുത്തരും... അതോർത്ത് നീ വെഷമിക്കണ്ട...

അപ്പോഴൊക്കെ അച്ചായൻ അവളെ ചേർത്തുപിടിച്ചു പറയാറുള്ളത് മേരിക്കുട്ടി വെറുതെ ഓർമിച്ചു.

ശരിയാണ്. എന്നിട്ട് ആ മലയെവിടെ? അവിടെ കിളച്ചും ഉഴുതുമറിച്ചും വിയർപ്പൊഴുക്കിയ ആൺപെറന്നോന്മാരെവിടെ? 

ജനൽപ്പാളിയിലൂടെ പുറത്തേക്കു നോക്കിയ മേരിക്കുട്ടിയുടെ കണ്ണുകളിൽ ആകാശം ചാരംപുതച്ചുകിടന്നു. രണ്ടുരാത്രി മുൻപുവരെ അവിടെയൊരു മലയും അവിടെ അവൾക്കൊരു വീടും പ്രിയപ്പെട്ടവരുമുണ്ടായിരുന്നുവെന്നോർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു. ആകാശം മറയ്ക്കുന്നൊരു മാമല. അച്ചായന്റെ വല്യപ്പന്റെ വല്യപ്പനായിട്ട് ആ മല കയറി വന്നതാണെന്നു കേട്ടിട്ടുണ്ട്. അവിടെയൊരു കൂര കുത്തി, കണ്ണിൽ കണ്ടിടത്തൊക്കെ നട്ടും നനച്ചും വിളയിച്ചും കയ്യിൽവാരിക്കൂട്ടിയ ജീവിതമാണ്. ഇങ്ങനെ ചിതറിക്കിടക്കുമെന്നാരു കണ്ടു! ദൂരെ കൂമ്പാരംകുത്തിക്കിടന്ന മൺകൂനകളിലെവിടെയായിരിക്കും അച്ചായനെന്ന് അവളുടെ നിറകണ്ണുകൾ തിരയുന്നുണ്ടായിരുന്നു. മഴ അപ്പോഴും തോർന്നിരുന്നില്ല. കാണാതായവരെ തിരഞ്ഞ് മനുഷ്യർ ചളിക്കൂനകൾക്കിടയിലൂടെ ഉറുമ്പുകളെപ്പോലെ അരിച്ചുനടക്കുന്നത് മേരിക്കുട്ടി ദൂരക്കാഴ്ചയിൽ കണ്ടു. അവരുടെ നിലവിളി അത്ര ദൂരെനിന്നും അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. 

അവളുടെ കണ്ണുകളിലെ നിർവികാരത കണ്ടിട്ടാകണം,  അടുത്തിരുന്ന അമ്മച്ചി കയ്യിലെ കൊന്തയെടുത്ത് അവൾക്കുനീട്ടി. മേരിക്കുട്ടിയതുവാങ്ങാതെ പ്രതിമ കണക്കെ നിൽക്കുകമാത്രം ചെയ്തു. 

‘‘എത്ര ദെവസായി തുടങ്ങിയ മഴയാണ്. വെള്ളംവാർന്നുവാർന്ന് കാട്ടുമലയുടെ പള്ള വീർത്തുകാണും. അല്ലേലും മഴ തുടങ്ങിയാ പത്തും തെകഞ്ഞു പെറാൻനിൽക്കണ പെണ്ണിനെപ്പോലെയാണ് കാട്ടുമലയെന്ന് കാർന്നോന്മാര് പറയണ്ത് കേട്ടിട്ടില്ലേ? മുന്നീർക്കുടം പൊട്ടിയൊഴുകണ പോലായിരുന്നില്ലേ... ആ വരവിനെ ആര് തടുക്കാൻ? ന്നാലുമെന്റെ പുണ്യാളന്മാരേ...’’ 

നൂലുപൊട്ടിയ കൊന്തയിലെ ജപമണികളെണ്ണുന്നതിനിടയിൽ അമ്മച്ചി പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു. അടിവാരത്തെ പാതി തകർന്ന പള്ളിമേടയിൽനിന്നു വീണ്ടും കൂട്ടമണി മുഴങ്ങുന്നത് അവൾ കേട്ടു. അപ്പോഴേക്കും മേരിക്കുട്ടിക്ക് അവളുടെ അടിവയറ്റിൽ മറ്റൊരു ഉരുളുപൊട്ടിത്തുടങ്ങിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS