മുറിവേറ്റ മൂന്നു ഭൂഖണ്ഡങ്ങൾ

HIGHLIGHTS
  • അപ്പോൾ പൊള്ളലേറ്റ ഇഴജന്തുവിനെപ്പോലെ അവൾ സ്നേഹത്തിന്റെ പത്തിതാഴ്ത്തി; നിഷേധിക്കപ്പെടുന്ന സ്നേഹവായ്പിനോളം പെണ്ണിനെ മുറിപ്പെടുത്തുന്നില്ലല്ലോ മറ്റൊന്നും
family-meta-ai
Image created by Meta AI
SHARE

പാതിമുറിഞ്ഞ പരിഭവങ്ങളോരോന്ന് എണ്ണിപ്പെറുക്കി കരച്ചിലിന്റെ വക്കോളമെത്തിയാണ് അമ്മ കഴിഞ്ഞയാഴ്ചയും ഫോൺസംസാരം അവസാനിപ്പിച്ചത്. അമ്മ പണ്ടും ഒരു പരിഭവക്കാരിയായിരുന്നല്ലോ എന്ന പതിവു വാചകത്തിനപ്പുറം മറുപടി പറയാനൊന്നും നീനയും മിനക്കെട്ടില്ല. അമേരിക്കയിൽനിന്ന് കൂടെക്കൂടെ അമ്പലപ്പുഴയിലെ തറവാട്ടിലേക്കു പോകാൻ കഴിയുമോ? ജോലിത്തിരക്കും അപർണമോളുടെ ക്ലാസും രാജീവിന്റെ ബിസിനസ് യാത്രകളുമൊക്കെയായി ജീവിതം സർക്കസ് പോലെ മാനേജ് ചെയ്യുന്നതിന്റെ ടെൻഷൻ നാട്ടിൽ കാവും തൊടിയും മരുന്നും മന്ത്രവുമായിരിക്കുന്ന അമ്മയ്ക്കു പറഞ്ഞാൽ മനസ്സിലാകില്ല. 

‘‘മോളെന്താ അമ്മയുടെ അടുത്തേക്കു വരാത്തേ? കഴിഞ്ഞ ഓണത്തിനും വിഷുവിനും നിയ്യ് വന്നില്യാ...’’ എന്നൊക്കെ പറഞ്ഞ് അമ്മ പരിഭവക്കെട്ട് അഴിക്കുമ്പോഴേക്കും നീന ഫോൺ ലൗഡ് സ്പീക്കർ മോഡിലിട്ട് ജോലിത്തിരക്കിലേക്കു തിരിച്ചുപോകും. ഇടയ്ക്കൊന്നു മൂളിക്കൊടുത്താൽ മതി... അമ്മയിങ്ങനെ റേഡിയോ പോലെ എന്തൊക്കെയോ നീട്ടിപ്പരത്തി പറഞ്ഞുകൊണ്ടിരിക്കും.. ചിലപ്പോൾ കരയുന്നതും കേൾക്കാം.. നീന വെറുതെ യാന്ത്രികമായി കുറേ നേരം അതു കേൾക്കുമെന്നല്ലാതെ തിരിച്ചൊന്നും പറയാറില്ല... അമ്മയുടെ എണ്ണിപ്പെറുക്കലും നീനയുടെ മൂളിക്കേൾക്കലും മിണ്ടാതിരിപ്പുമായി ആ ഫോൺ കോൾ അവസാനിക്കും... അതാണ് രീതി. 

അച്ഛനാണ് ഭേദമെന്നു നീനയ്ക്കു തോന്നാറുണ്ട്. ഫോൺചെയ്ത് ശല്യപ്പെടുത്താറില്ല. വല്ലപ്പോഴും ഒരു വോയിസ് മെസേജ്. അളന്നുമുറിച്ചെടുത്ത വാക്കുകൾ... പരുക്കൻ ശബ്ദത്തിലുള്ള ആ വോയ്സ് മെസേജിൽ കാര്യമായൊന്നുംതന്നെ പറയാനുണ്ടാകാറില്ല അച്ഛന്. നീന അതിനൊരു സ്മൈലി തിരിച്ചയയ്ക്കും. സമയമുണ്ടെങ്കിൽ തിരിച്ച് ഒരു വോയിസ് റിപ്ലൈ അയച്ചെങ്കിലായി... ‘‘ഓകെ അച്ഛാ.. ടേക്ക് കേയർ...’’ അത്രയേ ഉണ്ടാവാറുള്ളു അവൾക്കും പറയാൻ... 

രണ്ടു ഭൂഖണ്ഡങ്ങളിലേക്കു ജീവിതം വഴിമുറിഞ്ഞു മാറിയതോടെ അച്ഛനും അമ്മയുമൊക്കെ വെറും ആചാരം മാത്രമായെന്ന് നീന ചിലപ്പോഴെങ്കിലും ഒരു നെടുവീർപ്പോടെ ഓർമിക്കാറുണ്ട്. അപ്പോൾ കടലുകൾക്കപ്പുറം അമ്പലപ്പുഴയെന്ന കൊച്ചുഗ്രാമവും അവിടത്തെ തറവാടും  കാവും തൊടിപ്പച്ചയും ഇടവഴിയുമെല്ലാം ക്ഷണനേരംകൊണ്ട് അവളുടെ ഓർമയിലേക്കു തിരികെയെത്താറുണ്ട്. ആ ഓർമയിൽ തെല്ലുകുറ്റബോധത്തോടെ കണ്ണുനിറയാറുമുണ്ട്. 

ഒരിക്കലും ഒരു നല്ല മകളാകാൻ തനിക്കു കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം തീർക്കാൻ നീന ചിലപ്പോഴൊക്കെ അപർണയുടെ മുറിയിലേക്കു ചെന്ന് സ്നേഹസമ്പന്നയായ അമ്മയാകാൻ ശ്രമിക്കുമായിരുന്നു. പണ്ട് അമ്മ അവളെ സ്നേഹിച്ചിരുന്നതുപോലെ ചേർത്തുപിടിച്ചും, നെറ്റിയിൽ ഉമ്മവച്ചും, മുടിയിഴകളിൽ വിരലോടിച്ചും നീനയും അപർണയുടെ മേൽ സ്നേഹം വാരിച്ചൊരിയും... ‘‘അപൂ, മൈ സ്വീറ്റീ...എനിക്ക് എന്തിഷ്ടമാണ് നിന്നെയെന്ന് നീയറിയുന്നുണ്ടോ...’’ എന്നു കൊഞ്ചിച്ചോദിക്കും. പുതിയ ബോയ്ഫ്രണ്ടിനൊപ്പം ഡേറ്റിങ്ങിനുള്ള ലൊക്കേഷനെക്കുറിച്ചോ ക്ലാസ്മേറ്റ്സിനൊപ്പം ഹാങ്ങൗട്ടിനുള്ള കോഫി ഷോപ്പിനെക്കുറിച്ചോ ആലോചിക്കുന്ന തിരക്കിലായിരിക്കും മിക്കപ്പോഴും അപർണ. അവൾ നിഷ്കരുണം നീനയുടെ കൈ തട്ടിമാറ്റും. 

‘‘അമ്മാ.. മൈൻഡ് യുവർ ബിസിനസ്...’’

പൊള്ളലേറ്റ ഇഴജന്തുവിനെപ്പോലെ നീന അപ്പോൾ മാതൃസ്നേഹത്തിന്റെ പത്തിതാഴ്ത്തും. നിഷേധിക്കപ്പെടുന്ന സ്നേഹവായ്പിനോളം പെണ്ണിനെ മുറിപ്പെടുത്തുന്നില്ലല്ലോ മറ്റൊന്നും. 

‘‘നീയെന്റെ മകൾ തന്നെയാണോ അപൂ...’’

സകല ക്രൗര്യത്തോടെയും അപമാനത്തോടെയും വിഷം ചീറ്റി നീന ഒടുവിൽ തളർന്നുചെന്നിരിക്കുമ്പോഴായിരിക്കും രാജീവ് കളിയാക്കാൻ അടുത്തുവരിക..

‘‘നിന്റെയീ നാടൻ സെന്റിമെന്റ്സ് ഒന്നും അവളുടെയടുത്ത് വർക്കൗട്ട് ആകില്ല നീന... ലീവ് ഹേർ... ഷീ ഇസ് നോട്ട് ദാറ്റ് ബ്രീഡ്...’’

ശരിയാണ്.. അപർണ എല്ലാ കാര്യത്തിലും രാജീവിനെപ്പോലെയാണ്... നീന ഒരിക്കലും രാജീവിനെപ്പോലെ ആയിരുന്നുമില്ല. 

അച്ഛനും അമ്മയ്ക്കുമിടയിലെ പ്രണയശൂന്യമായ ദാമ്പത്യം കണ്ടുവളർന്ന നീനയ്ക്കു പക്ഷേ രാജീവിന്റെ പരുക്കൻ സ്വഭാവത്തോട് പരാതിയില്ലായിരുന്നു. ജീവിതം അമേരിക്കയിലായാലും അമ്പലപ്പുഴയിലായാലും ഇങ്ങനെയൊക്കെത്തന്നെ എന്ന വിചിത്ര സമവാക്യത്തിലേക്ക് നീന അവളുടെ എല്ലാ കണക്കുകൂട്ടലുകളെയും കൊണ്ടെത്തിച്ചിരുന്നു. 

രണ്ടുവർഷം മുൻപാണ് നീന നാട്ടിലേക്കു വന്നുപോയത്. അന്നും രാജീവും അപർണയും കൂടെ വന്നിരുന്നില്ല. ഇത്തവണ അമ്മയുടെ ഫോൺവിളികൾ സഹിക്കവയ്യാതായപ്പോൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അമ്മയ്ക്കു തന്നെ കാണാതെ വയ്യെന്നായിരിക്കുന്നു. അച്ഛനും രണ്ടു തവണ ആവശ്യപ്പെട്ടു. അവസാനം അയച്ച വോയിസ് മെസേജിൽ അച്ഛൻ കടുപ്പിച്ചു പറഞ്ഞിരുന്നു.

‘‘നീനാ.. നിയ്യ് ഒന്നിവിടംവരെ വരണം... അധികം ദിവസമൊന്നും വേണ്ട. ഞങ്ങടെ കാലം കഴിഞ്ഞാൽ ഇതൊന്നും അന്യാധീനപ്പെട്ടുപോകരുത്... ചില പേപ്പറുകൾ ശരിയാക്കാനുണ്ട്. മൂർത്തിവക്കീലോട് എല്ലാം സംസാരിച്ചുറപ്പിച്ചിട്ടുണ്ട്. ചില ഒപ്പുകളുടെ ആവശ്യംകൂടിയേ ഇനി ബാക്കിയുള്ളൂ...’’

അച്ഛന്റെ മെസേജ്കൂടി കേട്ടപ്പോൾ നീനയ്ക്കു വരാതിരിക്കാൻ കഴിയില്ലെന്നായി. പാടവും പറമ്പും തൊടിയും തറവാടുമൊക്കെയായി സ്വത്ത് കുറെയേറെയുണ്ട്. എല്ലാം ഇനി അപർണയ്ക്കുള്ളതാണ്; അവൾക്കതൊന്നും വേണ്ടിവരില്ലെങ്കിലും. 

റോഡിനു മുന്നിലെ ചുവന്ന വെളിച്ചം കണ്ടാണ് നീന പെട്ടെന്ന് ഉറക്കത്തിൽനിന്നുണർന്നത്. അമേരിക്കയിൽനിന്നുള്ള മണിക്കൂറുകൾ നീണ്ട ഫ്ലൈറ്റ് യാത്രയും അമ്പലപ്പുഴയിലേക്കുള്ള ടാക്സിയാത്രയുമെല്ലാംകൂടി നീന ആകെ തളർന്നിരുന്നു. റോഡിലെ റെയിൽവേ ക്രോസിൽ ചുവന്ന സിഗ്നൽ കത്തിക്കിടക്കുന്നതുകണ്ടാണ് ഡ്രൈവർ കാർ നിർത്തിയത്. അപ്പോൾതന്നെ അച്ഛന്റെ നമ്പറിൽനിന്നൊരു കോൾ വരികയും ചെയ്തു. തറവാട്ടിലേക്കല്ല, നേരെ വക്കീലാപ്പീസിലേക്കു വന്നാൽമതിയെന്നു പറഞ്ഞ് അച്ഛൻ ഫോൺ കട്ട് ചെയ്തു. നീനയ്ക്കു ദേഷ്യം തോന്നി. ഇഷ്ടാധാരം എഴുതിവയ്ക്കാൻ അച്ഛൻ എന്തിനാണിത്ര ധൃതി കൂട്ടുന്നതെന്നോർത്ത് നീന കാറിലിരുന്ന് പിറുപിറുത്തു. റെയിൽവേക്രോസ് കഴിഞ്ഞു രണ്ടു വളവു തിരിഞ്ഞപ്പോഴേക്കും വക്കീലിന്റെ ഓഫിസ് എത്തി. മൂർത്തി വക്കീൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 

‘‘വരണം മിസിസ് രാജീവ്...’’ മൂർത്തിവക്കീൽ മുറുക്കി കറ പിടിച്ച പല്ലുകാട്ടി ചിരിച്ച് അവളെ ഓഫിസിലേക്കു സ്വാഗതം ചെയ്തു. അവളത് കണ്ട ഭാവം നടിക്കാതെ അകത്തേക്കു കയറിച്ചെന്നു. സന്ദർശക മുറിയിലെ സോഫയിൽ ഒരു പഴന്തുണിക്കെട്ടുപോലെ മുഷിഞ്ഞും കുഴഞ്ഞും അമ്മ ഇരിപ്പുണ്ടായിരുന്നു. ആ കാഴ്ച കണ്ട് നീനയുടെ കണ്ണുനിറഞ്ഞു. അമ്മാ... അവൾ നീട്ടിവിളിച്ചു. കോട്ടൺസാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ച് അമ്മ അവളെ അടുത്തേക്കു വിളിച്ചു ചേർത്തുപിടിച്ചിരുത്തി. 

‘‘ന്റെ കുട്ടി വന്നല്ലോ...’’ അമ്മയുടെ നരച്ച മുടിക്കു കാച്ചെണ്ണയുടെ മണമുണ്ടായിരുന്നു. നെറ്റിയിൽ ചന്ദനക്കുറി പാതി മാഞ്ഞുംതെളിഞ്ഞും കിടന്നു. അവളെ കണ്ടതോടെ മുഖം പ്രസാദാത്മകമായി. അപ്പോഴാണ് നീന അച്ഛനെ ശ്രദ്ധിച്ചത്. ഒരു സിഗരറ്റും പുകച്ച് ജനലിനോടു ചേർന്നു നിൽക്കുന്നു. അവളെ കണ്ടിട്ട് മുഖത്തൊരു പരുക്കൻ ചിരി മിന്നിയെന്നു തോന്നി. കുറെ നേരത്തെ നിശബ്ദത. സീലിങ് ഫാനിന്റെ ഞെരുക്കവും കറക്കവുമല്ലാതെ ആ മുറിയിൽ ആർക്കും ജീവനില്ലെന്നുപോലും തോന്നി. മൂർത്തിവക്കീൽ ചില കടലാസുകളുമായി മുറിയിലേക്കു വന്നപ്പോൾ അച്ഛൻ കസേര വലിച്ചിട്ട് മേശയ്ക്കരുകിൽ ഇരുന്നു.

‘‘എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഇനി വൈകണമെന്നില്ല, ഒപ്പിടാം..’’

അച്ഛൻ പോക്കറ്റിൽനിന്നു പേനയെടുത്തെങ്കിലും ഒപ്പിടാൻ തെല്ലു മടിച്ചുനിന്നു. അപ്പോഴേക്കും അമ്മ സോഫയിൽനിന്ന് എഴുന്നേറ്റുവന്നു. അച്ഛന്റെ കയ്യിൽനിന്ന് ആ പേന വാങ്ങി ആദ്യത്തെ ഒപ്പിട്ടു, പിന്നാലെ അച്ഛനും. അവർ രണ്ടുപേരും രണ്ടു ദിക്കുകളിലേക്കു നോക്കി ആ കൊച്ചുമുറിക്കുള്ളിലാകാവുന്നത്ര വിദൂരതയിലേക്കു വേർപെട്ടുനിന്നു. നീനയ്ക്ക് ഒന്നും മനസ്സിലായില്ല...

ഒപ്പിട്ട കടലാസു ചുരുട്ടി കവറിലാക്കി മൂർത്തി വക്കീൽ അടുത്ത മുറുക്കിനുള്ള വെറ്റില കയ്യിലെടുത്തു.

‘‘മ്യൂച്ചൽ ഡിവോഴ്സ് പെറ്റിഷൻ ആയതുകൊണ്ട് വലിയ പ്രശ്നമൊന്നും ഉണ്ടാവില്യ, പിന്നെ പ്രോപ്പർട്ടിയുടെ കാര്യം. നീന ഒറ്റ മകളായതുകൊണ്ട് അതിലും തർക്കമില്ല. കോടതിക്കാര്യങ്ങൾ ഞാൻ നോക്കിക്കോളാം..’’

കൺമുന്നിൽ ലോകം രണ്ടായി പിളരുന്നതുപോലെ തോന്നി നീനയ്ക്ക്. മുറിക്കുള്ളിലെ നിശ്ശബ്ദതയ്ക്കു ഭാരംകൂടിക്കൂടി വരുന്നതുപോലെ.. ആ കൊച്ചുമുറിക്കുള്ളിൽ മൂന്നു ഭൂഖണ്ഡങ്ങളെപ്പോലെ അവർ അടർന്നുമാറിനിന്നു. രണ്ടു ജനലോരങ്ങളിലേക്കു മാറി രണ്ടു വിദൂരതകളിലേക്കു നോക്കിനിൽക്കുന്ന അച്ഛനെയും അമ്മയെയും അവൾക്കു മനസ്സിലാകുന്നില്ലായിരുന്നു. അല്ലെങ്കിലും ഒരിക്കലും താൻ അവരെ മനസ്സിലാക്കിയിരുന്നില്ലല്ലോ എന്ന കുറ്റബോധത്തോടെ നീന കുറച്ചുനേരം കണ്ണടച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS