ADVERTISEMENT

അസ്സൽ കായൽ മീനും പച്ചിലക്കൂട്ടും കൊണ്ട് മീൻ പൊള്ളിച്ചാലോ. അഷ്ടമുടിക്കായലിലെ അഴുക മീൻ ആണെങ്കിൽ ഏറ്റവും നല്ലത്. അഴുകയില്ലെങ്കിൽ ഇടത്തരം മീനുകളെയും പരിഗണിക്കാം. അതിനോടൊപ്പം നല്ല നാടൻ ഇലകൾ കൊണ്ട് പച്ചിലക്കൂട്ടും ഒരുക്കണം. വീട്ടുവളപ്പിലുള്ള ഇലകൾകൊണ്ട് തയാറാക്കിയ കൂട്ടുകൊണ്ട് രുചികരമായ മീൻ പൊള്ളിച്ചത് എങ്ങനെ തയാറാക്കണമെന്ന് നോക്കിയാലോ?. 

 

അഷ്ടമുടി പച്ചില മീൻ 

 

ചേരുവകൾ 

 

അഷ്ടമുടിക്കായലിലെ അഴുക മീൻ അല്ലെങ്കിൽ ഇടത്തരം വലുപ്പമുള്ള മത്സ്യം – 1

കല്ലുപ്പ് – ആവശ്യത്തിന്

കുരുമുളക് – 20 ഗ്രാം

കറിവേപ്പില – ഒരു പിടി

വെളിച്ചെണ്ണ – 100 മില്ലി

മാവില –2

നാരകത്തിന്റെ ഇല – 2

പുളിയില – 5 തണ്ടുകൾ

ചെറിയുള്ളി – 5

കാന്താരി മുളക് – 10–15 (പച്ചമുളകാണ് നിങ്ങൾക്കിഷ്ടമെങ്കില്‍ അതും ഉപയോഗിക്കാം)

 

തയാറാക്കുന്ന വിധം

 

കേരളത്തിന്റെ സ്വന്തം പച്ചിലക്കൂട്ടിൽ പൊള്ളിച്ച് ചുട്ടെടുത്ത ഒരുഗ്രൻ മീൻ വിഭവം. മാവില, പുളിയില, നാരകത്തിന്റെ ഇല, കറിവേപ്പില ഇത് നാലും ചേർന്നാൽ ഒരുഗ്രൻ രുചിയാണ്. അഷ്ടമുടിക്കായലിലെ അതീവ രുചികരമായ അഴുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ അഴുക തന്നെ വേണമെന്നു നിർബന്ധമില്ല. മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വരഞ്ഞ് അതിനോടൊപ്പം കല്ലുപ്പും ചതച്ച ഉണക്ക കുരുമുളകും ചേർത്ത് അരച്ച് അതു മീനിൽ പുരട്ടി വയ്ക്കണം. ഒരുപിടി കറിവേപ്പില വെളിച്ചെണ്ണയിൽ വറുത്തു കോരി വയ്ക്കണം. ഒരു മിക്സിയിൽ നാര് കളഞ്ഞ മാവിലയും ചുവന്നുള്ളിയും പുളിയിലയും നാരകത്തിന്റെ ഇലയും കുറച്ചു കാന്താരി മുളകും വറുത്ത കറിവേപ്പിലയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഒട്ടും വെളളം ചേർക്കാതെ കറിവേപ്പില വറുത്ത വെളിച്ചെണ്ണയിലാണ് അരച്ചെടുക്കുന്നത്. കറിവേപ്പില വറുത്തരയ്ക്കുന്നത് കൂടുതൽ മണത്തിനും രുചിക്കുമാണ്. ഉപ്പും കുരുമുളകും പിടിച്ചിരിക്കുന്ന മീനിന്റെ മുകളിലേക്ക് പച്ചിലമസാലയും  ഒരു നാരങ്ങാ നീരും ചേർത്തു നന്നായി പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. 

 

വാട്ടിയ വാഴയിലയിൽ കറിവേപ്പില വിതറി, മസാല തേച്ച മീൻ വച്ച് മുകളിൽ ഒരു അൽപം വെളിച്ചെണ്ണ തൂവി നന്നായി പൊതിഞ്ഞെടുക്കണം. കട്ടിയുള്ള ചീനച്ചട്ടി വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കണം. മീൻ ഒരോ വശവും 8 മുതൽ 10 മിനിറ്റ് വരെ ചുട്ടെടുക്കണം. മീൻ അതിന്റെ സ്വാഭാവിക രുചിയോടെ കപ്പയ്ക്കൊപ്പം കഴിച്ചാൽ ഏറെ രുചികരമാണ്. 

 

Content Summary : Ashtamudi Herbal Fish Recipe by Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com