വാഹ്! റൂഹ്! ഒരു പഴക്കട തന്നെ ഒരു ഗ്ലാസിൽ... അതാണ് റൂഹ് അഫ്സ!
Mail This Article
ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ, ആപ്പിൾ, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, മുന്തിരി, തണ്ണിമത്തൻ, ആമ്പൽ, താമര, മല്ലി, കാരറ്റ്, മിന്റ്, റോസ്... വിഭവസമൃദ്ധമായ ഒരു വിരുന്നിന്റെ മണമടിക്കുന്നുണ്ടോ? അല്ല! എല്ലാം കൂടി ഒരു കുപ്പിക്കീഴിൽ ലഭിക്കുന്ന ഒരു പാനീയത്തെക്കുറിച്ചു പറയുകയാണ്. പേര് റൂഹ് അഫ്സ. അർഥം Soul Refresher അഥവാ ആത്മപോഷിണി! ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും പ്രശസ്തമെങ്കിലും ആൾ ഇന്ത്യനാണ്. മനം മയക്കുന്ന സുഗന്ധവും രുചിയുമാണെങ്കിലും ലഹരിയുടെ അംശമില്ല. പക്ഷേ കുടിച്ചിഷ്ടപ്പെട്ടവർക്ക് ഒരു ലഹരി തന്നെ. നോമ്പുകാലത്തു വടക്കേ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയുമെല്ലാം ഇഫ്താർ വിരുന്നുകളിൽ റൂഹ് അഫ്സ എന്ന സിറപ്പ് ചേർത്ത പാനീയങ്ങൾ സൂപ്പർ സ്റ്റാറാണ്; ഓണക്കാലത്തെ നമ്മുടെ സദ്യവട്ടങ്ങളിലെ പാൽപായസം പോലെ!
പ്രശസ്തമായ കറാച്ചി ബിസ്കറ്റ് പോലെ ഒരു ബ്രാൻഡ് ആണ് റൂഹ് അഫ്സ. നിർമാതാക്കൾ ഡൽഹിയിലെ ഹംദർദ് ലബോറട്ടറീസ്. ഹംദർദിന്റെ സ്ഥാപകനായ യുനാനി വൈദ്യൻ ഹക്കിം ഹാഫിസ് അബ്ദുൽ മജീദ് 1906ലാണ് റൂഹ് അഫ്സ സിറപ്പ് ഉണ്ടാക്കിയെടുത്തത്. ഇന്ത്യാ വിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മക്കൾ പാക്കിസ്ഥാനിലേക്കും കിഴക്കൻ പാക്കിസ്ഥാനിലേക്കും കുടിയേറിയതോടെ അവിടെയും ബ്രാഞ്ചുകളായി.
നൂറ്റാണ്ടു നീണ്ട ചരിത്രമുള്ളതു കൊണ്ടു തന്നെ റൂഹ് അഫ്സത്തുള്ളികൾ കഥയിലും കവിതയിലുമെല്ലാം ഇറ്റു വീണിട്ടുണ്ട്. ഹിന്ദുസ്ഥാനി കവികൾ മുതൽ നമ്മുടെ കോട്ടയംകാരി അരുന്ധതി റോയിയുടെ ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് എന്ന പുസ്തകത്തിൽ വരെയുണ്ട് റൂഹ് അഫ്സയുടെ പ്രസൻസ്. രുചിപ്പെരുമ പറഞ്ഞു നടക്കുന്നവരാണ് റൂഹ് അഫ്സയുടെ യഥാർഥ അംബാസഡർമാർ.
പച്ചവെള്ളം മുതൽ നറുംപാൽ വരെയുള്ളവരുമായി റൂഹ് അഫ്സ കൂട്ടുകൂടും. ഐസ് വെള്ളത്തിൽ റൂഹ് അഫ്സ മിക്സ് ചെയ്താൽ റൂഹ് അഫ്സ സർബത്തായി, പാലിലാണെങ്കിൽ റൂഹ് അഫ്സ ഷേക്ക്. ഐസ്ക്രീമിനെയും കുൽഫിയെയും ഫലൂദയെയുമെല്ലാം റൂഹ് അഫ്സ പനിനീർ പൂശിയ പോലെയാക്കും. ഇതെല്ലാം കേൾക്കുമ്പോൾ ഒന്നു രുചിച്ചു നോക്കാൻ തോന്നുന്നുവോ? കേരളത്തിൽ അത്ര പോപ്പുലർ അല്ലെങ്കിലും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ലഭ്യമാണ്.
English Summary : The drink is commonly associated with the month of Ramadan, in which it is usually consumed during iftar.