ലേഡീസ് സ്പെഷലാണോ? പിങ്ക് സിറ്റിക്ക് ചേർന്ന ദോശയ്ക്ക് എങ്ങനെ ഈ നിറമായി
Mail This Article
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരമാണ് ജയ്‌പൂർ. ആ പേരിനെ അർഥവത്താക്കുന്ന രീതിയിൽ ഒരു പിങ്ക് ദോശ പരിചയപ്പെടുത്തുകയാണ് ആ നഗരം. ഒരു തെരുവ് കച്ചവടക്കാരനാണ് വ്യത്യസ്‍ത നിറത്തിലുള്ള ദോശയുണ്ടാക്കി വിളമ്പുന്നത്. ഒരു ഫുഡ് വ്ലോഗർ പരിചയപ്പെടുത്തിയ ദോശ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്. എങ്ങനെ ദോശയ്ക്ക് ഈ നിറമായി എന്നാണ് സോഷ്യൽ ലോകത്തിനു അറിയേണ്ടത്. ഒരു യഥാർഥ ദോശ പ്രേമിയ്ക്ക് നിറത്തിലും രുചിയിലുമുള്ള ഈ മാറ്റം ഉൾക്കൊള്ളാൻ കഴിയുമോ എന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നുണ്ട്.
ജയ്‌പൂരിലെ ബജാജ് നഗറിലെ ഹനുമാൻ ക്ഷേത്രത്തിനടുത്തു സ്ഥിതി ചെയ്യുന്ന ബാലാജി ഫാസ്റ്റ് ഫുഡ് എന്ന ചെറുകടയിലാണ് വ്യത്യസ്ത നിറത്തിലുള്ള ദോശ ലഭിക്കുന്നത്. അരിയും ഉഴുന്നും ചേരുന്ന വെളുത്ത നിറത്തിലുള്ള ദോശ മാവിന് എങ്ങനെ ഈ നിറം ലഭിക്കുന്നു എന്ന് വിഡിയോയിൽ വ്യക്തമാണ്. ആശങ്കപ്പെടേണ്ട കാര്യമൊന്നും ഈ നിറത്തിനു പുറകിൽ ഇല്ല എന്നതാണ് വസ്തുത. ശരീരത്തിന് ദോഷമാകുന്ന കൃത്രിമമായ ഒന്നും ഇതിലില്ല എന്ന് മാത്രമല്ല, ആരോഗ്യത്തിനു ഗുണമേകുന്ന ബീറ്റ്‌റൂട്ടാണ് ദോശയ്ക്ക് പിങ്ക് നിറം നൽകുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസിൽ തയാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് കലക്കിയാണ് ദോശ ചുടുന്നത്. ''പിങ്ക് സിറ്റിയിലെ പിങ്ക് ദോശ'' എന്നാണ് വിഡിയോയ്ക്കു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പച്ചക്കറികളും സോസും മസാലയും ചീസുമൊക്കെ ഒരുമിച്ചു മിക്സ് ചെയ്ത് ദോശയുടെ മുകളിൽ പരത്തിയതിനുശേഷം നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിച്ചാണ് ആവശ്യക്കാർക്ക് വിളമ്പി നൽകുന്നത്. പാത്രത്തിൽ എടുത്തു വെച്ചിരിക്കുന്ന ദോശയുടെ മുകളിൽ അവസാന മിനുക്കുപണിയെന്നോണം കുറച്ചു ചീസ് കൂടി ചേർക്കുന്നുണ്ട്. രണ്ടുതരത്തിലുള്ള ചമ്മന്തിയും സാമ്പാറും ദോശയ്‌ക്കൊപ്പം വിളമ്പുന്നുണ്ട്.
ദോശ കണ്ട സോഷ്യൽ ലോകം, പിങ്ക് നഗരമെന്ന ജയ്‌പൂരിന്റെ വിശേഷണത്തോട് ഏറ്റവും യോജിക്കുന്ന ഒന്നാണ് ഈ നിറത്തിലുള്ള ദോശ എന്നാണ് കമെന്റുകളിലൂടെ പറയുന്നത്. ആരോഗ്യത്തിനു ഏറെ ഗുണകരമായ ബീറ്റ്‌റൂട്ട് ദോശയിൽ ചേർക്കുന്നതിനെയും ഇത്തരത്തിൽ ഒരു പുതിയ വിഭവം കണ്ടുപിടിച്ചതിനെയും ഈ തെരുവ് കച്ചവടക്കാരനെ അഭിനന്ദിക്കുന്നവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്. നിറം പിങ്ക് ആയതു കൊണ്ടുതന്നെ ഈ ദോശയെ ലേഡീസ് സ്പെഷ്യൽ എന്ന് വിശേഷിപ്പിച്ചവരുമുണ്ട്. എന്തായാലും പിങ്ക് ദോശയുടെ വിഡിയോ ഇതിനകം കണ്ടത് 1. 4 മില്യൺ ആളുകളാണ്.
English Summary: Viral Jaipur's Unique Pink Dosa