ഇതെന്താ മഴത്തുള്ളി കേക്കോ! ആരു കണ്ടാലും അതിശയിക്കും കാലറി കുറഞ്ഞ ഈ മധുരപലഹാരം
Mail This Article
കണ്ടാൽ വലിയൊരു മഴത്തുള്ളി, ഉരുണ്ടിരിക്കുന്ന ആ മഴത്തുള്ളിയെ നമുക്ക് മുറിച്ചു കഴിക്കാം. അതെ ജപ്പാന്റെ ഏറ്റവും ജനപ്രിയമായ മധുര പലഹാരങ്ങളിൽ ഒന്നായ മിസു ഷിൻഗെൻ മോച്ചി എന്ന മഴത്തുള്ളി കേക്ക് ഭക്ഷണപ്രിയര്‍ക്കിടയിൽ അദ്ഭുതം നിറയ്ക്കുന്ന ഒന്നാണ്.ഒരു വലിയ മഴത്തുള്ളി, കേക്ക് രൂപത്തിൽ ആക്കി തന്നാൽ എങ്ങനെ ഉണ്ടാകും. കുറഞ്ഞ കാലറിയുള്ള ഇത് മനോഹരമായ വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള കേക്ക് പരമ്പരാഗത ജാപ്പനീസ് മധുരപലഹാരമാണ്.
ജാപ്പനീസ് ഭാഷയിൽ മിസു ഷിൻഗെൻ മോച്ചി എന്ന് വിളിക്കപ്പെടുന്ന മഴത്തുള്ളി കേക്ക് ഉത്ഭവിച്ചത് യമനാഷി പ്രിഫെക്ചറിലാണ്. പരമ്പരാഗത ഷിൻഗെൻ മോച്ചിയുടെ ഒരു വകഭേദമാണിത്. ഗ്ലൂറ്റിനസ് അരിപ്പൊടിയും പഞ്ചസാരയും കൊണ്ട് നിർമ്മിച്ച മധുരമുള്ള കേക്കായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ സുതാര്യവും ക്രിസ്റ്റൽ രൂപത്തിലുള്ളതുമായ ഒരു ഗോളമാണ്, കൂടാതെ ഗ്ലൂറ്റിനസ് അരിപ്പൊടിക്ക് പകരം അഗർ-അഗർ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.
റെയിൻഡ്രോപ്പ് കേക്ക് ഉണ്ടാക്കുന്നത് ഒറ്റനോട്ടത്തിൽ ലളിതമാണ്, രണ്ട് ചേരുവകൾ മാത്രമേയുള്ളു: വെള്ളവും അഗറും. ജെലാറ്റിനു പകരമായിട്ടാണ് വീഗന്‍ ഉത്പന്നമായ അഗര്‍ പൗഡർ ഉപയോഗിക്കുന്നത്. കാലറി കുറഞ്ഞ ഒരു വീഗന്‍ വിഭവമാണിത്. അഗര്‍ പൗഡറും പഞ്ചസാരയും വെള്ളത്തില്‍ ചേർത്ത് തിളപ്പിക്കുന്നു. ശേഷം ഇത് ചൂടാറിയ ശേഷം ഫ്രിജില്‍ വച്ച് തണുപ്പിക്കുന്നു. ഇത് സാധാരണയായി കിനാക്കോ (വറുത്ത സോയാ പൊടി), കുറോമിറ്റ്സു (കറുത്ത പഞ്ചസാര സിറപ്പ്) എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. അതിൽ രണ്ടാമത്തേത് കേക്കിന് താത്കാലിക ദൃഢത നൽകുന്ന മോളാസസ് പോലെയുള്ള ഒന്നാണ്. സിറപ്പ് ചേർത്താലും, റഫ്രിജറേറ്ററിന് പുറത്ത് മഴത്തുള്ളി കേക്ക് അതിന്റെ രൂപം ഏകദേശം അര മണിക്കൂർ മാത്രമേ നിലനിർത്തൂ.