ADVERTISEMENT

പല തരത്തിലുള്ള വിഭവങ്ങൾ നമ്മുടെ ദിനംപ്രതിയുള്ള ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്. ബിരിയാണിയും നൂഡിൽസും കുഴിമന്തിയുമൊക്കെ വളരെ താല്പര്യത്തോടെ കഴിക്കുമെങ്കിലും ചോറിനോട് എപ്പോഴും പ്രിയമേറെയാണ് മലയാളികൾക്ക്. അത് ശരിവയ്ക്കുകയാണ് നമ്മുടെ പ്രിയതാരം ആസിഫ് അലി. തനിക്കേറെ ഇഷ്ടപ്പെട്ടതു ചോറും അതിനൊപ്പം തനി നാടൻ കറികളുമാണെന്നു ഒരു സ്വകാര്യ അഭിമുഖത്തിൽ താരം വിശദീകരിക്കുന്നുണ്ട്. കേൾക്കുന്നവരിൽ കൊതിയുണർത്തുന്ന രീതിയിലുള്ള വിശദീകരണവും ഏതൊരു മലയാളിയും കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവങ്ങളുമാണ് ആസിഫ് അലിയുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിലുള്ളത്. 

ചോറിനൊപ്പം ഒഴിച്ചുകറിയായി ചക്കക്കുരുവും മാങ്ങയും മുരിങ്ങയ്ക്കയും അതിനൊപ്പം ചെമ്മീനോ അല്ലെങ്കിൽ ഉണക്കമീനോ കൂടി ചേർക്കാം. ചോറിനു മുകളിലായി തൈരും മാങ്ങ അച്ചാറും പപ്പടവും മീൻ വറുത്തതും ഇത്രയും ചേർന്നാൽ തനിക്കേറെ ഇഷ്ടപ്പെട്ട, തന്റെ കംഫോർട്ട് ഫൂഡ് ആയെന്നാണ് ആസിഫ് അലി പറയുന്നത്. മലയാളികളുടെ തീൻമേശയിലെ സ്ഥിരം രുചികളാണ് താരത്തിനും ഏറെ പ്രിയപ്പെട്ടത്. 

വേനൽക്കാലം ആകുന്നതോടെ, ചക്കയും മാങ്ങയും മുരിങ്ങയ്ക്കയും നാട്ടിൽ സുലഭമാകും. ഇവ മൂന്നും ഒരുമിച്ചു ചേർത്ത്, അതിനൊപ്പം ചെമ്മീനോ അല്ലെങ്കിൽ ഉണക്കമീനോ കൂടെ കൂട്ടി  തേങ്ങ അരച്ച്,  ആവശ്യത്തിന് എരിവും പുളിയും ഉപ്പും ചേർത്താൽ കറി റെഡി. എളുപ്പത്തിൽ തയാറാക്കാൻ കഴിയുമെങ്കിലും ആ കറിയുടെ രുചിയും അത് പകർന്നു നൽകുന്ന ഗൃഹാതുര ഓർമകളും മലയാളികൾക്കു മറക്കാൻ കഴിയുകയില്ല. തൈര്, അതില്ലാതെ ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണ്  ഭൂരിപക്ഷം പേരും. അതിനൊപ്പം എരിവും ഉപ്പും പുളിയും മുന്നിട്ടു നിൽക്കുന്ന മാങ്ങാ അച്ചാറും പപ്പടവും ഒരു കഷ്ണം മീൻ വറുത്തതും കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ.  

എന്തായാലും ആസിഫിന്റെ സിനിമകൾ പോലെ വളരെ ലളിതവും അതിനൊപ്പം തന്നെ ഹൃദ്യവുമാണ് ഈ രുചിക്കൂട്ട് എന്നാണ് വിഡിയോയുടെ താഴെയുള്ള കമെന്റുകളിൽ ഏറെയും. തങ്ങളുടെയും പ്രിയ വിഭവങ്ങൾ തന്നെയാണ് ഇവയെന്ന് കമെന്റ് കുറിച്ചവരുമുണ്ട്.

English Summary:

Asif Ali Favourite Dish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com