‘അപ്പുവും അമുലുവും വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ! 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങൾ ഒട്ടേറെ. ഒരു വർഷം ശരാശരി 30 പേരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് മറ്റൊരു കണക്ക്. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?

loading
English Summary:

Work Pressure, Stress, Mental Torture..; Suicide Rate is Increasing in Kerala Police Department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com