ജാമ്യക്കാരന് ജാമ്യം കിട്ടില്ല
Mail This Article
അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കൂടെ ജോലി ചെയ്യുന്നവര്‍ തുടങ്ങി പറ്റില്ലായെന്ന് പറയാന്‍ സാധിക്കാത്തവരായിരിക്കും വായ്പയ്ക്ക് ഒരു ജാമ്യം നില്‍ക്കാമോ എന്ന് ആവശ്യപ്പെടുക. വെറുമൊരു ജാമ്യമല്ലേ എന്ന് കരുതി ജാമ്യ കടലാസില്‍ ഒപ്പിട്ട് നല്‍കിയിട്ടുള്ള മിക്കവരും അവസാനം തടി രക്ഷിക്കാന്‍ വായ്പ തിരിച്ചടച്ചതായാണ് ചരിത്രം. മറ്റെന്തൊ സംഭവിക്കാനിരുന്നപ്പോഴാണ് ജാമ്യം നിന്നത് എന്ന് സമാധാനിക്കേണ്ടി വരും. ജാമ്യം നില്‍ക്കും മുമ്പ് ചുമലില്‍ എടുക്കുന്ന ചുമതല എന്താണെന്ന് മനസ്സിലാക്കിയാല്‍ നന്ന്.
വായ്പക്കാരന്‍ അല്ലെങ്കിലും
വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ തിരിച്ചടവ് ശേഷി സംശയത്തിലാകുമ്പോഴാണല്ലോ ബാങ്കുകാര്‍ ജാമ്യം ആവശ്യപ്പെടുക. അപ്പോള്‍ വായ്പ തിരിച്ചടവ് ഉറപ്പിക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ജാമ്യക്കാരന് ഊരിപ്പോകാനാകില്ല. വായ്പ വീഴ്ചയായാല്‍ ആര്‍ക്കെങ്കിലും പണം പോയേ പറ്റൂ. അത് ബാങ്കുകാര്‍ക്കാകാന്‍ അവര്‍ സമ്മതിക്കില്ലല്ലോ. പ്രോമിസറി നോട്ടും വായ്പ കരാറും ഒപ്പിട്ട് നല്‍കിയിരിക്കുന്നത് വായ്പക്കാരനാണെന്ന് വിലപിച്ചിട്ട് കാര്യമില്ല. ബാങ്കുകാരും ധനകാര്യ സ്ഥാപനങ്ങളും വായ്പക്കാരനുമായി അടുപ്പവും ബന്ധവും ഉള്ളവരെ മാത്രമേ ജാമ്യക്കാരനായി സ്വീകരിക്കുകയുള്ളൂ. വായ്പക്കാരന്‍ അടച്ചില്ലെങ്കിലും ജാമ്യക്കാരനെ പിടിച്ചാല്‍ പണം തിരികെ പോരും.
നിയമവശം നിഷേധിക്കാമോ
വായ്പക്കാരനോടൊപ്പം കൂട്ടായി മാത്രമല്ല, ജാമ്യക്കാരന്‍ ഒറ്റയ്ക്കും പണം തിരിച്ചടച്ച് കൊളളാമെന്ന് പൂര്‍ണ്ണ മനസ്സാലെ സമ്മതിച്ചെഴുതി കൊടുക്കുന്ന രീതിയിലാണ് ജാമ്യക്കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ജാമ്യക്കാരന്റെ ശമ്പളവും മറ്റ് വരുമാനങ്ങളും മാത്രമല്ല, അതേ ബാങ്കിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍, പണയം വച്ചിരിക്കുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ആസ്തികളില്‍ നിന്ന് കൂടി പിടിച്ചെടുത്ത് കൊള്ളുക എന്നായിരിക്കും കുഞ്ഞക്ഷരങ്ങളില്‍ കരാറില്‍ അച്ചടിച്ചിരിക്കുന്നത്. ഒപ്പിടുന്നതിന് മുമ്പ് ജാമ്യക്കരാറിന്റെ ഒരു കോപ്പി വാങ്ങി സാവകാശം വായിച്ച് നോക്കിയാല്‍ പറ്റുകയില്ല എന്ന് പറയാന്‍ ആരും രണ്ടാമതൊന്ന് ആലോചിക്കില്ല.
അലിവുള്ളവന്‍ ജാമ്യക്കാരന്‍
മൃദു സ്വഭാവമുള്ളവരാണല്ലോ ജാമ്യം നില്‍ക്കാന്‍ മഹാമനസ്‌കത കാട്ടുക. വായ്പക്കാരന്റെ വരുമാനത്തില്‍ ഇടിവുണ്ടാകുമ്പോള്‍ വായ്പ മുടങ്ങുക സ്വാഭാവികം. മറ്റ് ചിലപ്പോള്‍ വായ്പ എടുത്തശേഷം സ്ഥലമാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ബാങ്കുകാര്‍ക്ക് വായ്പ എടുത്തവരെ തേടി പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതും സാധാരണം. സമൂഹത്തില്‍ മാന്യത ആഗ്രഹിക്കുന്ന വ്യക്തിപരമായി മറ്റുള്ളവരെ സഹായിക്കാന്‍ മടിയില്ലാത്ത ഗുണഗണങ്ങളാണ് ജാമ്യക്കാരില്‍ ബാങ്കുകള്‍ ആഗ്രഹിക്കുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് വായ്പക്കാരന്‍ മരണമടഞ്ഞാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളിലൊന്നും ബാങ്കുകാര്‍ക്ക് കൈവയ്ക്കാനാകില്ല. ജാമ്യക്കാരനെ ചുറ്റി പിടിക്കുന്നതിന് ബാങ്കുകള്‍ക്ക് പലവിധ കാരണങ്ങളുണ്ടാകാം.
ഒരിക്കല്‍ പെട്ടാല്‍
ജാമ്യം ഒപ്പിട്ട് നല്‍കിയശേഷം കുടുക്ക് മനസ്സിലായാല്‍ സ്വയം ഊരിപ്പോകാന്‍ യാതൊരു വഴിയുമില്ല. ജാമ്യം നിന്ന വായ്പ വായ്പക്കാരനോ മറ്റാരെങ്കിലുമോ പൂര്‍ണ്ണമായും തിരിച്ചടച്ച് കഴിഞ്ഞാല്‍ മാത്രമേ ജാമ്യം റദ്ദാകുന്നുള്ളൂ. തുല്യ തൂക്കമുള്ള സ്വീകാര്യനായ മറ്റാരെയെങ്കിലും പകരം ജാമ്യക്കാരാനാക്കാമെന്ന് കരുതിയാല്‍ ചിലപ്പോള്‍ ബാങ്കുകള്‍ സമ്മതിച്ചേക്കാം.
എന്തൊക്കെ സംഭവിക്കാം
ജാമ്യം നിന്നാല്‍ മറ്റുള്ളവര്‍ വാങ്ങിയെടുത്ത പണം തിരിച്ചടയ്‌ക്കേണ്ടി വരുമെന്നത് മാത്രമല്ല, സംഭവിക്കുക. ജാമ്യക്കാരന്‍ മറ്റ് വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അര്‍ഹതാ പരിശോധനാ എന്നൊന്നുണ്ട്. സ്വന്തം വരുമാനത്തില്‍ നിന്നും ജാമ്യ ബാധ്യത കിഴിവ് ചെയ്ത് മാത്രമേ എത്ര തുകയ്ക്ക് വായ്പ അനുവദിക്കാം എന്ന് ബാങ്കുകള്‍ തീരുമാനിക്കുകയുള്ളൂ. ജാമ്യം നിന്ന വായ്പ ആണെങ്കില്‍ പോലും തിരിച്ചടവില്‍ വീഴ്ച വന്നാല്‍ ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോറും തകരാറിലാകും.