ഉയര്‍ന്ന് പേടിഎം ഓഹരി, വിപണിയില്‍ സംഭവിക്കുന്നതെന്ത്?
Mail This Article
വിപണിയില്‍ പേയ്ടിഎം ഓഹരികള്‍ തുടര്‍ച്ചയായ നാലാം ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍ കയറി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പേയ്ടിഎമ്മുമായി ബന്ധപ്പെട്ട് വന്ന പുതിയ വാര്‍ത്തകളാണ് ഓഹരിയില്‍ നേട്ടമുണ്ടാക്കുന്നത്. വ്യാപാരികള്‍ക്കായുള്ള പേമെന്റുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുകള്‍ക്ക് ആക്‌സിസ് ബാങ്കുമായി പേയ്ടിഎം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതും ഫെബ്രുവരി 29ന് ആര്‍ബിഐ നടപ്പിലാക്കാനിരുന്ന നിയന്ത്രണങ്ങള്‍ മാര്‍ച്ച് 15ലേക്ക് നീട്ടിയതും കമ്പനിക്ക് ആത്മവിശ്വാസം നല്‍കി.
കമ്പനിയുടെ ഓഹരികള്‍ ഫെബ്രുവരി 16നും അഞ്ച് ശതമാനത്തോളം ഉയര്‍ന്നിരുന്നു. നിലവില്‍ 395 രൂപ റേഞ്ചിലാണ് കമ്പനി വ്യാപാരം നടത്തുന്നത്.
ബ്രോക്കറേജ് കമ്പനികളുടെ നിലപാട്
അതേസമയം പേയ്ടിഎമ്മിന്റെ റേറ്റിങ്ങില്‍ ബ്രോക്കറേജ് കമ്പനികളും മാറ്റം വരുത്തുന്നുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ജെഫറീസ് കമ്പനിയുടെ സ്റ്റാറ്റസ് 'അണ്ടര്‍പെര്‍ഫോമി'നില്‍ നിന്ന് മാറ്റി 'നോട്ട് റേറ്റഡ്' എന്നതിലേക്കാക്കി. പേയ്ടിഎമ്മുമായും മാതൃകമ്പനി വണ്‍ 97 കമ്യൂണിക്കേഷന്‍സുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് സ്ഥിരത കൈവരിക്കുന്നതുവരെ ഇനി റേറ്റിങ്ങില്‍ ജെഫറീസ് മാറ്റം വരുത്തില്ല.