റെക്കോർഡിനടുത്തേക്ക് വീണ്ടും കുതിച്ച് വിപണി
Mail This Article
തകർച്ചയോടെ തുടങ്ങി ബാങ്കിങ് ഓഹരികളിലെ വില്പന സമ്മർദ്ദത്തിൽ ആദ്യ പകുതിയിൽ മുടന്തി നിന്ന ഇന്ത്യൻ വിപണി യൂറോപ്യൻ വിപണികൾ വലിയ നേട്ടത്തിൽ ആരംഭിച്ചതോടെ കുതിപ്പ് നേടി കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ വലിയ പങ്കും തിരിച്ചു പിടിച്ചു. നിഫ്റ്റി 162 പോയിന്റ് മുന്നേറി 22217 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് വീണ്ടും 73000 പോയിന്റ് പിന്നിട്ടു.
ഐടിക്കൊപ്പം, ഓട്ടോ, മെറ്റൽ, എഫ്എംസിജി സെക്ടറുകളും നിഫ്റ്റി നെക്സ്റ്റ്-50, നിഫ്റ്റി മിഡ് ക്യാപ് സൂചികകളും ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി. ബാങ്കിങ് മാത്രമാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
ഐടിസിയും, ആക്സിസ് ബാങ്കും , ഐസിഐസിഐ ബാങ്കും, റിലയൻസും മുന്നേറിയതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
ഐടി മുന്നേറ്റം
അമേരിക്കൻ ടെക്ക് ഭീമനായ എൻവിഡിയയുടെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ അമേരിക്കൻ ടെക്ക്ഫ്യൂച്ചറുകൾ മുന്നേറിയത് ഇന്ത്യൻ ഐടി സെക്ടറിനും അനുകൂലമായി. ഇന്ത്യൻ ഐടി സെക്ടർ ഇന്ന് 1.94% മുന്നേറി 38000 പോയിന്റിന് മുകളിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2%ൽ കൂടുതൽ മുന്നേറിയ ടിസിഎസ്സും, എച്ച്സിഎൽ ടെക്കും, ടെക്ക് മഹീന്ദ്രയും ഇന്നത്തെ ടെക്ക് റാലി നയിച്ചു.
ഫെഡ് മിനുട്സ്
ഇന്നലെ വന്ന ജനുവരിയിലെ ഫെഡ് യോഗത്തിന്റെ മിനുട്സ് പ്രകാരം ഫെഡ് നിരക്ക് കുറയ്ക്കാൻ ധൃതി വേണ്ട എന്ന് അമേരിക്കൻ ഫെഡ് അംഗങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചത് വിപണി പ്രതീക്ഷിച്ചത് തന്നെയായിരുന്നു. എന്നാൽ ഇന്നലെ അമേരിക്കൻ വിപണി സമയത്തിന് ശേഷം എൻവിഡിയയുടെ പ്രതീക്ഷിച്ചതിലും മികച്ച റിസൾട്ട് അമേരിക്കൻ വിപണിക്ക് നൽകിയ മുന്നേറ്റം ലോക വിപണികൾക്കെല്ലാം തുണയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിയായ ഓഹരികളെല്ലാം തന്നെ ഇന്ന് മുന്നേറ്റം നേടി. ജർമനിയുടെയും, ഫ്രാന്‍സിന്റെയും പ്രതീക്ഷയിലും മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും ഇന്ന് യൂറോപ്യൻ വിപണിക്ക് പിന്തുണ നൽകിയതോടെ യൂറോപ്യൻ സൂചികകളെല്ലാം മികച്ച തുടക്കമാണ് ഇന്ന് സ്വന്തമാക്കിയത്.
അമേരിക്കൻ ജോബ് ഡേറ്റയും, മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം.
ക്രൂഡ് ഓയിൽ
എണ്ണയുടെ ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ കൂടി പിൻബലത്തിൽ തുടർച്ചയായ രണ്ടാം ദിനവും മുന്നേറുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില 83 ഡോളറിനും മുകളിലാണ് തുടരുന്നത്. ഇന്ന് വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി ഡേറ്റ രാജ്യാന്തര എണ്ണ വിലയെ സ്വാധീനിക്കും.
സ്വർണം
ഫെഡ് മിനുട്സ് വന്നതിന് ശേഷം അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്. രാജ്യാന്തര സ്വർണവില ഇന്ന് 2040 ഡോളറിലാണ് തുടരുന്നത്.
എസ്ഐബി അവകാശഓഹരി
സൗത്ത് ഇന്ത്യൻ ബാങ്ക് 4 ഓഹരിക്ക് ഒരു ഓഹരി എന്ന തോതിൽ 22 രൂപക്ക് റൈറ്റ്സ് ഇഷ്യു പ്രഖ്യാപിച്ചത് ഓഹരിക്ക് ഇന്ന് മുന്നേറ്റം നൽകി. ബാങ്കിന്റെ നാല് ഓഹരികൾ കൈയാളുന്ന ഓഹരിയുടമക്ക് ഒരു ഓഹരി എന്ന നിരക്കിൽ അവകാശഓഹരിക്ക് അർഹതയുണ്ടാകും. ഫെബ്രുവരി 26നാണ് റെക്കോർഡ് തീയതി.
ഹിൻഡാൽകോ
ഹിൻഡാൽകോയുടെ അമേരിക്കൻ ഉപകമ്പനിയായ അറ്റ്ലാന്റ ആസ്ഥാനമായ നോവലിസ് അമേരിക്കയിൽ ഐപിഓയ്ക്കായി അപേക്ഷ സമർപ്പിച്ചത് ഹിൻഡാൽകോക്ക് അനുകൂലമാണ്. നോവലിസിന്റെ ഐപിഓ വിജയം ഹിൻഡാൽകോയുടെയും ഗതി നിർണയിക്കും.
ഇന്ത്യൻ റിയൽറ്റി സെക്ടർ
കഴിഞ്ഞ കൊല്ലം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ റിയാലിറ്റി സെക്ടർ 2024ൽ ഇത് വരെ 13%ൽ കൂടുതൽ മുന്നേറ്റമുണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 370 പോയിന്റെന്ന ഏറ്റവും കുറഞ്ഞ നിരക്ക് കുറിച്ച നിഫ്റ്റി-റിയൽറ്റി ഒരു വര്ഷം കൊണ്ട് 100 ശതമാനത്തിലേറെ മുന്നേറി 913 പോയിന്റെന്ന ഏറ്റവുമുയർന്ന ഉയരവും കുറിച്ചു. വൈദേശിക-സ്വദേശി മൂലധനപിന്തുണയിൽ ഇന്ത്യയുടെ വ്യാവസായിക മുന്നേറ്റം സാധ്യമാകുന്നത് റിയൽ എസ്റ്റേറ്റ് സെക്ടറിനെ കാത്തിരിക്കുന്നത് വൻവളർച്ചയുടെ കാലഘട്ടമാണ്.
ഡിഎൽഎഫ് മുന്നിൽ നിന്നും നയിച്ചപ്പോൾ അജ്‌മേര, പുറവങ്കര, ശോഭ, ഗോദ്‌റെജ് പ്രോപ്പർട്ടീസ് മുതലായ കമ്പനികളും റിയൽറ്റി സെക്ടറിന് 2024ലും മികച്ച പിന്തുണ നൽകി.
ഐപിഓ
ഹയാത്ത് ബ്രാൻഡ് ഹോട്ടലുകൾ നടത്തുന്ന ജൂനിറ്റർ ഹോട്ടൽസിന്റെ നാളെ അവസാനിക്കുന്ന ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാം. ഏഴു ഹോട്ടലുകളിലായി 1836 ആഡംബരമുറികൾ കൈകാര്യം ചെയ്യുന്ന കമ്പനി 342-360 രൂപ നിരക്കിൽ 1800 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക