ADVERTISEMENT

വരുമാനത്തില്‍ നിന്ന് ചെലവുകള്‍ കുറച്ച് മിച്ചം പിടിക്കുന്നതിനും സമ്പാദിക്കുന്നതിനും ഓരോര്‍ത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ കാണാം. ഈയടുത്ത കാലത്തായി വ്യക്തിഗത ഫിനാന്‍ഷ്യല്‍ പ്ലാനിംഗില്‍ ഒരു പ്രധാന സാമ്പത്തിക ലക്ഷ്യമായി മാറിയിരിക്കുന്നു അടിയന്തരാവശ്യങ്ങള്‍ക്കായുള്ള കരുതല്‍ ധനം. ലോകമെമ്പാടും സാമ്പത്തിക തളര്‍ച്ചയും അതില്‍ നിന്നുമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും എല്ലാ കാര്യങ്ങളിലുമെന്ന പോലെ കുടുംബങ്ങളുടെ വരുമാനത്തിലും അസ്ഥിരത സൃഷ്ടിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ മരുന്ന് തുടങ്ങിയ  കുടുംബ ചെലവുകള്‍   മാറ്റി വയ്ക്കാന്‍ സാധിക്കില്ലല്ലോ.

ആത്മവിശ്വാസത്തിനും പണം വേണം

നേരത്തെയൊക്കെ മാറ്റങ്ങളുണ്ടാകുന്നത് സാവധാനമായിരുന്നതിനാല്‍ സാവകാശം പ്രതികരിച്ചാല്‍ മതിയായിരുന്നു. ഇന്നിപ്പോള്‍ പൊടുന്നനവേ ഉള്ള മാറ്റങ്ങൾ പലപ്പോഴും മുന്നറിയിപ്പില്ലാത്ത പൊട്ടിത്തെറികളായാണ് സംഭവിക്കുന്നത്. മുന്‍കൂര്‍ നോട്ടീസ് ഒന്നുമില്ലാതെയാണ് കമ്പനികള്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന വെല്ലുവിളികളില്‍ കരുതല്‍ ധനത്തിന്റെ പ്രയോജനം കേവലം പണാവശ്യങ്ങള്‍ക്ക് മാത്രമല്ല ഉപകരിക്കുക. കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ മറ്റ് ജോലികള്‍ തേടി പിടിക്കുന്നതിനും പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനുമുള്ള ആത്മവിശ്വാസം നല്‍കാനും കരുതല്‍ ധനത്തിന് സാധിക്കും.

കരുതലോടെ സ്വരൂപിക്കാം

മിക്ക സമ്പാദ്യ ലക്ഷ്യങ്ങള്‍ക്കും വേണ്ട പോലെ പ്രത്യേക നിബന്ധനകളും രീതികളൊന്നും കരുതല്‍ ധനം സ്വരൂപിക്കാന്‍ ഇല്ല. ഓരോരുത്തര്‍ക്കും വരുമാനവും ചെലവും കണക്കാക്കുമ്പോള്‍ സാധ്യമാകുന്ന രീതിയില്‍ ഒരു തുക കൃത്യമായ ഇടവേളകളില്‍ മാറ്റി വയ്ക്കണം. പരമാവധി ഇത് എത്ര വരെ ആകാമെന്ന് നിര്‍ബന്ധമില്ലെങ്കിലും കുറഞ്ഞാല്‍ എത്രവരെ ആകാമെന്ന് നിശ്ചയിക്കണം. തുക എത്രയായാലും നിശ്ചയിച്ച ഇടവേളകളില്‍ വീഴ്ച വരുത്തരുത്. ഒഴിവാക്കാവുന്ന ഒരു ചെലവിനം മാറ്റി വച്ചോ നിത്യോപയോഗ വസ്തുക്കളില്‍ ഓഫറുകളും മറ്റും വരുമ്പോള്‍ കൂടുതല്‍ തുക മിച്ചം പിടിച്ചോ പണം കണ്ടെത്താം. തിരിച്ച് കിട്ടില്ലെന്ന് കരുതിയ വായ്പകള്‍ മടക്കി ലഭിക്കുക, പ്രതീക്ഷിക്കാതെ ലഭിക്കുന്ന സമ്മാനങ്ങള്‍, വിശേഷ തുകകള്‍, പ്രോത്സാഹനമായി വീണു കിട്ടുന്ന പണം ഇവയൊക്കെ എടുത്ത് ചെലവാക്കുന്നതിനുള്ള മാനസികാവസ്ഥ സ്വാഭാവികമാണ്. സ്വല്പം നിയന്ത്രിച്ചാല്‍ ഇവയൊക്കെ കരുതല്‍ ധനത്തിലേക്ക് സ്വരുക്കൂട്ടാം. ഉപയോഗ ശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വായിച്ച് കഴിഞ്ഞ പുസ്തകങ്ങള്‍ എന്നിങ്ങനെ പോയ വര്‍ഷം ഉപയോഗിക്കാത്തവ വെബ്‌സൈറ്റുകളിലൂടെ വിറ്റ് പണമാക്കിയും കരുതല്‍ ധനം വളര്‍ത്താം. 


എത്രത്തോളം വേണം കരുതല്‍


കരുതല്‍ ശേഖരത്തില്‍ എത്ര പണമുണ്ടെങ്കിലും പ്രയോജനപ്പെടും. ഒറ്റയാള്‍ വരുമാനമുള്ള കുടുംബങ്ങളില്‍ കരുതല്‍ താരതമ്യേന കൂടുതലാവണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍, സ്വന്തം സംരംഭങ്ങള്‍ നടത്തുന്നവര്‍ എന്നിങ്ങനെ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകളും വരുമാനം നിലയ്ക്കാന്‍ സാധ്യതയും കൂടുതലായതിനാല്‍ ഉറച്ച കരുതല്‍ ആവശ്യമാണ്. വരുമാനം നിലയ്ക്കുമ്പോള്‍ മറ്റൊന്ന് കണ്ടുപിടിക്കുന്നതുവരെയുള്ള കാലയളവില്‍ കുടുംബചെലവുകള്‍ നടത്തിക്കൊണ്ട് പോകുന്നതിന് ആവശ്യമായത്ര തുക ഉണ്ടായിരിക്കണം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി അത്യാവശ്യ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിന് 12 മാസത്തേയ്ക്ക് ആവശ്യമായ തുക ഉണ്ടാകണം. മറ്റ് ചെലവുകള്‍ക്ക് സാഹചര്യങ്ങള്‍ അനുസരിച്ച് ആറ് മാസത്തേയ്‌ക്കെങ്കിലും കരുതല്‍ വേണം. 


കരുതല്‍ കാത്തു സൂക്ഷിക്കാന്‍


അടിയന്തര ഘട്ടങ്ങളിലല്ലാതെ കരുതല്‍ ധനം എടുത്ത് ഉപയോഗിക്കില്ലായെന്ന് ഉറപ്പാക്കണം. കൈയിലുള്ളത്ര തുക മാസംതോറും അടയ്ക്കാവുന്ന ആവര്‍ത്തന നിക്ഷേപമായി കരുതല്‍ ധനം സമാഹരിക്കാം. കരുതല്‍ തുകയുടെ 10 മുതല്‍ 15 ശതമാനം വരെ തുക ജീവിത പങ്കാളികളുടെ കൂട്ടായ പേരില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കാം. അക്കൗണ്ടിന്റെ വിവരങ്ങളും ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങളും രണ്ട് പേര്‍ക്കും അറിവുണ്ടാകണമെന്ന് മാത്രം. 30 മുതല്‍ 40 ശതമാനം തുക ആവശ്യപ്പെടുമ്പോള്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റാവുന്ന സ്വീപ്പിംഗ് സ്ഥിരനിക്ഷേപമായി സൂക്ഷിക്കാം. കൂടുതലായുള്ള കരുതല്‍ മ്യൂച്വല്‍ ഫണ്ടുകള്‍, കമ്പനി സ്ഥിര നിക്ഷേപം തുടങ്ങിയ സാമ്പത്തിക ആസ്തികളിലും സ്വര്‍ണ്ണത്തിലും ആകാം. ഉത്സവാഘോഷങ്ങള്‍ക്കും മറ്റും സംഭാവനകള്‍, കുടുംബക്കാര്‍ക്ക് വായ്പ തുടങ്ങി താല്‍ക്കാലിക മണ്ടത്തരങ്ങള്‍ക്ക് കരുതല്‍ ധനം തീരെ യോജിച്ചതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com