പ്രമേഹരോഗിയാണോ? ഗ്ലൂക്കോമീറ്റർ സൗജന്യമായി കിട്ടും
Mail This Article
നമ്മുടെ നാട്ടിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്.ഈ സാഹചര്യത്തിൽ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കാൻ സർക്കാർ സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്നു. സാമൂഹ്യനീതി വകുപ്പാണ് 'വയോ മധുരം' പദ്ധതിയിലൂടെ ആനുകൂല്യം അനുവദിക്കുന്നത്.
അപേക്ഷകർ 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കണം. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ പ്രായം കൂടിയവർക്ക് മുൻഗണന ലഭിക്കും.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് അർഹത. അപേക്ഷിക്കുന്ന വ്യക്തി പ്രമേഹരോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും.സംസ്ഥാനത്തെ മിക്ക ജില്ലകളിലും വയോ മധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രായം തെളിയിക്കുന്ന രേഖ, പ്രമേഹരോഗാവസ്ഥ തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ബി.പി.എൽ / മുൻഗണന റേഷൻ കാർഡിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിൽ നിന്നോ സാമൂഹ്യ നീതി ഡയറക്ടറേറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 0471-2306040.
]ഇ മെയിൽ: swdkerala.gov.in.
English Summary : Government will give free Glucometer to Diabetic Patients