ഹാർദിക് പാണ്ഡ്യ ധോണിയെ പിന്തുടരുകയാണോ? സ്വന്തം കഴിവു നോക്കി കളിക്കണമെന്ന് ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളെ വിമർശിച്ച് ഇന്ത്യൻ താരം മുഹമ്മദ് ഷമി. ഏഴാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പാണ്ഡ്യ നാലു പന്തുകളിൽ 11 റൺസെടുത്തു പുറത്തായിരുന്നു. ബാറ്റിങ്ങിൽ വൈകി ഇറങ്ങാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചെന്ന് മുഹമ്മദ് ഷമി ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. കാലിനു പരുക്കേറ്റ മുഹമ്മദ് ഷമി ഐപിഎല്ലിൽ കളിക്കുന്നില്ല.
‘‘ലെഫ്റ്റ്– റൈറ്റ് കോമ്പിനേഷനുകളെക്കുറിച്ച് ഒരുപാടു ചർച്ചകൾ നടക്കാറുണ്ട്. എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാകാറില്ല. സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് പക്വതയോടെ തീരുമാനങ്ങൾ എടുക്കുന്നതു നമ്മൾ കണ്ടുകഴിഞ്ഞു. പാണ്ഡ്യയുടെ കാര്യമെടുത്താൽ, ഗുജറാത്ത് ടൈറ്റൻസിൽ അദ്ദേഹം മൂന്നാമതും നാലാമതുമാണ് കഴിഞ്ഞ സീസണുകളിൽ ബാറ്റു ചെയ്തത്. ആ പൊസിഷന്‍ അദ്ദേഹത്തിനു ശീലമായിക്കഴിഞ്ഞു.’’
‘‘മുംബൈ ഇന്ത്യൻസിലും നാലോ, അഞ്ചോ സ്ഥാനങ്ങളിൽ ബാറ്റിങ്ങിന് ഇറങ്ങിയാൽ എന്താണു കുഴപ്പം? ഏഴാം നമ്പരിൽ ഹാർദിക് പാണ്ഡ്യ വാലറ്റക്കാരനായാണ് ഇറങ്ങുന്നത്. അപ്പോൾ നിങ്ങൾ വലിയ സമ്മർദത്തിലായിരിക്കും. ഹാർദിക് നേരത്തേ ഇറങ്ങിയിരുന്നെങ്കിൽ, മത്സരം അവസാന ഓവർ വരെ നീളുമായിരുന്നില്ലെന്നാണു തോന്നുന്നത്. ധോണിയെയാണോ പാണ്ഡ്യ പിന്തുടരാൻ ശ്രമിക്കുന്നത്? ധോണി ധോണിയാണ്. നിങ്ങളെ ആരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ കഴിവിന് അനുസരിച്ചുവേണം ക്രിക്കറ്റിൽ കളിക്കാൻ.’’– മുഹമ്മദ് ഷമി വ്യക്തമാക്കി.
മുംബൈയ്ക്കെതിരെ ആറു റൺസിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം. ഗുജറാത്തിനെതിരെ ആദ്യ ഓവർ തന്നെ പാണ്ഡ്യ പന്ത് എറിഞ്ഞതും വിമർശനത്തിന് ഇടയാക്കി. ജസ്പ്രീത് ബുമ്ര ഉൾപ്പടെ മൂന്നു പേസര്‍മാര്‍ മുംബൈ ടീമിലുള്ളപ്പോഴാണ് ആദ്യ ഓവർ ക്യാപ്റ്റൻ തന്നെ എറിഞ്ഞത്. ഹാർദിക് പാണ്ഡ്യ മൂന്ന് ഓവർ പന്തെറിഞ്ഞപ്പോൾ 30 റൺസാണു വഴങ്ങിയത്. താരത്തിനു വിക്കറ്റൊന്നും കിട്ടിയതുമില്ല.