ADVERTISEMENT

മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ശകാരിച്ച സംഭവത്തിൽ, രൂക്ഷവിമര്‍ശനമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ക്യാമറകളുടെ മുന്നിൽവച്ച് സഞ്ജീവ് ഗോയങ്ക നടത്തിയ പ്രതികരണത്തിന് കായിക മേഖലയിൽ ഒരു പ്രാധാന്യവുമില്ലെന്നും ഷമി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിനോടു പത്തു വിക്കറ്റിന്റെ തോൽവി വഴങ്ങിയതോടെയാണ് സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് രാഹുലിനോടു രൂക്ഷഭാഷയിൽ പ്രതികരിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ, ഗോയങ്കയ്ക്കെതിരെ വിമർശനവും ശക്തമായിരുന്നു. ലക്നൗ ടീം ഉടമയ്ക്കെതിരെ വിമർശനം ഉന്നയിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി. രാഹുലിനെ പരസ്യമായി അപമാനിച്ച സംഭവത്തിൽ ഇതുവരെ മറ്റു താരങ്ങളൊന്നും പ്രതികരിക്കാൻ തയാറായിട്ടില്ല. ‘‘കോടിക്കണക്കിന് ആളുകളാണ് നിങ്ങളെ കാണുന്നതും, അതിൽനിന്നു പഠിക്കുന്നതും. ഇത്തരം കാര്യങ്ങൾ ക്യാമറയ്ക്കു മുന്നിൽവച്ചാണു സംഭവിച്ചത്. ഇത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ്.’’–മുഹമ്മദ് ഷമി പ്രതികരിച്ചു.

‘‘നിങ്ങൾക്ക് സംസാരിക്കുന്നതിന് ഒരു അതിർത്തി ഉണ്ടായിരിക്കണം. സംസാരിക്കുന്നതിന് ഇവിടെ ഒരു മാർഗമുണ്ട്. ഇതു വളരെ തെറ്റായ സന്ദേശമാണു നൽകുക. ബഹുമാനം അർഹിക്കുന്നവരാണു ക്രിക്കറ്റ് താരങ്ങൾ. നിങ്ങൾ ഒരു ടീമിന്റെ ഉടമയാണ്. സംസാരിക്കണമെങ്കിൽ തന്നെ ഇവിടെ പല വഴികളുണ്ട്. ഇതേ കാര്യം തന്നെ നിങ്ങൾക്ക് ടീമിന്റെ ഡ്രസിങ് റൂമിൽവച്ചോ, അല്ലെങ്കിൽ ഹോട്ടലിൽവച്ചോ ചെയ്യാമായിരുന്നു. ഗ്രൗണ്ടിൽവച്ചു തന്നെ സംസാരിക്കണമെന്ന് ഒരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല.’’

‘‘രാഹുല്‍ ഒരു സാധാരണ താരമല്ല, ക്യാപ്റ്റനാണ്. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. നമ്മുടെ പ്ലാനുകൾ നടപ്പാക്കാനാകാതെ പോകുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ക്രിക്കറ്റിൽ എന്തും സംഭവിക്കാം. പുറത്തുനിന്ന് ഒരാൾ ക്രിക്കറ്റ് താരത്തോടു സംസാരിക്കുന്നതു വളരെ വ്യത്യസ്തമായ കാര്യമാണ്. ക്രിക്കറ്റ് താരങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നതു പോലെയല്ല. എന്താണു സംഭവിച്ചതെന്നു പറയേണ്ടത് കെ.എൽ. രാഹുലാണ്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ക്രിക്കറ്റിൽ യാതൊരു സ്ഥാനവുമില്ല.’’– മുഹമ്മദ് ഷമി വ്യക്തമാക്കി.

English Summary:

It’s shameful, there’s a way to talk, Shami slams Goenka’s outburst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com