കയ്യിലിരുന്ന മത്സരമാണ് പാക്കിസ്ഥാൻ തോറ്റത്: ബാബറിനും ടീമിനും രൂക്ഷവിമർശനം
Mail This Article
കറാച്ചി∙ ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങളും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും രംഗത്ത്. ട്വന്റി20 ലോകകപ്പിൽ ടീമിന്റെ സ്ഥിതി ദയനീയമാണെന്നും അടിയന്തരമായി ഒരു മേജർ ശസ്ത്രക്രിയ നടത്തി ടീമിനെ രക്ഷിക്കേണ്ട സ്ഥിതിയാണെന്നും പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹസിൻ നഖ്‌വി വിമർശിച്ചു.
യുഎസ്എയ്ക്കും ഇന്ത്യയ്ക്കും എതിരെ കയ്യിലിരുന്ന മത്സരമാണ് പാക്കിസ്ഥാൻ തോറ്റതെന്നും നഖ്‌വി പറഞ്ഞു. മത്സരത്തിൽ പാക്ക് താരങ്ങളുടെ പ്രകടനത്തെ വിമർശിച്ച് മുൻ താരങ്ങളും രംഗത്തെത്തി. ഓൾറൗണ്ടർ ഇമാദ് വസീം പന്തുകൾ നഷ്ടപ്പെടുത്തിയതാണ് തോൽവിക്കു കാരണമെന്നു മുൻ പാക്ക് ക്യാപ്റ്റൻ സലിം മാലിക് കുറ്റപ്പെടുത്തി.
ക്യാപ്റ്റൻ ബാബർ അസമിനെ ലക്ഷ്യം വച്ചായിരുന്നു മുൻ ക്യാപ്റ്റൻ ശാഹിദ് അഫ്രീദിയുടെ വിമർശനം. ടീമിലെ പല താരങ്ങൾക്കും ബാബറുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും ടീമിന്റെ സ്വഭാവം രൂപപ്പെടുത്തുന്നതിലും നശിപ്പിക്കുന്നതിലും പ്രധാന പങ്ക് ക്യാപ്റ്റനാണെന്നും അഫ്രീദി ആരോപിച്ചു.