തിരുപ്പതി ക്ഷേത്രത്തിന്റെ പടവുകൾ മുട്ടുകുത്തി കയറി നിതീഷ് കുമാർ റെഡ്ഡി; താരം പങ്കുവച്ച ദൃശ്യങ്ങൾ വൈറൽ– വിഡിയോ
Mail This Article
തിരുപ്പതി∙ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരുടെയും ടീം അധികൃതരുടെയും കയ്യടി വാങ്ങിയതിനു പിന്നാലെ, എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള നന്ദിസൂചകമായ തിരുപ്പതി ക്ഷേത്രത്തിന്റെ പടവുകൾ മുട്ടുകുത്തി കയറി ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി. ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് നിതീഷ് റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് മുട്ടുകുത്തി പടവുകൾ കയറിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിലും നിതീഷ് റെഡ്ഡി ഇടംപിടിച്ചിരുന്നു.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഒരു സെഞ്ചറി ഉൾപ്പെടെ 298 റൺസാണ് ഇരുപത്തൊന്നുകാരനായ ഈ ആന്ധ്ര സ്വദേശി നേടിയത്. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും ടീമിൽ ഇടംലഭിച്ച നിതീഷ്, അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് ഇതിൽ 2 വിക്കറ്റുകളും റെഡ്ഡി വീഴ്ത്തിയത്. ഇന്ത്യൻ നിരയിലെ റൺവേട്ടക്കാരിൽ രണ്ടാമനുമായിരുന്നു നിതീഷ്.
ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് നിതീഷ് റെഡ്ഡി നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലെ പടവുകൾ മുട്ടുകുത്തി കയറുന്ന ദൃശ്യങ്ങൾ നിതീഷ് റെഡ്ഡി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇത് ഒട്ടേറെപ്പേരാണ് ഇതിനകം ഷെയർ ചെയ്തത്.
‘‘ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ അലാം വച്ച് എഴുന്നേറ്റിരുന്ന് കണ്ടിരുന്ന നാളുകളിൽനിന്ന്, ഓസ്ട്രേലിയയിൽ പോയി കളിക്കാൻ അവസരം ലഭിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയത്. ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ കഴിഞ്ഞ രണ്ടു മാസങ്ങൾ കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും വളരാൻ ലഭിച്ച സുവർണാവസരമായിരുന്നു. പരമ്പരയിൽ ടീമിന്റെ പ്രകടനം മോശമായെങ്കിലും, ഞങ്ങൾ ശക്തമായിത്തന്നെ തിരിച്ചുവരും’ – നിതീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഓസ്ട്രേലിയയ്‌ക്കെതിരെ പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് നിതീഷ് കുമാർ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഒന്നാം ഇന്നിങ്സിൽ ടോപ് സ്കോററാവുകയും ചെയ്തു. പിന്നീട് അഡ്‌ലെയ്ഡിൽ ഡിസംബർ ആറു മുതൽ എട്ടുവരെ നടന്ന പിങ്ക്ബോൾ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോററായി. ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് തകർപ്പൻ സെഞ്ചറിയുമായി നിതീഷ് കരുത്തുകാട്ടിയത്.