‘അവരെന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു, ആത്മാർഥതയെ സംശയിച്ചു’: വിദർഭ വിട്ട സർവതെയ്ക്കുണ്ട്, ഒരു കണക്കു തീർക്കാൻ– വിഡിയോ

Mail This Article
നാഗ്പുർ ∙ ‘അവരെന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു. എന്റെ ആത്മാർഥതയെ സംശയിച്ചു. ഒരു പതിറ്റാണ്ടോളം ആ ടീമിനെ സേവിച്ചയാളെന്ന നിലയിൽ ഞാൻ തീർച്ചയായും ബഹുമാനം അർഹിച്ചിരുന്നു..’– ഏതാനും മാസം മുൻപു വിദർഭ ടീം വിട്ടു കേരള ടീമിൽ ചേരുന്ന സമയത്ത് ആദിത്യ സർവതെ വൈകാരികമായി പ്രതികരിച്ചത് ഇങ്ങനെയാണ്. വിദർഭയെ 3 വട്ടം രഞ്ജി ഫൈനലിലെത്തിച്ച, വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന സർവതെ ഇന്നു തന്റെ ‘ഹോം ഗ്രൗണ്ടി’ൽ വീണ്ടുമിറങ്ങും.
കേരളത്തെ ജയിപ്പിക്കാൻ മാത്രമല്ല, വിദർഭയിൽ നിന്നു തന്നെ അപമാനിച്ചു പറഞ്ഞുവിട്ടതിനു വ്യക്തിപരമായി കണക്കുതീർക്കാൻ കൂടി വേണ്ടി. സ്വയം തോൽവി സമ്മതിക്കുന്നതു വരെ ആരും തോറ്റവരല്ലെന്നതിന് സർവതെയെക്കാൾ മികച്ച ഉദാഹരണമില്ല. 10 വർഷത്തോളം വിദർഭയ്ക്കു കളിച്ച്, 250 വിക്കറ്റും 2 രഞ്ജി കിരീടങ്ങളും ടീമിനു സമ്മാനിച്ചയാളായിട്ടും കഴിഞ്ഞ വർഷം സർവതെയ്ക്കു ടീം വിടേണ്ടി വന്നതു ശുഭകരമായല്ല.
കഴിഞ്ഞ രഞ്ജി ഫൈനലിൽ പുറംവേദന അലട്ടിയ സർവതെയ്ക്കു മത്സരത്തിൽ ശോഭിക്കാനായിരുന്നില്ല. ‘അദ്ദേഹം എന്തിനാണു കളിക്കുന്നത്’ എന്നു ടീം ഒഫീഷ്യൽസിലൊരാൾ പരസ്യമായി പ്രതികരിച്ചതും സർവതെയെ വേദനിപ്പിച്ചു.
9 ഓവർ സ്പെല്ലിനിടെ 53 ഡോട് ബോളുകളെറിഞ്ഞു വിസ്മയം സൃഷ്ടിച്ച അതേ സീസണിൽ തന്നെയാണ് ഒരു മത്സരത്തിൽ മങ്ങിയതിന്റെ പേരിൽ സർവതെ നിഷ്കരുണം വിമർശിക്കപ്പെട്ടത്. ടീമിൽ നിന്നു പുറത്താക്കപ്പെട്ടുവെന്നു പോലും സൂചനയുള്ളൊരു വിടവാങ്ങലുമായി നാഗ്പുരിൽ നിന്നു കേരളത്തിലെത്തിയ സർവതെ, ഈ സീസണിൽ 30 വിക്കറ്റുകൾ കേരളത്തിനു വേണ്ടി നേടി. 35–ാം വയസ്സിലും ഓൾറൗണ്ട് മികവു നിലനിർത്തുകയും ചെയ്യുന്നു.