സാക്ഷാൽ ധോണിയെ ക്യാപ്റ്റനാക്കിയാലും ഈ പാക്ക് ടീമിനെക്കൊണ്ട് ഒന്നും നടക്കില്ല, ടീം പ്രഖ്യാപിച്ച അന്നേ തോറ്റു: സന മിർ

Mail This Article
ഇസ്‌ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിയിൽനിന്ന് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഏറ്റുവാങ്ങിയതിനു പിന്നാലെ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനും സിലക്ടർമാർക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ താരം സന മിർ. ചാംപ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾത്തന്നെ പാക്കിസ്ഥാന്റെ എല്ലാ സാധ്യതകളും അവസാനിച്ചിരുന്നതായി സന മിർ തുറന്നടിച്ചു. ഈ പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി സാക്ഷാൽ എം.എസ്. ധോണിയെയോ യൂനിസ് ഖാനെയോ നിയോഗിച്ചാൽ പോലും ഫലമുണ്ടാകാൻ സാധ്യതയില്ലെന്നും സന മിർ പറഞ്ഞു. പാക്കിസ്ഥാൻ വനിതാ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ സന, നിലവിൽ കമന്റേറ്ററാണ്. ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ പാക്കിസ്ഥാനായി 120 ഏകദിനങ്ങളും 106 ട്വന്റി20 മത്സരങ്ങളും കളിച്ചു.
‘‘ഇന്ത്യയ്‌ക്കെതിരായ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സുഹൃത്തിന്റെ മെസേജ് വന്നു. 100 റൺസുള്ള സമയത്ത് രണ്ടാം വിക്കറ്റ് വീണപ്പോൾ, ‘ഇത് ഏറെക്കുറെ തീർന്ന മട്ടാണ്’ എന്നായിരുന്നു മെസേജ്. ഞാൻ ആ സുഹൃത്തിന് ഇങ്ങനെ മറുപടി അയച്ചു. ‘അല്ല, ടീം പ്രഖ്യാപിച്ചപ്പോൾത്തന്നെ എല്ലാം തീർന്നിരുന്നു’. ഇപ്പോഴത്തെ ടീമിൽ അംഗങ്ങളായ 15 പേരെ പ്രഖ്യാപിച്ച ദിവസം തന്നെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ പകുതി പാക്കിസ്ഥാൻ തോറ്റിരുന്നു എന്നതാണ് വാസ്തവം’ – സന മിർ പറഞ്ഞു.
ഈ ടീമിനെ വച്ച് ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനു പോലും കിരീടം നേടാൻ സാധിക്കില്ലെന്ന് സന മിർ തുറന്നടിച്ചു. ‘‘സാക്ഷാൽ എം.എസ്. ധോണിയെയോ യൂനിസ് ഖാനെയോ ഈ ടീമിന്റെ ക്യാപ്റ്റനാക്കി നോക്കൂ. ഒന്നും സംഭവിക്കില്ല. പാക്കിസ്ഥാനിലെ പിച്ചുകൾക്ക് അനുയോജ്യമായ ടീമായിരുന്നില്ല ഇത്. മുഹമ്മദ് ഹഫീസ് പറഞ്ഞതുപോലെ, ഒരു മത്സരം ദുബായിലാണ് നടക്കുകയെന്ന് നമുക്ക് അറിയാമായിരുന്നു. അവിടെ കളിക്കുന്നതിന് രണ്ട് പാർട്ട് ടൈം സ്പിന്നർമാരുമായിട്ടാണോ പോകേണ്ടത്? അബ്റാർ അഹമ്മദിന് ഏകദിന ഫോർമാറ്റിൽ അത്ര പരിചയസമ്പത്തില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അബ്‌റാർ നേടിയത് വെറും രണ്ടു വിക്കറ്റ് മാത്രമാണെന്നും മറക്കരുത്’ – സന ചൂണ്ടിക്കാട്ടി.
മുഹമ്മദ് ഹാരിസിനെ ഉൾപ്പെടെ ഒഴിവാക്കിയ സിലക്ടർമാരുടെ തീരുമാനത്തെയും സന മിർ ചോദ്യം ചെയ്തു. ‘‘നമ്മൾ കളിക്കാരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് പറയും. അക്കാര്യത്തിൽ പാക്കിസ്ഥാൻ ടീമിലെ തന്നെ ഒന്നാമനാണ് മുഹമ്മദ് ഹാരിസ്. വെസ്റ്റിൻഡീസിനെതിരായ ഏതാനും മത്സരത്തിൽ തിളങ്ങിയില്ലെന്ന കാരണത്താൽ സിലക്ടർമാർ അദ്ദേഹത്തെ തഴഞ്ഞു. ഇതാണ് സിലക്ടർമാരുടെ സമീപനമെങ്കിൽ കളിക്കാർക്ക് എങ്ങനെയാണ് സ്വാതന്ത്ര്യത്തോടെ കളിക്കാനാകുക?’ – സന ചോദിച്ചു.
അതേസമയം, ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം മുതൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ഒട്ടേറെ വെല്ലുകളികളിലൂടെയാണ് കടന്നുപോയത്. ടൂർണമെന്റിനു മൻപേ സയിം അയൂബ് പരുക്കേറ്റ് പുറത്തായി. ആദ്യ മത്സരം കളിച്ചതിനു പിന്നാലെ ഫഖർ സമാനും പരുക്കിന്റെ പിടിയിലായി. വലിയ പ്രതീക്ഷകളുമായി എത്തിയ ഷഹീൻ അഫ്രീദി – നസീം ഷാ – ഹാരിഷ് റൗഫ് പേസ് ത്രയം പൂർണമായും നിരാശപ്പെടുത്തി. പാർട്ട് ടൈം സ്പിന്നർമാരെ ആശ്രയിക്കാനുള്ള തീരുമാനവും തിരിച്ചടിച്ചു.