വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ; പിന്നിൽനിന്നും തിരിച്ചടിച്ച് കൊളംബിയയെ വീഴ്ത്തി (2–1)
Mail This Article
റിയോ ഡി ജനീറോ∙ നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായ മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് കൊളംബിയയെ വീഴ്ത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോളിൽ മുന്നോട്ട്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തിയത്. കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. പകരക്കാരൻ താരം റോബർട്ടോ ഫിർമിനോ (78), കാസിമീറോ (90+10) എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. കൊളംബിയയുടെ ഏക ഗോൾ ലൂയിസ് ഡയസ് നേടി.
തുടർച്ചയായ മൂന്നാം ജയത്തോടെ ഒൻപതു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. നാലു മത്സരങ്ങളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ആദ്യപകുതിയിൽ ലൂയിസ് ഡയസിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളിൽ മുന്നിലെത്തിയ കൊളംബിയ, പിന്നീടങ്ങോട്ട് ഉറച്ച പ്രതിരോധത്തിലൂടെ ബ്രസീലിനെ വിറപ്പിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ കൊളംബിയൻ ഗോൾമുഖത്ത് ഗോളിനായി പരതി നടന്ന ബ്രസീലിനെ ഞെട്ടിച്ചാണ് 10–ാം മിനിറ്റിൽ ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി ലൂയിസ് ഡയസ് ടീമിന് ലീഡ് സമ്മാനിച്ചത്. കൊളംബിയൻ ബോക്സിൽനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ പന്ത് വലതുവിങ്ങിൽ യുവാൻ ക്വാഡ്രഡോയ്‌ക്ക്. പന്ത് കാലിൽക്കൊരുത്ത് ക്വാഡ്രഡോ ബ്രസീൽ ബോക്സിലേക്ക് അയച്ച ക്രോസിൽ ഓടിയെത്തിയ ലൂയിസ് ഡയസ് പുറംതിരിഞ്ഞ് ബൈസിക്കിൾ കിക്കിലൂടെ കാൽവച്ചു. പന്ത് നേരെ വലയിൽ. സ്കോർ 1–0.
ആദ്യ ഗോൾ വീണതിനു ശേഷം കടുത്ത പ്രതിരോധവുമായി കൊളംബിയൻ താരങ്ങൾ സ്വന്തം ബോക്സിനു ചുറ്റും കോട്ട കെട്ടിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം വിഫലമായി. സൂപ്പർതാരം നെയ്മറിന്റെ നേതൃത്വത്തിൽ ആക്രമിച്ചു കളിച്ചെങ്കിലും ബ്രസീലിന്റെ മുന്നേറ്റങ്ങളെല്ലാം കൊളംബിയൻ ബോക്സിനുള്ളിൽ നിർജീവമായി. രണ്ടാം പകുതിയിൽ ബ്രസീലിന് ലഭിച്ച സുവർണാവസരം നെയ്മർ പോസ്റ്റിലിടിച്ച് പാഴാക്കിയതോടെ ഇത് കൊളംബിയയുടെ ദിനമാണെന്ന തോന്നലുയർന്നു.
എന്നാൽ, വിവാദത്തിന്റെ അകമ്പടിയോടെ പകരക്കാരൻ താരം റോബർട്ടോ ഫിർമിനോ 78–ാം മിനിറ്റിൽ നേടിയ ഗോൾ ബ്രസീലിന് ഭാഗ്യം കൊണ്ടുവന്നു. റെനാൻ ലോധിയുടെ പാസിൽനിന്ന് ഹെഡറിലൂടെ ഫിർമിനോ ഗോൾ നേടിയെങ്കിലും, അതിനു മുൻപ് നെയ്മറിന്റെ ക്രോസ് റഫറിയുടെ ദേഹത്തുതട്ടി തെറിച്ചിരുന്നു. ഇതിനെതിരെ കൊളംബിയൻ താരങ്ങൾ പ്രതിഷേധം ഉയർത്തിയതാണ് മത്സരം നാടകീയമാക്കിയത്.
വിശദമായ ‘വാർ’ പരിശോധനയ്‌ക്കൊടുവിൽ റഫറി ഗോൾ അനുവദിച്ചെങ്കിലും കൊളംബിയ താരങ്ങൾ ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നത് മത്സരത്തിൽ കല്ലുകടിയായി. ഒടുവിൽ ഒരുവിധത്തിൽ കൊളംബിയൻ താരങ്ങളെ അനുനയിപ്പിച്ചാണ് റഫറിക്ക് മത്സരം തുടരാനായത്. താരങ്ങൾ അടങ്ങിയിട്ടും കളത്തിനു പുറത്ത് പ്രതിഷേധം തുടർന്ന കൊളംബിയൻ സ്റ്റാഫ് അംഗത്തെ റഫറി ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി. ഫിർമിനോയുടെ ഹെഡർ അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ഒസ്‌പിനയ്ക്ക് അതിനു സാധിക്കാതെ വന്നതും ബ്രസീലിന് ഭാഗ്യമായി.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ബ്രസീലിന്റെ വിജയഗോൾ പിറന്നത്. നീണ്ട തർക്കങ്ങൾ കാരണം രണ്ടാം പകുതിക്ക് 10 മിനിറ്റ് നീണ്ട ഇൻജറി ടൈമാണ് അനുവദിച്ചിരുന്നത്. ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് വിജയഗോൾ കൊണ്ടുവന്നത്. കിക്കെടുത്ത നെയ്മർ ഉയർത്തിവിട്ട പന്ത് കൊളംബിയ ബോക്സിനുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന കാസിമീറോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. ക്ലോസ് റേഞ്ചിൽനിന്നുള്ള കാസിമിറോയുടെ ഹെഡറിന് കൊളംബിയൻ ക്യാപ്റ്റൻ ഒസ്പിനയ്ക്ക് മറുപടിയുണ്ടായില്ല.
English Summary: Brazil vs Colombia, Copa America 2021 Match, Live