സ്റ്റേഷന് മുൻപിൽ താരങ്ങളുടെ കട്ടൗട്ടുകളുമായി പൊലീസുകാർ: ‘ഫുട്ബോളാണ് ലഹരി’
Mail This Article
കൊച്ചി∙ നാടെങ്ങും ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങുമ്പോൾ തിരക്കു പിടിച്ച ജോലിക്കിടയിലും ലോകകപ്പ് ആവേശത്തിൽ പങ്കാളികളായി കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും. മൂന്നു സൂപ്പർതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളാണ് സ്റ്റേഷനു മുന്നിലായി പൊലീസുകാർ സ്ഥാപിച്ചിരിക്കുന്നത്. ഒരുപക്ഷെ പൊലീസ് വക ഫാൻസ് അസോസിയേഷനും കട്ടൗട്ടുകളും ആദ്യമായിട്ടാകും. അതുകൊണ്ടു തന്നെ ഇവ സ്ഥാപിക്കുന്നതിൽ മേലുദ്യോഗസ്ഥരിൽ നിന്ന് അനുമതി തേടിയിട്ടാണ് ഇവ സ്ഥാപിച്ചതെന്നു പൊലീസുകാർ പറയുന്നു. തിരക്കു പിടിച്ച ജോലിക്കിടയിലും ലോകക്കപ്പ് ആവേശത്തിൽ പങ്കാളികളാകുന്നതിൽ ആഹ്ലാദമുണ്ടെന്നു ഉദ്യോഗസ്ഥർ പറയുന്നു.
നെയ്മറും റൊണാൾഡോയും മെസിയുമാണ് നിലവിൽ കട്ടൗട്ടുകളായുള്ളത് . ജർമനിക്കും ഇംഗ്ലണ്ടിനും സൗദിക്കുമെല്ലാം ആരാധകരുണ്ടെന്നു പൊലീസുകാർ പറയുന്നു. ഓരോ താരങ്ങളുടെ പേരിലും വാട്സാപ് ഗ്രൂപ്പുണ്ടാക്കി നൂറും ഇരുനൂറും രൂപ വീതം പിരിച്ചാണ് പണം കണ്ടെത്തിയത്. ആരാധകരുടെ എണ്ണം കുറവുള്ള താരങ്ങളുടെ കട്ടൗട്ടു വയ്ക്കാൻ പണം തടസമായതുകൊണ്ടു വച്ചില്ലെന്നും ചില പൊലീസുകാർ പറയുന്നു.
രാസ ലഹരി ഉപയോഗങ്ങളും കുറ്റകൃത്യവും പെരുകുമ്പോൾ അതിൽ നിന്നു മാറി കായിക ചിന്തകളിലേക്കു തലമുറയെ കൊണ്ടുവരുന്നതു ലക്ഷ്യമിട്ടാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നു സ്ഥലം ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറയുന്നു. അതുകൊണ്ടു തന്നെ മേലുദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായില്ല. ഫുട്ബോളാണ് ലഹരി എന്ന സന്ദേശം പകർന്നു നൽകുന്നതാണ് ലക്ഷ്യം. കാലികമായി ഇത്തരത്തിൽ വരുന്ന ആഘോഷങ്ങളിക്കും മേളകളിലേക്കും യുവത്വത്തെ ആകർഷിക്കുന്നതിലൂടെ ലഹരി ഉപയോഗത്തിൽ നിന്നു പിന്തിരിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നു പൊലീസ് പറയുന്നു.
English Summary: Police fan associations and cutouts