തൃശൂർക്കാരൻ തീപ്പൊരി! വിബിൻ മോഹനൻ ഇന്ത്യൻ അണ്ടർ 23 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു
Mail This Article
കൊച്ചി∙ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹനനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്നു പറഞ്ഞ ഐ.എം.വിജയൻ കാത്തിരിക്കുന്നത് അഡ്രിയൻ ലൂണയുടെ തിരിച്ചുവരവിനാണ്. യുറഗ്വായിൽനിന്നുള്ള ലൂണയും തൃശൂരുകാരൻ വിബിനും ഒന്നിച്ചുള്ള മധ്യനിര ‘വേറെ ലെവൽ’ ആകുമെന്നാണു വിജയന്റെ പക്ഷം. ലൂണയുടെ അഭാവത്തിൽ മഞ്ഞപ്പടയുടെ മധ്യത്തിൽ തീ പാറിച്ച ഇരുപത്തിയൊന്നുകാരൻ ഈ ഐഎസ്എൽ സീസണിലെ യുവതാരോദയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. മോഹൻ ബഗാനെതിരായ മത്സരത്തിൽ ഐഎസ്എലിലെ ആദ്യ ഗോൾ പേരിൽ കുറിച്ച വിബിൻ ഇനി ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ജഴ്സിയിൽ ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ക്യാപിലേക്കു തിരഞ്ഞെടുക്കപ്പെട്ട 5 മലയാളികളിലൊരാളായ വിബിൻ ‘മനോരമ’യോടു സംസാരിക്കുന്നു.
മറക്കില്ല, ആ ഗോൾ
ബഗാനെപ്പോലെ വലിയൊരു ടീമിനെതിരെ സ്വന്തം ഗ്രൗണ്ടിൽ ലീഗിലെ ആദ്യ ഗോൾ നേടാനായതിൽ സന്തോഷമേറെ. ഒരിക്കലും മറക്കില്ല ആ നിമിഷം. ആ മത്സരത്തിൽ ടീം തിരിച്ചുവരുമെന്നു തോന്നിപ്പിച്ച ഗോളായതിന്റെ ആവേശമായിരുന്നു അപ്പോൾ.
ടേണിങ് പോയിന്റ്
അണ്ടർ 15 ഘട്ടം മുതൽ ബ്ലാസ്റ്റേഴ്സിൽ. മലപ്പുറത്തെ എംഎസ്പി സ്കൂളിലായിരുന്നപ്പോഴാണു സിലക്‌ഷൻ കിട്ടിയത്. അതാണു കരിയർ മാറ്റിയതും. അന്ന് ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഈയൊരു തലത്തിൽ എത്തില്ലായിരുന്നു.
ലക്ഷ്യം അരികെ
ഇന്ത്യൻ ടീമിൽ കളിക്കുകയെന്നതു കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന ലക്ഷ്യമാണ്. പടിപടിയായി ഇവിടം വരെയെത്തി.
യൂറോപ്പിലെ പാഠം
ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രീറ്റിനൊപ്പം ബ്ലാസ്റ്റേഴ്സ് ഒരു മാസം പരിശീലനത്തിന് അയച്ചത് കളിയിൽ ഗുണം ചെയ്തു.സ്പീഡിലും ക്വാളിറ്റിയിലും ഫിസിക്കലിലുമെല്ലാം നമ്മുടെ ഗെയിമുമായി വ്യത്യാസമേറെ. ആ പരിശീലനം എന്റെ ടെക്നിക്കിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തയാറെടുപ്പിലും വിശ്രമത്തിലുമെല്ലാം യൂറോപ്യൻ താരങ്ങൾ പിന്തുടരുന്ന രീതികൾ മനസ്സിലാക്കി. ചിലതെല്ലാം ഞാൻ പിന്തുടരുന്നുമുണ്ട്.
ഇഷ്ടതാരമില്ല !
ഫേവറിറ്റ് എന്നു പറയാനൊരു താരമില്ല. എന്റെ പൊസിഷനായതുകൊണ്ട് മിഡ്ഫീൽഡർമാരെ കാര്യമായി ശ്രദ്ധിക്കാറുണ്ട്. ടിവിയിൽ പ്രിമിയർ ലീഗും എൽ ക്ലാസിക്കോയുമൊക്കെപ്പോലെ വലിയ മത്സരങ്ങൾ കാണുമ്പോൾ മധ്യത്തിലാകും എന്റെ കണ്ണുകൾ.
സ്വന്തം ശൈലിയില്ല !
സ്ഥിരമായൊരു പ്ലേയിങ് സ്റ്റൈലൊന്നുമില്ല. കളിയുടെ സാഹചര്യം അനുസരിച്ചാകും ശൈലി. ചിലപ്പോൾ പ്രസിങ്. ചിലപ്പോൾ ലോ ബ്ലോക്ക്. പരിശീലകരെ ആശ്രയിച്ചും ഇതു മാറും. ഇവാനു കീഴിലാണു ഹൈപ്രസിങ് പിന്തുടരുന്നത്. ഇതിനു മുൻപ് ആ രീതിയിൽ കളിച്ചിട്ടുമില്ല.