ആർപ്പോ ഈ ഡ്രോ! ടോപ് സ്കോററായി ഡയമെന്റകോസ്
Mail This Article
ഇരുമ്പയിരു പോലും ഉരുക്കാൻ ശേഷിയുള്ള ജംഷഡ്പുരിലെ ‘ഫർണസി’ൽ ജയിച്ചു ജ്വലിക്കാനായില്ലെങ്കിലും സമനിലയുമായി പുറത്തു കടന്ന് കേരള ബ്ലാസ്റ്റേഴ്സ്. പ്രതീക്ഷയോടെ ‘സ്റ്റീൽ സിറ്റി’യിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിക്കെതിരെ നേടിയ 1–1 സമനിലയോടെ 6 ടീമുകൾ കളിക്കുന്ന ഐഎസ്എൽ പ്ലേഓഫ് റൗണ്ട് ഏറക്കുറെ ഉറപ്പിച്ചു.
23–ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ 45–ാം മിനിറ്റിൽ ഹവിയർ സിവേറിയോ നേടിയ മറുപടി ഗോളിലൂടെയാണു ജംഷഡ്പൂർ സമനിലയിൽ പിടിച്ചത്. 13–ാം ഗോളുമായി ഗ്രീക്ക് ഫോർവേഡ് ഡയമന്റകോസ് ടൂർണമെന്റ് ടോപ്സ്കോററായി ഉയർന്നത് സമനിലയുടെ നേരിയ നിരാശയിലും ബ്ലാസ്റ്റേഴ്സിനു സന്തോഷമായി.
കാണാനിരുന്നത് ‘നിജം’
കൊച്ചിയിൽ നിന്ന് ഏതാണ്ട് രണ്ടായിരം കിലോമീറ്റർ ദൂരെ ജംഷഡ്പുരിലേക്കു വിമാനത്തിലും ബസിലുമായി 12 മണിക്കൂർ നീണ്ട യാത്ര കഴിഞ്ഞെത്തിയതിന്റെ ക്ഷീണം മൈതാനത്തു പ്രതിഫലിക്കുന്ന വിധമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ഹൈ പ്രസിങ് ശീലിച്ച ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിനെ കാഴ്ചക്കാരാക്കി ആദ്യ 20 മിനിറ്റിൽ കണ്ടത് ജംഷഡ്പുരിന്റെ ‘അൾട്രാ’ ഹൈ പ്രസിങ്. മിഡ്ഫീൽഡർ റേയ് താച്ചിക്കാവയും മലയാളി ഫോർവേഡ് മുഹമ്മദ് സനാനും ചേർന്നു ടോപ് ഗീയറിലേക്കു കളി മാറ്റിയപ്പോൾ ഇടതുവിങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്കൊരു ഹൈവേ രൂപപ്പെട്ടു. എന്നാൽ, അതുവരെ കണ്ടതെല്ലാം ‘പൊയ്’ ആണെന്നും കാണാൻ പോകുന്നതാണു ‘നിജം’ എന്നു വ്യക്തമായത് 23–ാം മിനിറ്റിൽ. വലതു വിങ്ങിൽ നിന്നു ബോക്സിനു മുന്നിലേക്കു കെ.പി. രാഹുൽ നീട്ടിനൽകിയ പന്ത് സ്വീകരിച്ച ജസ്റ്റിൻ ഇമ്മാനുവൽ കണ്ണുംപൂട്ടിയടിച്ച ഷോട്ട് ഗതിമാറിയെത്തിയത് ‘നല്ല’ ആളുടെ കാലിൽ. കളരിമുറയ്ക്കു സമാനമായൊന്നു വെട്ടിയൊഴിഞ്ഞ ശേഷം ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇടംകാലൻ ഷോട്ട്. 13–ാം വ്യക്തിഗത ഗോളുമായി ടൂർണമെന്റ് ടോപ്സ്കോറർ പദവിയും ആരാധകരുടെ പ്രതീക്ഷയും ദിമിയുടെ കാലിൽ. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് ജംഷഡ്പുരിന്റെ വകയായി ഒരു സർപ്രൈസ് എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ഹാഫിൽ ഒഴിഞ്ഞു കിടന്ന ഭാഗത്തേക്കു സെന്റർ ഫോർവേഡ് ഹവിയർ സിവേറിയോയെ ലാക്കാക്കി എൽസീഞ്ഞോയുടെ ലോങ്ബോൾ. ബോക്സിനു നടുവിൽ നിന്ന് സിവേറിയോയുടെ വലംകാലൻ ഷോട്ട്. കരൺജീത്ത് സിങ്ങിന്റെ ഗ്ലൗസിനു നടുവിലൂടെ ചോർന്നൊഴുകിയ പന്ത് വലയിൽ (1–1).
തോൽക്കാതിരിക്കാൻ
രണ്ടാം പകുതിയിൽ ഇരുടീമും തോൽക്കാതിരിക്കാൻ പൊരുതിയതോടെ സമനില മണത്തു. കെ.പി. രാഹുലിന്റെ രണ്ടു ഗോൾശ്രമങ്ങൾ പാഴായെങ്കിലും പകരക്കാരനായി പിന്നാലെയെത്തിയ സൗരവ് മണ്ഡലും ഇഷാൻ പണ്ഡിതയും ഡയമന്റകോസിലേക്കു പന്തെത്തിക്കാൻ പൊരുതി. ജംഷഡ്പുരിനു വേണ്ടി പകരക്കാരനായിറങ്ങിയ അണ്ടർ 17 ലോകകപ്പ് ഹീറോ കോമൾ തട്ടാലിന്റെ ‘സോളോ പെർഫോമൻസ്’ ആണു പിന്നീടു മൈതാനം കണ്ടത്. കോമളിന്റെ 2 ഉജ്വല മുന്നേറ്റങ്ങൾ ഗോളിലെത്താതെ പോയതു ബ്ലാസ്റ്റേഴ്സിനു രക്ഷയായി.
കഴിഞ്ഞ മത്സരങ്ങളിൽ അവസാന 15 മിനിറ്റുകളിൽ 9 വട്ടം ഗോളടിച്ച തന്ത്രം ജംഷഡ്പുർ പുറത്തെടുക്കുന്നതാണു വീണ്ടും കണ്ടത്. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് കൂട്ടത്തോടെ ആർത്തുകയറി ജംഷഡ്പുർ മുന്നേറ്റനിരയ്ക്ക് ഡയമന്റകോസ് – ചെർനിച് ത്രയത്തിലൂടെ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. 87–ാം മിനിറ്റിൽ സൗരവ് മണ്ഡൽ നീട്ടിനൽകിയ പാസ് വലംകാലിലെടുത്ത് തൊടുത്ത ഫിയദോർ ചെർണിച്ചിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു പുറത്തേക്കു പോയതു ശ്വാസമടക്കിപ്പിടിച്ചാണു കാണികൾ കണ്ടത്.