ജീക്സനും നവോച്ചയ്ക്കും റെഡ് കാർഡ്, നാലടിച്ച് ഈസ്റ്റ് ബംഗാളിന്റെ ആഘോഷം; ബ്ലാസ്റ്റേഴ്സിന് എട്ടാം തോൽവി
Mail This Article
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്തുവിട്ട് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൻ സിങ്ങും നവോച്ച സിങ്ങും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഒൻപതു പേരുമായാണ് മഞ്ഞപ്പട മത്സരം പൂർത്തിയാക്കിയത്. ഈസ്റ്റ് ബംഗാളിനായി സൗൾ ക്രെസ്പോയും നവോറം മഹേഷ് സിങ്ങും രണ്ടു ഗോൾ വീതം നേടി. 50, 71 മിനിറ്റുകളിലായിരുന്നു ക്രെസ്പോയുടെ ഗോളുകൾ.
82,87 മിനിറ്റുകളിൽ നവോറം മഹേഷ് സിങ്ങും ലക്ഷ്യം കണ്ടു. 23–ാം മിനിറ്റിൽ ഫെഡോർ ചെർണിച്ചാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 84–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ഹിജാസി മഹെറിന്റെ സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. 45-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരത്തെ ഫൗൾ ചെയ്തതോടെ ജീക്സൻ സിങ് രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തായതു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.
രണ്ടാം പകുതിയിൽ പന്തിനായുള്ള പോരാട്ടത്തിനിടെ ഈസ്റ്റ് ബംഗാൾ താരം അമനെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതിന് നവോച്ച സിങ്ങും ചുവപ്പു കാർഡ് കണ്ടു. 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനക്കാരായി നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. അഞ്ചാം വിജയം സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ 21 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ശനിയാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.