ഇൻജറി ടൈമിൽ 2 ഗോൾ; യുണൈറ്റഡിനെതിരെ ചെൽസിക്ക് ജയം (4–3)
Mail This Article
ലണ്ടൻ ∙ കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ കോൾ പാമറിന്റെ 2 ഗോളുകൾ; തോറ്റു എന്നു കരുതിയിരുന്ന ചെൽസി ആരാധകർക്ക് അപ്രതീക്ഷിതമായി കോളടിച്ച പോലെയായി! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിയുടെ ജയം 4–3ന്. മത്സരത്തിൽ ഇംഗ്ലിഷ് താരം കോൾ പാമർ ഹാട്രിക് നേടി.
19–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയ പാമർ പിന്നീട് ഇൻജറി ടൈമിന്റെ 10,11 മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്. 4–ാം മിനിറ്റിൽ കോണർ കല്ലഗറുടെ ഗോളിലൂടെ ലീഡ് എടുത്ത ചെൽസി കളി 20 മിനിറ്റായപ്പോഴേക്കും 2–0നു മുന്നിലായിരുന്നു.
എന്നാൽ അലെയാന്ദ്രോ ഗർനാച്ചോയുടെ ഇരട്ടഗോളിലും (34,67 മിനിറ്റുകൾ) ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിലും തിരിച്ചടിച്ച യുണൈറ്റഡ് 3–2ന് ജയമുറപ്പിച്ചു നിൽക്കവെയായിരുന്നു സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ ചെൽസി താരം പാമറുടെ ഇരട്ടപ്രഹരം. പോയിന്റ് പട്ടികയിൽ യുണൈറ്റഡ് 6–ാം സ്ഥാനത്തും (48 പോയിന്റ്) ചെൽസി (43) പത്താമതുമാണ്. ഷെഫീൽഡ് യുണൈറ്റഡിനെ 3–1നു തോൽപിച്ച ലിവർപൂൾ 70 പോയിന്റോടെ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
ഡാർവിൻ നുനസ് (17–ാം മിനിറ്റ്), അലക്സിസ് മക്കാലിസ്റ്റർ (76), കോഡി ഗാക്പോ (90) എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ആർസനൽ (68 പോയിന്റ്), മാഞ്ചസ്റ്റർ സിറ്റി (67) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.