ദിമിത്രി ഡയമന്റകോസിന് ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്സി ടീമുകളിൽനിന്ന് ഓഫർ ലഭിച്ചതായി അഭ്യൂഹം
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് ക്ലബ് വിടുന്നു. നാളുകളായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് അദ്ദേഹം തന്നെയാണു സാമൂഹിക മാധ്യമത്തിലൂടെ വേർപിരിയൽ വാർത്ത പങ്കിട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്ന്:
‘‘നിർഭാഗ്യവശാൽ, ആവേശകരമായ സാഹസികതയും അനുഭവങ്ങളും നിറഞ്ഞ 2 അത്ഭുതകരമായ കേരള വർഷങ്ങൾ അവസാനിച്ചു. ടീമെന്ന നിലയിൽ ഒരുമിച്ചു സ്നേഹത്തോടെ പങ്കുവച്ച നിമിഷങ്ങൾ പ്രകടിപ്പിക്കാൻ എനിക്കു വാക്കുകളില്ല. ആരാധകരിൽനിന്ന് ആദ്യ ദിവസം മുതൽ എനിക്കു ലഭിച്ച തുടർച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയം! നന്ദി. ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും, നിങ്ങൾക്ക് ആശംസകൾ നേരുന്നു!’’
ഇനി എങ്ങോട്ട്?
സൂപ്പർ താരം അഡ്രിയൻ ലൂണ, ഡയമന്റകോസ് എന്നിവരിൽ ഒരാളെ മാത്രമേ നിലനിർത്താൻ ക്ലബ് മാനേജ്മെന്റ് താൽപര്യപ്പെടുന്നുള്ളൂ എന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണു ദിമിയുടെ വിടവാങ്ങൽ. 2027 വരെ ടീമിൽ തുടരാൻ ലൂണ കഴിഞ്ഞ ദിവസം കരാർ ഒപ്പുവച്ചിരുന്നു. കൂടുതൽ പ്രതിഫലം നൽകി ടീമിൽ നിലനിർത്താനുള്ള സാധ്യത മങ്ങിയതോടെയാണ് ദിമി ടീം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നാണു സൂചന. ഈ മാസം 31 വരെയാണു ബ്ലാസ്റ്റേഴ്സുമായുള്ള കരാർ. അതേസമയം, അദ്ദേഹം മറ്റേതെങ്കിലും ഐഎസ്എൽ ടീമിലേക്കു പോകുമോയെന്നു വ്യക്തമല്ല. ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫർ ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതിനായി ദിമി യൂറോപ്പിലേക്കു മടങ്ങാനുള്ള സാധ്യതകളും ബാക്കി.
ക്ലബ്ബിന്റെ ടോപ്സ്കോറർ
വെറും രണ്ടു സീസൺ മാത്രം ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ ദിമി മടങ്ങുന്നതു ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച സ്കോറർ എന്ന ഖ്യാതിയുമായാണ്; 28 ഗോളുകൾ. ഈ സീസണിൽ ഏതാനും മത്സരങ്ങളിൽ പരുക്കുമൂലം പുറത്തിരിക്കേണ്ടി വന്നിട്ടും 13 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും നേടിയാണു മടക്കം. നൈജീരിയൻ സൂപ്പർ താരം ബെർത്തലോമിയോ ഒഗ്ബെച്ചെയാണു ബ്ലാസ്റ്റേഴ്സ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത്. ഒരേയൊരു സീസണിൽ കളിച്ച അദ്ദേഹം കുറിച്ചതു 15 ഗോളുകൾ. ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിയും ഹൃദയവുമായ ലൂണയുമുണ്ട് ഒപ്പം; 15 ഗോളുകൾ.