ആറു വിദേശതാരങ്ങൾ ഉൾപ്പെടെ 27 അംഗ സ്ക്വാഡ്; സൂപ്പർ ലീഗ് കേരളയ്ക്ക് മലപ്പുറം എഫ്സി തയാർ
Mail This Article
മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മത്സരിക്കുന്ന മലപ്പുറം എഫ്സിയുടെ ലോഞ്ചിങ് പ്രമുഖ വ്യവസായി എം.എ.യൂസഫലി നിർവഹിച്ചു. മലപ്പുറം എംഎസ്പി മൈതാനിയിൽ ആയിരക്കണക്കിനു ഫുട്ബോൾ ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആറു വിദേശതാരങ്ങൾ ഉൾപ്പെടെ 27 അംഗ സ്ക്വാഡാണ് പ്രഥമ എസ്എൽകെയിൽ മലപ്പുറം എഫ്സിക്കായി കച്ചമുറുക്കുന്നത്.
മുൻ ഐഎസ്എൽ താരം അനസ് എടത്തൊടികയും മുൻ സന്തോഷ് ട്രോഫി താരങ്ങളായ ഫസലുറഹ്മാൻ, ഇ.കെ.റിസ്‌വാൻ അലി എന്നിവർ ഉൾപ്പെടെ 15 മലയാളി താരങ്ങളും ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ മുൻ താരം ജോൺ ചാൾസ് ഗ്രിഗറിയാണ് മുഖ്യ പരിശീലകൻ. അടുത്തമാസം 7ന് കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സ ടീമുമായാണ് മലപ്പുറം എഫ്സിയുടെ ആദ്യ പോരാട്ടം.
ടീമിന്റെ ലോഞ്ചിങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം.വിജയൻ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മലപ്പുറം എഫ്സി മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് തുടങ്ങിയവർ പങ്കെടുത്തു.