ഛേത്രിക്കൊത്ത പകരക്കാരനില്ല, 179–ാം റാങ്കിലുള്ള മൗറീഷ്യസിനെതിരെ ഗോളടിക്കാനാകാതെ ഇന്ത്യ
Mail This Article
ഹൈദരാബാദ് ∙ ഇന്ത്യൻ ഫുട്ബോളിലെ മനോലോ മാർക്കേസ് യുഗത്തിന് ഗോൾരഹിത സമനിലയോടെ തുടക്കം. ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന, ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും മൗറീഷ്യസും ഗോളടിക്കാതെ പിരിഞ്ഞു (0–0). സ്പാനിഷ് കോച്ച് മനോലോ മാർക്കേസിനു കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചതിനു ശേഷമുള്ള ആദ്യ ടൂർണമെന്റിൽ ഗോളടിക്കാൻ മറന്നാണ് ഇന്ത്യ സമനിലയുമായി മടങ്ങുന്നത്. ടൂർണമെന്റിൽ ഇന്ത്യയുടെ അടുത്ത മത്സരം സിറിയയ്ക്കെതിരെ 9ന് രാത്രി 7.30ന്.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (124) വളരെ പിന്നിലുള്ള മൗറീഷ്യസിനെതിരെ (179) ഗോൾ നേടാൻ തുടക്കം മുതൽ ഇന്ത്യ ശ്രമിച്ചെങ്കിലും മുന്നേറ്റനിരയിൽ ഛേത്രിക്കു പകരം നിൽക്കുന്നൊരു സ്ട്രൈക്കറുണ്ടായിരുന്നില്ല. മുൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കാലത്ത് അവസാന മിനിറ്റുകളിലെ എല്ലാം മറന്ന ആക്രമണശൈലി മൂലം ഗോൾ വഴങ്ങേണ്ടി വരുന്ന പതിവിനു പരിഹാരം കാണാനെന്നപോലെ അമിതപ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ തുടക്കം മുതൽ കളിച്ചത്.
കളിയുടെ ആദ്യമിനിറ്റിൽ തന്നെ മൗറീഷ്യസ് ആക്രമണം ഇന്ത്യയുടെ ഗോൾമുഖം വരെയെത്തിയെങ്കിലും ഭാഗ്യത്തിനു ഗോളായില്ല. പിന്നീടങ്ങോട്ട് പതിയെപ്പതിയെ നീക്കങ്ങൾ നെയ്തുകയറിയ ഇന്ത്യ 3–ാം മിനിറ്റ് മുതൽ ആക്രമണം തുടങ്ങി.
ആറാം മിനിറ്റിൽ ചിംഗ്ലെൻസന സിങ്ങിന്റെ ഹെഡർ ഗോളാകാതെ പോയതാണു കളിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ദൗർഭാഗ്യ നിമിഷം. 26–ാം മിനിറ്റിൽ രാഹുൽ ഭെക്കെയും ലാലിയൻസുവാല ഛാങ്തെയും ആശിഷ് റായിയും ഒന്നിച്ച നീക്കം ഫലം കാണാതെ പോയതും തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഇരുടീമുകളും സബ്സ്റ്റിറ്റ്യൂഷനുകൾക്കു മുതിർന്നെങ്കിലും പ്രതിരോധം വിട്ടൊരു കളിയില്ലെന്ന ഇന്ത്യയുടെ നിലപാടിൽ ഗോൾ അകന്നു നിന്നു. മത്സരത്തിന്റെ 65% നേരത്തും പന്തവകാശം ഇന്ത്യൻ ടീമിനായിരുന്നു. എന്നാൽ, ഗോളിലേക്കു തൊടുക്കാനായത് ഒരേയൊരു ഷോട്ട് മാത്രം. വളരെ കുറച്ചു നേരം മാത്രം പന്തു കാൽക്കലുണ്ടായിരുന്ന മൗറീഷ്യസിനും ഇന്ത്യൻ ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പായിക്കാനായി.